#ഫിലിം റിവ്യൂ

വിശ്വരൂപം - വിശ്വാസരൂപങ്ങളുടെ വിരുദ്ധബിംബങ്ങള്‍

വിശ്വരൂപം എന്ന സിനിമ ഏതൊരു സിനിമയേയുംപോലെ ഒരു സാംസ്കാരിക ഉത്പന്നമാണു്. സാംസ്കാരിക ഇടത്തിൽ ഇടപെടുന്ന ഏതു കലാസൃഷ്ടിക്കും ഒന്നിലേറെ വായനകൾ സാധ്യമാണു്. അനുവാചകൻ ആർജ്ജിച്ച സാംസ്കാരികവിദ്യാഭ്യാസവും രാഷ്ട്രീയചരിത്രബോധങ്ങളും മതകീയമായ ഇഷ്ടാനിഷ്ടങ്ങളും കലയുടെ അര്‍ത്ഥവിചാരങ്ങളും ഒക്കെതന്നെ, ഇത്തരം വായനകളെ സ്വാധീനിക്കും. ഇതില്‍ ഏതെങ്കിലും ഒന്നുമാത്രമേ ശരിയാകൂ എന്ന വാദം അസ്ഥാനത്താണു്. ഇവിടെ ഈ സിനിമയെ തീര്‍ത്തും വിരുദ്ധമായ രണ്ടു പക്ഷങ്ങളില്‍ നിന്നു് വിലയിരുത്തുകയാണു് ലേഖകന്‍. ഒന്നാം വായന ലേഖകന്റെ മനം തന്നെ പറയുമ്പോള്‍ രണ്ടാം വായനയെ പ്രതിവായനയെന്നു വിശേഷിപ്പിക്കാം. മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം. സ്ഥലപരിമിതി മൂലം ആഴ്ചപ്പതിപ്പില്‍ നിന്നു് ഒഴിവാക്കിയ നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്.

കണ്ണാടിബിംബപ്രതീതിയല്ല, കാചബിംബപ്രതീതിയാണു കലയോ ഇതരവിനിമയവിധാനങ്ങളോ അനുവാചകനില്‍ സൃഷ്ടിക്കുക. കമല്‍ഹാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിശ്വരൂപം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കാചസിദ്ധാന്തത്തിന് ഏറെ പ്രസക്തിയുണ്ട്.

വിശ്വരൂപം എന്ന ചിത്രം ഇസ്ലാമികവിരുദ്ധചിത്രമാണ് എന്നു മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട്, ആയതിനാല്‍ അതിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില ഇസ്ലാമികസംഘടനകള്‍ വ്യാപകമായി രംഗത്തുവന്നതിന്റെ വെളിച്ചത്തില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം താല്‍ക്കാലികമായി നിരോധിക്കപ്പെട്ടു. മലേഷ്യ പോലെയുള്ള വിദേശദേശങ്ങളിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചതിനുശേഷം വിലക്കപ്പെട്ടു. എന്നാല്‍, തന്റെ ചിത്രത്തില്‍ യാതൊരുതരത്തിലുമുള്ള ഇസ്ലാമികവിരുദ്ധതയും ഇല്ലെന്നും ചിത്രം പൂര്‍ണമായും ഇസ്ലാമിന്റെ വര്‍ത്തമാനകാലലോകാവസ്ഥയെ പിന്തുണയ്ക്കുന്നതാണെന്നും പലപാടും കമല്‍ഹാസന്‍ ഉറപ്പിച്ചുപറയുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ സാധിച്ച ദേശീയമാദ്ധ്യമങ്ങളും ഇംഗ്ലീഷടക്കമുള്ള ഓൺലൈന്‍ പ്രസാധനങ്ങളും ബ്ലോഗര്‍മാരും മറ്റും ചിത്രത്തില്‍ ഇസ്ലാമികവിരുദ്ധമോ പ്രകോപനപരമായതോ ആയ സംഗതികള്‍ തീര്‍ത്തുമില്ലെന്നു വാദിക്കുന്നു.

എന്നാല്‍, ചിത്രത്തില്‍ പ്രതിലോമകരമായ ചില ധ്വനികളുണ്ടെന്ന് വേറേ ചില നിരൂപകര്‍ കരുതുന്നു. ഈ ലേഖകന്‍ തന്നെ റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം ഒരു ഇസ്ലാമികവിരുദ്ധചിത്രമെന്നല്ല അമേരിക്കന്‍ അനുകൂലചിത്രമെന്നാണു വിലയിരുത്തപ്പെടേണ്ടതെന്നു പറഞ്ഞു. അതേ ചാനലില്‍ നടത്തുന്ന ചലച്ചിത്രനിരൂപണപരിപാടിയിലും ഞാന്‍ ഇതേ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. പക്ഷേ, അതോടൊപ്പം തന്നെ, തീവ്രവാദം എന്നതും ഒരു സവിശേഷമായ രാഷ്ട്രീയപ്രസ്ഥാനമോ രാഷ്ട്രീയപ്രവര്‍ത്തനമോ ആണ് എന്ന വസ്തുതയെ അഭിമുഖീകരിക്കാനും അതിന്റെ അകത്തളങ്ങളെ അഭിസംബോധന ചെയ്യാനും ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ കമല്‍ഹാസന്‍ തയ്യാറായിട്ടുണ്ടെന്ന സാംസ്‌കാരികരാഷ്ട്രീയസത്യവും ആ പരിപാടിയില്‍ എടുത്തുപറയപ്പെട്ടിട്ടുണ്ട്.