#നിരീക്ഷണം

നരേന്ദ്രമോഡി: ബ്രാഹ്മണ്യ അജണ്ടയുടെ ചാവേർ

ഇന്ത്യൻ ബ്രാഹ്മണ്യ ഫാസിസത്തിനു ചരിത്രപരമായ ചില സവിശേഷതകൾ ഉണ്ട്. ജൂതസയനിസ്റ്റുകൾക്കൊപ്പം തന്നെ അണിയറയിലിരുന്നു കൊണ്ട് സവർണ്ണ ആധിപത്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ പ്രാഗത്ഭ്യം തെളിയിച്ചവരാണവർ. സ്വന്തം നിലനില്പിന്നു വേണ്ടി ജനിതക എതിരാളികളെ തന്നെ ബലിയാടുകളാക്കി ലക്ഷ്യം നേടാൻ വൈദഗ്ദ്യം ലഭിച്ചവർ.

വർണ്ണാശ്രമവ്യവസ്ഥയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തി ഇന്ത്യയിൽ കടന്നുവന്ന മുഗൾ ഭരണവെല്ലുവിളിയെ അവർ നേരിട്ടത് മുഗൾ ഭരണത്തിലെ മർമ്മസ്ഥാനങ്ങളിൽ ആധിപത്യം ഉറപ്പിച്ചുകൊണ്ടാണ്. മുഗൾ ഭരണാധികാരികളെ മദിരയും മദിരാക്ഷിയും കൊണ്ടു മുക്കിയതിൽ ഈ സ്വാധീനം വലിയ പങ്കു വഹിച്ചിട്ടുണ്ട്. മൈസൂരിലെ ടിപ്പുസുൽത്താന്റെ ഭരണത്തിലും ടിപ്പുവിന്റെ പതനത്തിലും മൈസൂർ ഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന ബ്രാഹ്മണ്യത്തിനുള്ള പങ്കു നിസ്തർക്കമാണ്. മുഗൾ-മൈസൂർ ഭരണം നാമാവശേഷമാകുകയും ഇന്ത്യ പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലകപ്പെടുകയും ചെയ്തപ്പോൾ ബ്രിട്ടീഷ് ഭരണത്തിന്റെ നടത്തിപ്പുകാരുടെ റോൾ ആയിരുന്നു പിന്നീട് സവർണ്ണർക്കുണ്ടായിരുന്നതു്.

നൂറ്റാണ്ടുകൾ നീണ്ട സ്വതന്ത്ര്യസമര പോരാട്ടങ്ങളിൽ നിന്നു പുറംതിരിച്ചുനിന്ന ഈ ശക്തികൾ ഇന്ത്യ സ്വതന്ത്രമാകുന്ന ലക്ഷണം കണ്ടതോടെ വീണ്ടും കരുക്കൾ നീക്കിത്തുടങ്ങി. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി സംഘടിത രൂപത്തിലാണ് പിന്നെ ബ്രാഹ്മണ അജണ്ടകളെ കാണുന്നത്. ആദ്യം ഹിന്ദു മഹാസഭ എന്ന പേരിലും, പിന്നീട് ആർഎസ്എസ് എന്ന പേരിലും ഈ താല്പര്യങ്ങൾ രൂപാന്തരപ്പെടുകയുണ്ടായി. അമേരിക്കൻ സാമ്രാജ്യത്വ താല്പര്യങ്ങൾ സംരക്ഷിക്കുവാനായി അമേരിക്ക തന്നെ മുൻകൈ എടുത്ത് രൂപീകരിച്ച ആഗോളകൂട്ടായ്മയായ യുഎൻ പോലെ, ബ്രാഹ്മണ്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ സവർണ്ണർ തന്നെ മുൻകൈ എടുത്ത് രൂപീകരിച്ച അവർണ്ണരെ കൂടി ഉൾക്കൊള്ളുന്ന സൈനിക ആശയ കൂട്ടായ്മ.

ബ്രാഹ്മണ്യആധിപത്യത്തിൽ നിന്നു രക്ഷനേടി ഇസ്ലാമിലും ക്രൈസ്തവതയിലും ചെന്നെത്തുന്ന അവർണ്ണരെ തടയുവാൻ അവരെ തന്നെ ഉപകരണമാക്കുകയാണ് ആർഎസ്എസിലൂടെ സവർണ്ണർ ചെയ്തതു്. സെമിറ്റിക് മതങ്ങൾ ആണ് യഥാർത്ഥ ശത്രു എന്ന ‘പുതിയ പാഠം’ സംഘപരിവാരത്തിലൂടെ, ഇത്രയും കാലം തങ്ങൾ ചവിട്ടിയരച്ച പിന്നാക്ക ജനതയെ സവർണ്ണർ തന്നെ പഠിപ്പിക്കുന്നു. ചരിത്രാതീതകാലം മുതൽ തീർത്തും ശോചനീയ സാഹചര്യത്തിൽ ജീവിതം തള്ളിനീക്കേണ്ടിവന്ന പിന്നാക്ക വിഭാഗത്തിലെ വലിയൊരു വിഭാഗം ഈ സവർണ്ണ അജണ്ടയിലകപ്പെടുകയും പുതിയ ശത്രുവിനെതിരെ സവർണ്ണരേക്കാൾ ആവേശത്തോടെ യുദ്ധകാഹളം മുഴക്കുകയും ചെയ്തുതുടങ്ങി. ഇന്ത്യാ ചരിത്രത്തിൽ നടന്ന പല ന്യൂനപക്ഷ ധ്വംസനത്തിലും നേർക്കുനേർ അഴിഞ്ഞാടിയത് ഉപകരണമാക്കപ്പെട്ട ഈ പിന്നാക്ക ജനത ആയിരുന്നു.