#രാഷ്ട്രീയം

ഇസ്രായേലേ, സ്വസ്തി; ഭീതി നിന്നോടുകൂടെ

19 Nov, 2012

ഇതു പോലെ ഒരു അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനായി ലോകം മുഴുവന്‍ കാത്തിരിക്കുന്ന വേളയിലാണ് ഇതിനു മുന്‍പ് ഇസ്രയേൽ ഗാസയെ ആക്രമിക്കുന്നത്. 2008 ഡിസംബർ - 2009 ജനുവരി കാലത്തെ ആ യുദ്ധത്തില്‍ ഇസ്രയേലി പട്ടാളം ചെയ്തു കൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളുടേയും, കെടുതികളുടേയും വിശദവും ആധികാരികവുമായ റിപോര്‍ട്ട് പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ഗോൾഡ്സ്റ്റോൺ കമ്മിഷന്‍ തന്നെ പുറത്തു വിടുകയുണ്ടായി; അതിന്മേല്‍ പതിവു പോലെ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളില്‍ ഗൗരവമായ ചര്‍ച്ചകളോ, നടപടികളോ ഒന്നും തന്നെ ഉണ്ടായില്ലെങ്കിലും. ആയിരത്തിയഞ്ഞൂറോളം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ട 'ഓപറേഷന്‍ കാസ്റ്റ് ലീഡി'ന്റെ സമയത്ത് അന്നത്തെ പ്രസിഡന്റ്-ഇലക്റ്റ് ബറാക് ഒബാമ ഇസ്രയേലിനെതിരെ ഒന്നു ശബ്ദമുയര്‍ത്തുക പോലുമുണ്ടായില്ല. ഇന്ന്, ഒബാമ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് രണ്ടാംഘട്ട അഭിഷേകത്തിനായി കാത്തിരിക്കുന്ന സമയത്തു തന്നെ ഇസ്രയേല്‍ ഒരിക്കല്‍ കൂടി ഗാസയെ ആക്രമിക്കുന്നത് യാദൃശ്ചികതയാവാന്‍ തരമില്ല.

എന്തുകൊണ്ട് യുദ്ധം?

'ഓപറേഷന്‍ കാസ്റ്റ് ലീഡ്' തത്കാലത്തേക്ക് ഹാമാസിന്റെ സൈനിക ശേഷിക്ക് പ്രഹരമേല്പിക്കുന്നതില്‍ വിജയിച്ചെങ്കിലും, ഇസ്രയേലിന്റെ മറ്റു സമീപകാല സൈനീക നീക്കങ്ങളെ പോലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. അല്ലെങ്കില്‍ ഇസ്രയേലിന് ഇപ്പോഴത്തെ യുദ്ധത്തിന്റെ ആവശ്യം തന്നെ ഉണ്ടാകുമായിരുന്നില്ല.

ഗാസയില്‍ നിന്നും ഹമാസ് അയയ്ക്കുന്ന ഹ്രസ്വദൂര റോക്കറ്റുകള്‍ ഇസ്രയേല്‍ ജനതയുടെ ശാന്തജീവിതത്തിനു തടസമാണെന്നും, ആ റോക്കറ്റ് ഇന്‍ഫ്രസ്റ്റ്രക്ചര്‍ പൂര്‍ണമായും നശിപ്പിക്കുമെന്നും പറഞ്ഞു കൊണ്ടാണ് 2008ലെ യുദ്ധം ആരംഭിക്കുന്നത്. കഷ്ടി അഞ്ചു കിലോമീറ്റര്‍ റേഞ്ചുള്ള, ഗാസയില്‍ തന്നെ നിര്‍മിക്കുന്ന ഖസം റോക്കറ്റുകളായിരുന്നു ഹാമാസിന്റെ പ്രധാന ആയുധം. വ്യോമാക്രമണവും, കരയാക്രമണവും നടത്തി ഗാസയില്‍ പരമാവധി നാശനഷ്ടം വിതച്ച് പിന്മാറുക എന്നതായിരുന്നു ഇസ്രയേലിന്റെ തന്ത്രം. തത്കാലത്തെ റോക്കറ്റു വീഴ്ചയ്ക്ക് ഇസ്രയേല്‍ അന്നു പരിഹാരം കണ്ടെങ്കിലും, 'ഹമാസിന്റെ റോക്കറ്റ് ഭീഷണി' ഇല്ലാതാക്കാന്‍ ഓപറേഷന്‍ കാസ്റ്റ് ലീഡിനായില്ല. ഇന്ന്, ഖസമിനേക്കാള്‍ മാരകമായ റോക്കറ്റുകള്‍ ഹാമാസിന്റെ കൈവശമുണ്ടെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. അതു നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപറേഷന്‍ പില്ലര്‍ ഓഫ് ഡിഫന്‍സിന് ആരംഭം കുറിക്കപ്പെട്ടിരിക്കുന്നത്.