#ഫിലിം റിവ്യൂ

അന്നയും റസൂലും - ഒരാസ്വാദനം

'കടലിനു പറയാൻ ഒരു കഥയേ ഉള്ളൂ,ഒറ്റപ്പെടലിന്റെ... കഥകൾ മുഴുവന്‍ കരയിലാണ്..' മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും വൈപ്പിനിലെയും ചില ജീവിതങ്ങളുടെ നേര്‍പ്പകര്‍പ്പു പോലെ മനോഹരമായ കഥകള്‍ പറയുന്നു 'അന്നയും റസൂലും'.

കഥ 'ആഷ്‌ലി' എന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലൂടെ തുടങ്ങി വികസിക്കുന്നു. ആഷ്‌ലി കടൽ കടന്നു പോയവനാണ്. നഷ്ടപ്രണയവും ഗൃഹാതുരത്വവും ഉള്ളില്‍ സൂക്ഷിക്കുന്നവനാണ്‌. റസൂലിന്റെ ടാക്സിയില്‍ കേള്‍ക്കുന്ന പുതുതലമുറ സിനിമാഗാനത്തോട് ആഷ്‌ലിക്കു സഹിഷ്ണുതയില്ല. പകരമയാള്‍ ഗൃഹാതുരമായ പഴയ മലയാളം പാട്ട് കേള്‍ക്കുന്നു. ആഷ്‌ലിയെ ചുറ്റിപറ്റി കൊച്ചിയിലെ ആംഗ്ലോ ഇന്‍ഡ്യന്‍ കുടുംബങ്ങളും കോളിന്‍ എന്ന ബന്ധുവും അവന്റെ സുഹൃത്തുക്കളായി അബുവും റസൂലും അങ്ങനെ കഥാപാത്രങ്ങളുടെ പരസ്പരമുള്ള 'ലിങ്കുകള്‍' വികസിക്കുന്നു. ഇതു വരെ കാണാത്ത ചില മനുഷ്യരോടും പുതിയ സുഹൃത്തുക്കളോടും ആഷ്‌ലിക്കു ബന്ധം വരുന്നു. ആഷ്‌ലിയുടെ 'നരേഷനില്‍' ആദിമധ്യാന്തം നിറഞ്ഞു നില്‍ക്കുന്ന ശോകം സം‌വിധായകന്റെ സൂക്ഷ്മതയാണ്‌. ആഷ്‌ലി കഥ മുഴുവന്‍, കഥയുടെ അന്ത്യവും, അറിയാവുന്നയാളാണ്‌.

പള്ളിപ്പെരുന്നാളിന്റെ ചിത്രം നിറങ്ങളുടെ ഒരു കാഴ്ചയാണ്‌. പള്ളിയുടെ മേലുള്ള ലൈറ്റുകളും മുത്തുക്കുടകളും ഉത്സവാന്തരീക്ഷത്തിന്റെ വെട്ടവും നിറവും രാത്രിയും കാഴ്ചക്കാരന്റെ മനസ്സു നിറച്ചു കളയുന്നു. പെരുന്നാളു കൂടിയിരിക്കുന്നവരുടെയും കുട്ടികളുടെയും മുഖങ്ങളുടെ ഷോട്ടുകള്‍ 'തമ്പിനെ' അനുസ്മരിപ്പിക്കുന്നതു പോലെ മനോഹരമായിരുന്നു.