#ഭൂപരിഷ്കരണം

കേരളത്തില്‍ മിച്ചഭൂമി ഇല്ലാതായതെങ്ങിനെ?

17 Jan, 2013

സി പി എമ്മിന്റെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി ആരംഭിച്ച ഐതിഹാസികമായ ഭൂസമരം ആവശ്യങ്ങളോട് ഭരണകൂടം അനുകൂലമായി പ്രതികരിച്ചതിനെ തുടർന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണല്ലോ. 1970-കളിലെ മിച്ചഭൂമി സമരത്തിനു ശേഷം ഒറ്റപ്പെട്ട ഭൂസമരങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്ര വലിയ ഒരു ഭൂസമരം കേരളം കണ്ടിട്ടില്ല. ഈ സമരത്തിന്റെ തീക്ഷ്ണതയും അതിന്റെ പിന്നിലുള്ള ആത്മവിശ്വാസവും എന്നും ഭൂസ്വാമിമാരെ 'സ്വാമി'മാരായി മാത്രം കണ്ടു ശീലമുള്ള ഇന്നത്തെ ഭരണവര്‍ഗത്തിനെ ഞെട്ടിച്ചിട്ടുണ്ട് എന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഒപ്പം തന്നെ, സി പി എമ്മിനെ കുറ്റം പറഞ്ഞു മാത്രം ശീലമുള്ള അനുഭവഹീനരായ മറ്റൊരു വിഭാഗത്തിനാകട്ടെ ആകെക്കൂടി വെപ്രാളവും മോഹഭംഗവും. ഇവരില്‍ മഞ്ഞപ്പിത്തം പോലെ കമ്മ്യൂണിസ്റ്റു-വിരുദ്ധത കൊണ്ട് നടക്കുന്നവരുണ്ട്; സ്വത്വവാദത്തിന്റെ ധര്‍മോപദേശകരുണ്ട്‌; നല്ല ഉദ്ദേശ്യത്തോടു കൂടിയവരെങ്കിലും വഴിപിഴച്ചു പോയവരുണ്ട്. ഇവരെല്ലാം കൂടി ചേര്‍ന്ന് ഈ ഭൂസമരത്തെ ഇകഴ്ത്താൻ ആവേശം കൊള്ളുകയാണ്.

ഇവരുടെ പലവിധ ആരോപണങ്ങള്‍ മാദ്ധ്യമങ്ങളില്‍ കാണുകയും വായിക്കുകയും ചെയ്യാം. ഒന്നാമതായി, സി പി എമ്മിന് ഒരു കാലത്തും ഭൂപരിഷ്ക്കരണത്തോട് ആത്മാര്‍ഥത ഉണ്ടായിരുന്നില്ല; ഇന്ന് പറയുന്നതെല്ലാം "ഭൂപരിഷ്കരണത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ മൂടിവച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍" ആണ്. രണ്ടാമതായി, വലതുപക്ഷം ഭൂനിയമങ്ങളില്‍ വെള്ളം ചേര്‍ത്തപ്പോഴൊക്കെ ഇടതുപക്ഷം കയ്യുംകെട്ടിയിരിക്കുകയായിരുന്നു; പിന്നീട് ഭരണത്തില്‍ വന്നപ്പോഴൊന്നും അത് തിരുത്താന്‍ ഒന്നും ചെയ്തില്ല. ഇത്തരത്തിലുള്ള പലവിധമായ ആരോപണങ്ങള്‍ കമ്യൂണിസ്റ്റു-വിരുദ്ധത എന്ന ഒറ്റ വികാരത്തില്‍ നിന്നും രൂപം കൊള്ളുമ്പോള്‍ പൊതുമണ്ഡലത്തിനു കൈമോശം വരുന്നത് ചരിത്രബോധവും, അതില്‍ നിന്നുമുണ്ടാവേണ്ട സത്യത്തോടും വസ്തുതകളോടുമുള്ള അടിസ്ഥാന ബഹുമാനവുമാണ്. സത്യവും വസ്തുതകളും കൂടുതല്‍ ശക്തിയായി ജനങ്ങളോട് പറയുക എന്ന ഒറ്റ വഴിയേ ഇതിനു പോംവഴിയായുള്ളൂ.

ആധുനിക കേരളത്തിനു് അടിത്തറ

ആധുനിക കേരളത്തിനു് അടിത്തറ പാകിയത്‌ ഭൂപരിഷ്ക്കരണമായിരുന്നു. തിരുവിതാംകൂറില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തന്നെ ഭൂപരിഷ്ക്കരണ നടപടികള്‍ ആരംഭിച്ചിരുന്നു. 1885-ലെ പട്ടം പ്രഖ്യാപനവും 1896-ലെ ജന്മി-കുടിയാന്‍ നിയമവും ജന്മിമാരെ നിയന്ത്രിക്കുന്നതിനും പാട്ടഭൂമിയില്‍ കുടിയാന്റെ അവകാശം ഉറപ്പിക്കാനുമുള്ള നടപടികളായിരുന്നു. അതേ പോലെ, കൊച്ചിയില്‍ 1914-ലെയും 1938-ലെയും കുടിയാന്‍ നിയമങ്ങള്‍, 1943-ലെ വെറുംപാട്ടക്കാരന്‍ നിയമം എന്നിവ മുഖ്യമായും പാട്ടഭൂമിയില്‍ കുടിയാന്റെ അവകാശം ഉറപ്പിക്കാനായിരുന്നു.