#സ്ഥലങ്ങൾ

ബേക്കല്‍ കോട്ടയും ചന്ദ്രഗിരി കോട്ടയും

17 Feb, 2010

കർണ്ണാടകത്തോട് തൊട്ടുകിടക്കുന്ന കാസര്‍കോട് ജില്ല ദൃശ്യസമ്പന്നമാണ്. കന്നഡ, തുളു, കൊങ്കിണി, മലയാളം തുടങ്ങി വിവിധ ഭാഷകളുടെ സങ്കലനം ഈ നാട്ടിലെ സംസാരഭാഷയിൽ കാണാം. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ മലബാറിന് അടുത്തകാലത്തായി ലഭിച്ച വര്‍ധിച്ച പരിഗണന കാസര്‍കോടിനും തുണയായി.

നീലേശ്വര്‍ ഹെര്‍മ്മിറ്റേജ്

നീലേശ്വരത്തിനടുത്ത് ഒഴിഞ്ഞവളപ്പു ബീച്ച് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്.  ശാന്തമായ അന്തരീക്ഷവും അന്താരാഷ്ട്രനിലവാരമുള്ള ഹോട്ടലുകളും ഇവിടെയെത്തുന്ന സഞ്ചാരിയെ ഉന്മേഷവാനാക്കുന്നു. ഒഴിഞ്ഞവളപ്പു ബീച്ചില്‍ സഞ്ചാരികൾക്കു ധൈര്യമായി നീന്താൻ ഇറങ്ങാം.

സഞ്ചാരികള്‍ക്കായി തീരത്ത് ഒരുക്കിയിരിക്കുന്ന നീലേശ്വര്‍ ഹെര്‍മിറ്റേജ് എന്ന ആശ്രമം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ മരുപ്പച്ചയാണ്. ബീച്ചിന്റെ സൌന്ദര്യം സംരക്ഷിച്ച് നടത്തിയിരിക്കുന്ന നിര്‍മ്മിതി ആശ്രമത്തിന്റെ പ്രത്യേകതയാണ്.

‌കേരളത്തിലെ വാസ്തുകലയുടെ ഉത്തമ ഉദാഹരണമാണ് പത്ത് ഏക്കറിലായി പണിതിരിക്കുന്ന ഈ ആശ്രമം. കടലിലേക്കു തുറന്നിരിക്കുന്ന കുടിലുകളിലിരുന്ന് ഉദയവും അസ്തമയവും ആസ്വദിക്കാം. ശാന്തത തന്നെയാണ് ഹെര്‍മ്മിറ്റേജിനെ വ്യത്യസ്തമാക്കുന്നത്. മുക്കുവക്കുടികളുടെ മാതൃകയിലാണ് ആശ്രമത്തിലെ കുടിലുകള്‍ പണിതീര്‍ത്തിരിക്കുന്നത്.

ക്ഷേത്രങ്ങളില്‍ കാണുന്നതരം കൊത്തുപണികളാല്‍ സമ്പന്നമാണ്, ആശ്രമം.  ഇത്തരം വാസ്തുവിദ്യ ഇവിടത്തെ കുടിലുകളുടെ അന്തസ്സും സൌന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു. കടലിലേയ്ക്ക് തുറന്നിരിക്കുന്ന എട്ട് കോട്ടേജുകളാണ് ഇവിടെ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ഈ എട്ട് കോട്ടേജുകള്‍ക്കും കടലുകാണുന്നതിന് സ്വന്തമായി ബാല്‍ക്കണിയുണ്ട്. കൂടാതെ അറ്റാച്ച്ഡ് ബാത്ത്റും സൌകര്യവും കോട്ടേജിനോട് ചേര്‍ന്നുതന്നെ പൂന്തോട്ടവുമുണ്ട്. കോട്ടേജുകളുടെ നിര്‍മ്മാണം പ്രകാശം, ശുദ്ധവായു, ഇടം എന്നീ അടിസ്ഥാന ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് നിര്‍വഹിച്ചിരിക്കുന്നത്.