#വിശകലനം

ചാനല്‍കാഴ്ചകളില്‍ മറനീക്കുന്ന അബോധഭീതികള്‍

19 Feb, 2013

ചാനൽ രംഗത്തേക്കുള്ള മീഡിയ വൺ എന്ന നവാഗതന്റെ വരവ് ഓണ്‍ലൈൻ ഇടങ്ങളില്‍ ആഘോഷിക്കപ്പെട്ടത് വാർത്താവായനക്കാരിയുടെ മഫ്തയില്‍ പിടിച്ചു വലിച്ചു കൊണ്ടായിരുന്നു. ബഹുസ്വര സമൂഹത്തില്‍ പ്രകടമായ മതചിഹ്നവുമായി പ്രത്യക്ഷപ്പെടുന്നതിലെ അപകടം ചിലരില്‍ ആശങ്കയുളവാക്കിയെങ്കില്‍, മറു വശത്ത് ഇസ്ലാമികവേഷമായ ഹിജാബ് അണിഞ്ഞു കൊണ്ട് കേരളത്തില്‍ ആദ്യമായി ടീവി വാര്‍ത്താവായനക്കാരിയായി പ്രത്യക്ഷപ്പെട്ട കുട്ടിയെ അഭിനന്ദിച്ചും അതിനു വേദിയൊരുക്കിയ മാധ്യമം ഗ്രൂപ്പിനെ പ്രശംസയില്‍ മൂടിയും മറ്റു ചിലര്‍ അര്‍മാദിച്ചു.

ഏറ്റവും പ്രഥമമായി, ജമാഅത്തുകാര്‍ പണം മുടക്കിയ ചാനല്‍ അവരുടെ പഥ്യം പോലെയാണ് നടത്തുകയെന്നും അപ്പോൾ അവര്‍ക്ക്‌ ഹിതകരമായ ഭക്ഷണം വിളമ്പും, അവര്‍ക്ക്‌ പ്രിയങ്കരമായ വസ്ത്രധാരണം നടക്കും എന്നും സമ്മതിച്ചു കൊടുക്കാക്കാനുള്ള മിനിമം ഔചിത്യമെങ്കിലും ഈ ആഘോഷകര്‍ പുലര്‍ത്തേണ്ടിയിരുന്നു. വേറെയും അനേകം ചാനലുകള്‍ ഇവിടെയുണ്ട്, അവയൊക്കെയും അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്‌.. അവരാരും പൊതുജന അഭിപ്രായം സ്വരൂപിച്ചല്ല ചാനല്‍ അജണ്ട നിശ്ചയിക്കുന്നത്. അവയിലൊക്കെയും അങ്ങേയറ്റം പ്രതിലോമകതകളുണ്ട്. എല്ലാ മാഫിയത്തരവും പിന്നണിയില്‍ നടക്കുന്ന ഒരു ആത്മീയ കോര്‍പറേറ്റ്‌ സംഘം നേരിട്ട് നടത്തുന്ന ചാനല്‍ ആ കള്‍ട്ട് സംസ്കാരം പ്രചരിപ്പിച്ച് കൊണ്ട് തന്നെ നമുക്കിടയില്‍ അല്ലലില്ലാതെ കഴിയുന്നുണ്ട്. മുഖ്യധാരാ ചാനല്‍ ആയി നാം സ്വീകരിച്ച ഒരു വാര്‍ത്താ ചാനല്‍ ദിവസവും ഒരു മണിക്കൂര്‍ അദ്ഭുതശുശ്രൂഷാ ശാന്തി നടത്തുന്നു!

നേര്‍ക്കുനേര്‍ ആശയപ്രചരണം നടത്താറില്ലയെങ്കിലും, മാധ്യമം പത്രം ചിലപ്പോള്‍ എങ്കിലും പാന്‍ ഇസ്ലാമിസം, ആഗോള ഇസ്ലാമിസം എന്നിവയെ ഒളിച്ചു കടത്താന്‍ ശ്രമിക്കാറുണ്ട്. വാരികയില്‍ ലിബറല്‍ സ്ത്രീ സ്വത്വത്തെ കുറിച്ച് വാതോരാതെ പറയുകയും ലൈംഗികതയെ കുറിച്ചൊക്കെ സധീരം ചര്‍ച്ചിക്കുകയും അതേസമയം പത്രത്തിന്റെ നിലപാട്‌ പേജ് 'തെറ്റിദ്ധരിക്കപ്പെടുന്ന' താലിബാന് നല്ല ഇമേജ് ഉണ്ടാക്കാന്‍ യത്നിക്കുകയും സ്വവര്‍ഗ്ഗലൈംഗികതയെ കുറിച്ച് മുഖപ്രസംഗത്തില്‍ വളരെ കുടുസ്സായ പരാമര്‍ശം നടത്തുകയുമൊക്കെ ചെയ്യുന്ന 'ഇരട്ടമുഖ'വും വെളിപ്പെട്ടു പോകാറുണ്ട്. അതോടൊപ്പം, മറ്റു മാദ്ധ്യമങ്ങള്‍ തമസ്ക്കരിക്കുന്ന ചില കാഴ്ചപ്പുറങ്ങള്‍ നമ്മുടെ മുന്നിലേക്ക്‌ എത്തിക്കുന്നതിലും ചര്‍ച്ചയാക്കുന്നതിലും മാധ്യമം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതും തത്തുല്യം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പൂര്‍ണ്ണ നിഷ്പക്ഷത എന്നൊന്ന് ഇല്ലെന്നും, മാനേജ്മെന്റിന്റെ ആശയ / വാണിജ്യ താല്പര്യത്തിനു അനുഗുണമായി മാത്രമേ നമ്മുടെ നാട്ടിലെ ഏതൊരു മാദ്ധ്യമ സ്ഥാപനവും നിലകൊള്ളുന്നുള്ളൂ എന്നുമുള്ള യഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുമ്പോള്‍, മാധ്യമത്തേയും അതിന്റേതായ ഇടത്തില്‍ നമുക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയും, കഴിയണം. അതാണ് ജനാധിപത്യപരത.