#വർത്തമാനം

പ്രിന്റിലുള്ളതും വെബ്ബിലില്ലാത്തതുമായ സ്വാതന്ത്ര്യത്തെപ്രതി

19 Jan, 2013

പ്രിയ വായനക്കാരെ,

മലയാളം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെ ഇന്നലെ ഞങ്ങൾക്ക് ഒരു ഫോൺ കോള്‍ ലഭിക്കുകയുണ്ടായി. മാതൃഭൂമി പത്രത്തിന്റെ എച്ച്ആർ വിഭാഗത്തിൽ നിന്നാണെന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണു്  ജനുവരി 18, ഉച്ചയ്ക്കു് 14.06നു് ഫോണ്‍ വരുന്നതു്. സ്വകാര്യതയെ മാനിക്കുന്നതിനാല്‍ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തുന്നില്ല.

ഈ പോര്‍ട്ടല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതു് കളമശ്ശേരി സ്വദേശിയായ രാജ്കുമാറിന്റെ വിലാസത്തിലാണു്. എന്നാല്‍ രജിസ്ട്രേഷനൊപ്പം നല്‍കിയിരിക്കുന്ന കോണ്‍ടാക്റ്റ് നമ്പര്‍ ഈ പോര്‍ട്ടലിന്റെ എഡിറ്ററുടേതാണു്. രാജ്കുമാറിനോടു സംസാരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു, ഫോണ്‍. രാജ്കുമാര്‍ യുകെയിലാണെന്നും ഞാനാണു് ഈ ഫോണ്‍ ഉപയോഗിക്കുന്നതു് എന്നും പരിചയപ്പെടുത്തിയതിനെ തുടര്‍ന്നു് എന്നോടു് തുടര്‍ന്നു സംസാരിക്കാൻ തയ്യാറായി.

ഉടനീളം ഭീഷണിയുടെ സ്വരത്തില്‍ അത്യധികം ക്ഷോഭത്തോടെയാണു് ഈ മാന്യദേഹം ഫോണില്‍ സംസാരിച്ചതു്. മാതൃഭൂമിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങളാണു് എഴുതിപ്പിടിപ്പിച്ചിരിക്കുന്നതെന്നും ഇതിനെതിരെ സൈബര്‍ നിയമപ്രകാരം കേസുകൊടുക്കാന്‍ പോവുകയാണെന്നും ഇതൊരു 'forewarning' ആണെന്നും പറഞ്ഞാണു് സംസാരം മുറുകിയതു്. അതേ തുടര്‍ന്നു്, പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഉത്തരവാദിത്വം എഡിറ്റര്‍ എന്ന നിലയില്‍ എന്റേതാണെന്നും അതില്‍ ഒബ്ജക്ഷനിളായ എന്താണുള്ളതെന്നു് വ്യക്തമാക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. പേരുപോലും വയ്ക്കാതെയാണു് ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നതു് എന്നും ഞങ്ങളെ ചിലര്‍ ടൂളായി ഉപയോഗിച്ചിരിക്കയാണു് എന്നറിയാമെന്നും ഇദ്ദേഹം ആരോപിച്ചു. രാജ്കുമാറും ഞാനും കൂടി അദ്ദേഹത്തെയും ഒപ്പം അവരുടെ എംഡിയേയും കോഴിക്കോടു് ഓഫീസിലെത്തി കാണണമെന്നും ആവശ്യപ്പെട്ടു.