#വിപണി

സ്വകാര്യ മൂലധനമേ, നിനക്കു വേണ്ടി

22 Jan, 2013

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബാങ്കിംഗ് ബില്‍ ഭേദഗതി പാസാക്കപ്പെട്ടതോടെ രാജ്യത്തിന്റെ ബാങ്കിംഗ് മേഖല നിര്‍ണായകമായ ഒരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ഈ ഭേദഗതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശം അത് സ്വകാര്യ കമ്പനികൾക്ക് ബാങ്കുകള്‍ രൂപീകരിക്കാനുള്ള വഴിയൊരുക്കി കൊടുക്കുന്നു എന്നതാണ്. മന്മോഹൻ സിംഗ് സര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളിലൊന്നാണ് രാജ്യത്തെ ബാങ്കിംഗ് മേഖല സ്വകാര്യ കോര്‍പറേഷനുകള്‍ക്കായി തുറന്നിടുക എന്നത്. മുന്‍ ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി 2010 ഫെബ്രുവരിയിലെ തന്റെ ബജറ്റ് പ്രസംഗത്തിലാണ് ഒരു പുതിയ സംഘം സ്വകാര്യ കമ്പനികള്‍ക്ക് ബാങ്കുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം നടത്തുന്നത്. 'ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കു വ്യാപിപ്പിക്കുക' എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

പ്രഖ്യാപനം അപ്രതീക്ഷിതമാകുന്നത്, ഈ തീരുമാനം സര്‍ക്കാര്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ റെഗുലേറ്റര്‍ കൂടിയായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി (ആര്‍ബിഐ) പോലും ആലോചിച്ചിരുന്നില്ല എന്നിടത്താണ്. തീരുമാന പ്രഖ്യാപനത്തിനു ശേഷം പലയിടങ്ങളിലായി ആര്‍ബിഐ അതിന്റെ വിമുഖത പ്രകടിപ്പിക്കുകയുണ്ടായി. 2010 ഓഗസ്റ്റിലാണ് ഈ വിഷയത്തില്‍ ആര്‍ബിഐ ആദ്യമായി ചര്‍ച്ചാപത്രം (discussion paper) അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 2011 ഓഗസ്റ്റില്‍ പുതിയ ബാങ്ക് ലൈസന്‍സുകള്‍ക്കുള്ള നിബന്ധനകളുടെ കരട് പുറത്തിറക്കുകയും അതിന്മേല്‍ അഭിപ്രായങ്ങള്‍ ക്ഷണിക്കുകയും ചെയ്തു. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും ആര്‍ബിഐ ഈ വിഷയത്തില്‍ കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ല എന്നത് കേന്ദ്രസര്‍ക്കാരിനെ അലോസരപ്പെടുത്തിയിരുന്നു.

പി ചിദംബരം ധനകാര്യ മന്ത്രിയായതിനു ശേഷം മന്മോഹന്‍ സിംഗ് ഉദാരവത്കരണ നടപടികളുടെ വേഗം കൂട്ടിയതോടെ ആര്‍ബിഐയും വന്‍ സമ്മര്‍ദത്തിലായി. സ്വകാര്യ ബാങ്കിംഗ് ലൈസന്‍സുകള്‍ക്കുള്ള അപേക്ഷ ആര്‍ബിഐ എത്രയും വേഗം ക്ഷണിക്കണമെന്ന് ധനകാര്യ മന്ത്രി പരസ്യമായി അഭിപ്രായപ്പെടുക വരെ ചെയ്തു. എന്നാല്‍ ബാങ്കുകളുടെ ബോര്‍ഡുകള്‍ക്കു മീതെ ആര്‍ബിഐക്ക് അധികാരം കിട്ടത്തക്കവിധത്തില്‍ ബാങ്കിംഗ് നിയമം പരിഷ്കരിച്ചാലല്ലാതെ പുതിയ ലൈസന്‍സുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുകയില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു ചെയ്തത്.

നിലവിലെ നിയമമനുസരിച്ച് ഒരു ബാങ്കിന്റെ ഡയറക്ടറേയോ, ഏതെങ്കിലും എക്സിക്യൂട്ടിവിനേയോ മാറ്റാനുള്ള അധികാരം ആര്‍ബിഐയ്ക്കുണ്ട്. എന്നാല്‍, സ്വകാര്യ കമ്പനികള്‍ക്ക് ബാങ്കുകള്‍ തുറക്കാനുള്ള സാഹചര്യം നിലവില്‍ വരുന്ന പക്ഷം ഈ അധികാരം പോര എന്നതാണ് ബാങ്കിംഗ് റെഗുലേറ്ററുടെ നിലപാട്. ഉദാഹരണത്തിന്, ഒരു സ്വകാര്യ ബാങ്കിന്റെ മൊത്തം ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സും നിക്ഷേപകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി മുന്നോട്ടു പോയാല്‍ അതിനെ തിരുത്താനുള്ള അധികാരം നിലവില്‍ ആര്‍ബിഐക്ക് ഇല്ല. അതുകൊണ്ടാണ് ബാങ്കുകളുടെ ബോര്‍ഡുകള്‍ക്കും മീതെ അധികാരം വേണമെന്ന് ആര്‍ബിഐ അഭിപ്രായപ്പെട്ടത്. അതുകൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് ബാങ്കിംഗ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ ലൈസന്‍സുകള്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ ആര്‍ബിഐ ഊര്‍ജിതപ്പെടുത്തും.