#വിശകലനം

നോര്‍വേ - അരിമ്പാറകളും വ്രണങ്ങളും

06 Dec, 2012

നോർവേയിൽ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ വല്ലഭനേനിയും ഭാര്യ അനുപമയും അവിടത്തെ നിയമത്തിന്റെ ക്രൂരവിനോദത്തിന് ഇരയായിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ഏഴുവയസ്സുകാരൻ മകന്‍ സായ് ശ്രീറാമിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ളതാണ് കേസ്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും ശിക്ഷിക്കുന്നതും വലിയ കുറ്റമായിക്കാണുന്ന നോര്‍വേയിലെ നിയമപ്രകാരമാണ് കേസ് ശക്തമായ നിലയില്‍ എടുത്തിരിക്കുന്നത്.

ഇവിടെ ഇന്ത്യന്‍ സര്‍ക്കാരും ഇന്ത്യന്‍ മാദ്ധ്യമങ്ങളും നോര്‍വേ സര്‍ക്കാരിന്റെ നടപടികളോട് അനുകൂലഭാവമാണു പൊതുവെ പ്രകടിപ്പിച്ചുകാണുന്നത്. ചന്ദ്രശേഖരനും ഭാര്യയും ചെയ്തത് ശരിയായില്ലെന്ന മട്ടിലാണു വാര്‍ത്തകളും വന്നുകാണുന്നത്. മക്കളെയെന്താ തല്ലാനും വഴക്കുപറയാനും പാടില്ലേ എന്ന കേവലവിസ്മയത്തിന്റെ നിലവാരത്തിലല്ല, അതിനപ്പുറം, അന്താരാഷ്ട്രതലത്തില്‍ സൃഷ്ടിക്കുന്ന ചില പുകമറകളുടെ മറയത്തുനിന്നുകൊണ്ടുതന്നെ കേസിനെ അല്പം വ്യത്യസ്തമായ തലത്തില്‍ കാണേണ്ടതുണ്ടെന്നു തോന്നുന്നു.

സായിയുടെ മാതാപിതാക്കൾ അവനെ ഭീഷണിപ്പെടുത്തിയെന്ന് പറയപ്പെടുന്ന കേസ് ഒരു മൂത്രമൊഴിക്കല്‍കേസാണ്. സ്‌കൂള്‍വാനില്‍വച്ച് നിക്കറില്‍ സ്ഥിരമായി മൂത്രമൊഴിക്കുന്ന കുട്ടിയായിരുന്നു സായ്. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ സായിയുടെ അച്ഛനമ്മമാരെ അറിയിച്ചു. അവരവനെ ഇനിയും മൂത്രമൊഴിക്കല്‍പരിപാടി ആവര്‍ത്തിച്ചാല്‍ അവനെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കും എന്നു ഭീഷണിപ്പെടുത്തി. ഇതാണു കേസിന്റെ ആസ്പദസംഭവം. ഇപ്പോള്‍ നോര്‍വേ അധികൃതര്‍ പറയുന്നത്, കുട്ടിയെ മാരകമായി പരിക്കേല്പിച്ചതിന്റെ അടയാളങ്ങള്‍ കാണാനുണ്ട് എന്നാണ്.

ഈ സംഭവത്തെ ഇവിടെ പൊതുവെ കാണുന്നത്, ഇന്ത്യയിലെപ്പോലെയൊന്നും കുട്ടികളെ ഇങ്ങനെ ദ്രോഹിക്കാനോ മാനസികമായി തളര്‍ത്താനോ പരിഷ്‌കൃതാശയരായ പാശ്ചാത്യരാജ്യങ്ങള്‍ സമ്മതിക്കില്ലെന്നും അത്ര പരിഷ്‌കൃതാശയരല്ലാത്തതിനാലാണ് ഇന്ത്യക്കാര്‍ ഈ ശിക്ഷയ്ക്കു വിധേയരാകേണ്ടിവരുന്നതെന്നുമുള്ള മട്ടിലാണ്. ഇവിടെ ഒന്നു മാറിനിന്നുനോക്കാം.