#സ്ഥലങ്ങൾ

കൊച്ചീക്കാഴ്ചകള്‍

14 Feb, 2010

എറണാകുളം തുറമുഖനഗരമായതുകൊണ്ട് പണ്ടുകാലം മുതൽ തന്നെ സഞ്ചാരികൾ ഇവിടെയെത്തിയിരുന്നു. പോർച്ചൂഗീസുകാരുടെയും ഡച്ചുകാരുടെയും അധിനിവേശവും ജുതന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആഗമനവും കൊച്ചിക്ക് ഒട്ടേറെ ചരിത്രശേഷിപ്പുകള്‍ പകര്‍ന്നുനല്‍കി. പള്ളികളും വീടുകളും തെരുവുകളും ഒക്കെയായി കൊച്ചി പലതരത്തിലുള്ള സംസ്കാരത്തെ ഉള്‍കൊണ്ടു. ഓരോ തവണവും കപ്പലടുക്കുമ്പോള്‍ കൊച്ചി മാറി.

കൊച്ചിയുടെ സൌന്ദര്യം കാടിന്റെയല്ല, കടലിന്റേതാണ്. അറബിക്കടലിന്റെ റാണിയെന്ന വിളിപ്പേര് കൊച്ചിയെ എല്ലാവരിലേക്കും അടുപ്പിക്കുന്നു. മട്ടാഞ്ചേരിയിലെ ജുതത്തെരുവും ​ഫോര്‍ട്ടുകൊച്ചി ബീച്ചും മറൈൻ ഡ്രൈവും കൊച്ചിയെ നമ്മോട് അടുപ്പിക്കുന്ന ചില കൊളുത്തുകളാണ്.

മട്ടാഞ്ചേരി കൊട്ടാരം, ജൂതപ്പള്ളി, ജുതത്തെരുവ്

മട്ടാഞ്ചേരിയിലെ കൊട്ടാരം 1557ല്‍ പോര്‍ച്ചുഗീസുകാര്‍ പണിത് കൊച്ചിയിലെ അന്നത്തെ രാജാവായ രാജ വീര കേരള വര്‍മ്മയ്ക്ക് സമ്മാനിച്ചതാണ്. പിന്നീട് ഡച്ചുകാര്‍​ 1663ല്‍ ഇത് പുതുക്കിപ്പണിതു. ഇപ്പോഴിത് പോര്‍ട്രെയ്റ്റ് ഗാലറിയാണ്. ഇവിടെ മനോഹരമായ ചുവര്‍ചിത്രങ്ങളുണ്ട്. കൊച്ചിയുടെ പഴയ ഡച്ചുമാപ്പും, രാജകീയ പല്ലക്കും മറ്റ് രാജകീയ വസ്തുക്കളും ഇവിടത്തെ പ്രധാനപ്പെട്ട പ്രദര്‍ശനവസ്തുക്കളാണ്.