#രാഷ്ട്രീയം

യുദ്ധക്കൊതിയരുടെ ശ്രദ്ധയ്ക്ക്

18 Jan, 2013

ഒടുവിൽ പ്രധാന മന്ത്രിയും സംസാരിച്ചിരിക്കുന്നു. അതിർത്തി സംഘര്‍ഷത്തിനിടെ രണ്ടു ഇന്ത്യൻ പട്ടാളക്കാര്‍ കൊല്ലപ്പെട്ട് സ്ഥിതിഗതികൾ വഷളായി ഒരാഴ്ചയ്ക്കു ശേഷം ഇനി പാക്കിസ്ഥാനുമായി കാര്യങ്ങള്‍ പഴയ പടി തുടരാനാവില്ലെന്നാണ് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ദില്ലിയില്‍ വച്ച് ജനുവരി 15ന് പറഞ്ഞത്. ഇതോടെ താത്കാലികമായെങ്കിലും ഇന്ത്യാ-പാക് ബന്ധത്തിന് വരുംനാളുകളില്‍ കാര്യമായ ക്ഷതമേല്‍ക്കുമെന്നുറപ്പായി. കഴിഞ്ഞ സെപ്തംബറില്‍ പാക്കിസ്ഥാനുമായി ഒപ്പു വച്ച വീസ കരാര്‍ നടപ്പില്‍ വരുത്തുന്നത് ഇന്ത്യ വൈകിക്കുന്നതും, ഇന്ത്യയിലേക്കെത്തിയ പാക്കിസ്ഥാന്‍ ഹോക്കി കളിക്കാരെ കളിക്കാനനുവദിക്കാതെ തിരിച്ചയച്ചതും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. ഒപ്പം, വ്യോമസേനാ മേധാവിയും, കരസേനാ മേധാവിയും, ഉത്തരമേഖല ജനറലുമുള്‍പ്പെടെയുള്ള സൈനിക നേതാക്കളുടെ യുദ്ധവെറി നിറഞ്ഞ പ്രസ്താവനകളും, ഒരു തലക്കു പകരം പത്തു പാക്കിസ്ഥാനി തലകള്‍ കൊണ്ടു വരണമെന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യവും കൂടെയായപ്പോള്‍ ചിത്രം പൂര്‍ണമായി.

ആരാണ് ഉത്തരവാദി

ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന് എന്നെങ്കിലും ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല. ഇന്ത്യന്‍ പട്ടാള നേതാക്കളും, ദേശീയ മാദ്ധ്യമങ്ങളും ഇക്കാര്യത്തില്‍ ശക്തമായി പാക്കിസ്ഥാനെ പഴി പറയുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കും ഉത്തരവാദിത്വമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, ജനുവരി 10ന് 'ദ ഹിന്ദു' ദിനപ്പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയനുസരിച്ച് കഴിഞ്ഞ സെപ്തംബര്‍ മാസം മുതല്‍ ഇന്ത്യ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ട് നിയന്ത്രണ രേഖയ്ക്കടുത്ത് നിരീക്ഷണ ബങ്കറുകള്‍ പണിയുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ആരംഭിക്കുന്നതു തന്നെ. 'ഹിന്ദു'വിന് പ്രതിരോധ മന്ത്രാലയം അടുത്ത ദിവസം അയച്ച മറുപടി കത്തില്‍ ബങ്കര്‍ നിര്‍മാണം നിഷേധിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്. പിന്നീട് നടന്ന പത്രസമ്മേളനത്തില്‍ കരസേനാ മേധാവി ബിക്രം സിംഗും ഇതു നിഷേധിക്കുകയുണ്ടായില്ല.