#ചിത്രകല

ദയവായി ഈ കലാസൃഷ്ടിയില്‍ തൊടൂ

08 Feb, 2013

കൊച്ചി-മുസിരിസ് ബിനാലെക്ക്* ഒരു ടിപ്പണി : ഭാഗം 1

I

സാംസ്കാരിക കണ്ടുപിടിത്തങ്ങളിൽ പൂജയും പൂജ്യവും പൂജ്യങ്ങളുടെ പൂജയും മാത്രം നീക്കിയിരുന്ന് കിട്ടിയ ഒരു ജനത കൂത്തമ്പലങ്ങൾക്കു വെളിയിൽ ദൂരെ നിന്നു കഥകളെയും സംഗീതത്തെയും ആസ്വദിച്ചേടത്ത് നിന്നാണ് കൊച്ചിയിലെ ബിനാലെയിലേക്കുള്ള വഴിക്കല്ലുകളെ എണ്ണിത്തുടങ്ങേണ്ടത്. മാറിനിന്ന് ഭയഭക്തിയോടെ കാണേണ്ടുന്നതും കണ്ട്, “എന്തൊരു റിയലിസ്റ്റിക്” എന്ന് അത്ഭുതം കൂറേണ്ടുന്നതുമായ കലാസാമാനങ്ങൾ എല്ലാം മണ്ണിനടിയിലോ മ്യൂസിയങ്ങളിലോ ഒതുങ്ങിയ ദേശങ്ങളിൽ നിന്നാണ് ‘സമകാലീനകല’യെന്ന സങ്കല്പം ജലവും വായുവും കടന്ന് കൊച്ചിത്തുറമുഖത്തിറങ്ങിയത്; അതാകട്ടെ നമ്മോടാവശ്യപ്പെടുന്നത് “തീണ്ടാതെ മാറിനിൽക്ക്” എന്നല്ല, വരൂ, ഇതിലൊന്ന് തൊട്ടുനോക്കൂ എന്നാണ്.

കാഴ്ച എന്ന ഒറ്റ സം‌വേദോപാധിയുടെ ഫാഷിസത്തിൽ നിന്ന് അഞ്ച് ഇന്ദ്രിയങ്ങളുമുപയോഗിച്ചു കലാസൃഷ്ടിയെ രുചിച്ചുനോക്കുന്നതിന്റെ ജനാധിപത്യത്തിലേക്കാണ് സമകാലീനകല (contemporary art) അനുവാചകരെ ഉയർത്തുന്നത്. ഗ്രാമ്പൂവും പെരുഞ്ചീരകവും മഞ്ഞളും ഏലവും ധൂളിയായി മൂക്കിനെയും സ്പർശമായി വിരലുകളെയും ഒളിപ്പിച്ചുവച്ച പീസോ‌ഇലക്ട്രിക പിക്ക് അപ്പുകളിലൂടെ കടന്ന് ശബ്ദമായി കാതുകളെയും സ്പീക്കറുകൾക്കു മുകളിലെ വിറയലായി കണ്ണുകളെയും വിറച്ച് വായുവിൽ അലിയുന്ന വ്യഞ്ജനരുചിയായി നാക്കിനെയും അത് നിങ്ങളെ തൊടുന്നു... രണ്ടായിരം വർഷങ്ങളിലായി മുച്ചിറിയിൽ വന്നടിഞ്ഞ സംസ്കാരങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്.