#മീഡിയ സ്കാൻ

മാദ്ധ്യമക്കോടതിയിലെ കുറ്റവിചാരണയില്‍ ഒരു ചെറുപ്പക്കാരന്റെ ഭാവി

30 Dec, 2012

ക്രൈം വാർത്തകളിൽ വര്‍ത്തമാനപ്പത്രങ്ങളെ വിശ്വാസത്തിലെടുക്കുംപോലെ മണ്ടത്തരം വേറൊന്നുമില്ല. ഫാക്ച്വല്‍ റിപ്പോര്‍ട്ടിങ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ബീറ്റാണതു്. പൊലീസ് സോഴ്സ് പറയുന്നതെന്താണോ, അതാണു് ക്രൈം വാര്‍ത്ത. മൾട്ടിപ്പിള്‍ സോഴ്സുകളെ ഉപയോഗിക്കുകയാവട്ടെ, സംശയങ്ങളുന്നയിക്കുകയാവട്ടെ, ഒന്നുമില്ല. പൊലീസ് ഭാഷ്യം അതേപടി വിഴുങ്ങിയശേഷം കഴിയുമെങ്കില്‍ മാദ്ധ്യമവിചാരണകൂടി ഫിറ്റ് ചെയ്തുകൊടുക്കുക. പൈങ്കിളിവാരികകളിലെ അപസര്‍പ്പകറിപ്പോര്‍ട്ടുകളെ വെല്ലുന്ന രീതിയിലാണു് ഇന്നിപ്പോള്‍ മുഖ്യധാരാ പത്രങ്ങളിലും ചാനലുകളിലും ക്രൈം റിപ്പോര്‍ട്ടിങ് നടക്കുന്നതു്. ലേഖകന്റെ അനുമാനങ്ങളും കഥയെഴുത്തുസാമര്‍ത്ഥ്യവും അനുസരിച്ചു് എരിവും പുളിയുമേറും. വായിക്കുന്നവര്‍ എഴുതിയതപ്പാടെ വിശ്വസിക്കണമെന്ന നിര്‍ബന്ധബുദ്ധി ഓരോ വാചകത്തിലുമുണ്ടാവും. പൊതുബോധനിര്‍മ്മിതികളെ ഊട്ടിയുറപ്പിക്കുക എന്നതില്‍ക്കവിഞ്ഞു് മാദ്ധ്യമങ്ങള്‍ക്കു് മറ്റൊരജണ്ടയുമില്ലെന്നു തോന്നും.

ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം, ഇന്നു പത്രങ്ങളില്‍ വന്ന ഒരു അറസ്റ്റ് വാര്‍ത്തയാണു്. ഇന്ദുവിന്റെ മരണം കൊലപാതകം, പ്രതി സുഭാഷ് അറസ്റ്റില്‍ എന്നു് രാവിലെ തന്നെ വര്‍ത്തമാനപ്പത്രങ്ങള്‍ വിളിച്ചുണര്‍ത്തിയിട്ടുണ്ടു്. കോഴിക്കോടു് എന്‍ഐറ്റിയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്നു, ഇന്ദു. അതിനുമുമ്പെ ഇന്ദു ഇതേ എന്‍ഐറ്റിയില്‍ ലക്ചററായി പണിയെടുത്തിരുന്നു എന്ന വസ്തുത പക്ഷെ ഇതേവരെ ഒരു മാദ്ധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുഭാഷ് അവിടെ പ്രൊബേഷനില്‍ അദ്ധ്യാപകനായി ചേരുമ്പോഴും ഇന്ദു ലക്ചറര്‍ തന്നെയായിരുന്നു. ഇരുവരും രണ്ടു ഡിപ്പാര്‍ട്ട്മെന്റുകളിലുമായിരുന്നു. അതുകൊണ്ടുതന്നെ അദ്ധ്യാപകനും ഗവേഷകവിദ്യാര്‍ത്ഥിയും തമ്മിലുള്ള അധികാരസ്വഭാവമുള്ള അവിശുദ്ധബന്ധമായി ഇതിനെ ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പാടെ അബദ്ധമാണു്.

ഇനി ഇതുസംബന്ധിച്ചു് ഇന്നു് മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഒന്നു പരിശോധിക്കാം. മനോരമയുടെ വെബ് ഇടത്തില്‍ ആര്‍ക്കൈവ് സൂക്ഷിക്കാത്തതിനാല്‍ വാര്‍ത്ത ഇവിടെ പകര്‍ത്തി നല്‍കുകയാണു്. ഇറ്റാലിക്സില്‍ നിറംമാറ്റി കൊടുത്തിരിക്കുന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക (അല്ലാത്ത ഭാഗങ്ങള്‍ സ്കിപ് ചെയ്യാവുന്നതാണു്):