#വർത്തമാനം

ആരോണ്‍ - ഒരു സ്വാതന്ത്ര്യപ്പറവയുടെ പതനം

25 Feb, 2013

വീണ്ടുമൊരു കൊലപാതകത്തിനു് ഞാനും നിങ്ങളുമടങ്ങുന്ന ഈ സമൂഹം കാരണമായിരിക്കുയാണു്. പുറത്തുനിന്നു നോക്കുന്ന ഒരാൾക്ക് പ്രഥമദൃഷ്ട്യാ കൊലപാതകമെന്നു തോന്നില്ലെങ്കിലും ഇതൊരു നരഹത്യയാണു്. നിറയെ സ്വപ്നങ്ങളുമായി വിഹായസ്സിലേക്കു് പറന്നു തുടങ്ങിയ അമേരിക്കൻ പ്രോഗ്രാമറും ഹാക്ടിവിസ്റ്റുമായ ആരോൺ സ്വാർട്സ് എന്ന ചെറുപ്പക്കാരനാണു് ഇക്കഴിഞ്ഞ ജനുവരി 11നു് തന്റെ ഇരുപത്തിയാറാം വയസ്സിൽ ഭരണകൂടത്തിന്റെ വേട്ടയാടലുകളും കോടതി മുറിയിലെ വാദപ്രതിവാദങ്ങളും അതു സൃഷ്ടിച്ച മാനസിക സംഘര്‍ഷങ്ങളും സഹിക്കവയ്യാതെ മരണത്തിനു കീഴടങ്ങിയതു്.

ശ്രദ്ധേയമായ വിദ്യാഭ്യാസസൈറ്റുകള്‍ക്കു് നല്കുന്ന ആര്‍സ്‌ഡിജിറ്റാ പുരസ്കാരം പതിമൂന്നാംവയസ്സില്‍ തന്നെ നേടി തന്റെ പ്രതിഭ തെളിയിച്ചവനാണു് ആരോണ്‍ സ്വാര്‍ട്സ്. ഇതിനോടനുബന്ധിയായി പ്രമുഖരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ച ആരോണ്‍ അവരില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് തൊട്ടടുത്ത കൊല്ലം വെബ്‌ഫീഡ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ആര്‍.എസ്.എസ്. എന്ന ഫയല്‍ തരത്തിനു് അടിസ്ഥാനം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഇന്നു പ്രശസ്തമായി മാറിയ സാമൂഹ്യ വാര്‍ത്താസൈറ്റായ റെഡിറ്റിന്റെ നിര്‍മ്മാതാവെന്ന നിലയിലും വെബ്‌‌ പൈ എന്ന വെബ്‌ ആപ്ലിക്കേഷന്‍ ഫ്രെയിംവര്‍ക്കിന്റെ ശില്പി എന്ന നിലയിലും താരമാകുന്നതാണു് പിന്നീട് കണ്ടതു്. 2006ല്‍ ഓപ്പണ്‍ലൈബ്രറി എന്ന പുസ്തകകാറ്റലോഗ് സൈറ്റിനു ചട്ടക്കൂടൊരുക്കുവാന്‍ ആരോണിനായി. അമേരിക്കന്‍ കോണ്‍ഗ്രസ് ലൈബ്രറിയിലെ 95 ശതമാനത്തിലധികം ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്ത് ഇവിടെയെത്തിക്കുന്ന പ്രവര്‍ത്തനത്തിലും ആരോണ്‍ വിജയം കണ്ടു.

2008ഓടെ സാമൂഹികപ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധതിരിച്ച ആരോണ്‍ രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനാരംഭിച്ചു. ഇതിനു പിന്നാലെ സ്വന്തമായി പെറ്റീഷനും ക്യാമ്പയിനിങ്ങും മറ്റും തുടങ്ങാന്‍ സഹായിക്കുന്ന വാച്ച്‌ഡോഗ് എന്ന സൈറ്റിനു തുടക്കമിട്ടു. മൂന്നു തലത്തിലായി പ്രവര്‍ത്തിച്ച ഈ സൈറ്റ് ഒരു പ്രോഗ്രാമര്‍ക്ക് എങ്ങനെ രാഷ്ട്രീയസേവനം നടത്താം എന്നതിനു ഒരു ഉദാത്തമാതൃകയായി. കൃത്യമായ നയങ്ങളിലൂടെ മാത്രമേ സുശക്തമായ സര്‍ക്കാര്‍ നിലനില്ക്കുകയുള്ളൂവെന്നും, അതിനുള്ള പ്രവര്‍ത്തനം അടിത്തട്ടില്‍ നിന്നും തുടങ്ങണം എന്നും വിശ്വസിച്ചതിനാലാകാം ആരോണ്‍ ഡിമാന്റ് പ്രൊഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നല്കാന്‍ കൂടിയതു്. ഇതിലൂടെയാണു് സോപ - പിപ മുതലായ കരിനിയമങ്ങളെ ആരോണ്‍ പരിചയപ്പെടുന്നതു്. സോപയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ മുന്‍നിരപ്പോരാളി തന്നെയായിരുന്നു ആരോണ്‍. ഒന്നര കൊല്ലത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ സോപ കീഴടങ്ങിയപ്പോള്‍ അതിനായി ആരോണ്‍ വഹിച്ച പങ്ക് മറക്കാവുന്നതല്ല.

ഒരു സുഹൃത്താണു് ആരോണിനു് ലാറി ലെസിങ്ങിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നതു്. അദ്ദേഹവുമായി വളരെ നല്ല വ്യക്തിബന്ധത്തിലായ ആരോണ്‍, ലെസിങ്ങിനെ ക്രിയേറ്റീവ് കോമണ്‍സ് എന്ന പ്രസ്ഥാനം ആരംഭിക്കുന്നതിലും മറ്റും വളരെയധികം സഹായിച്ചു. ക്രിയേറ്റീവ് കോമണ്‍സ് സാങ്കേതികവിദ്യാ‌ ടീമിലെ ഒരു പ്രധാനിയായി തന്നെ ആരോണ്‍ മാറി. വളരെയധികം ശക്തവും ആഴത്തിലുള്ളതുമായ വിജ്ഞാന സ്വാതന്ത്ര്യബോധം ആരോണിലുണ്ടാക്കാന്‍ ഈ പ്രവര്‍ത്തങ്ങള്‍ സഹായിച്ചു എന്നുവേണം കരുതാന്‍. സമാന ചിന്താധാരയുള്ള വിക്കിലീക്സുമായും അനോണിമസുമായും പിന്നീടു് ആരോണ്‍ സഹകരിച്ചതു് ഇതിനു് അടിവരയിടുന്നു. 2008ല്‍ ആരോണ്‍ തയ്യാറാക്കിയ ഗറില്ല ഓപ്പണ്‍ ആക്സസ് മാനിഫെസ്റ്റോയില്‍ ഓപ്പണ്‍ ആക്സസ് എന്ന ആശയത്തെ വ്യക്തമായി വിഭാവന ചെയ്തിട്ടുണ്ടു്. ലോകത്തിന്റെ സാംസ്കാരിക ശാസ്ത്രപൈതൃകം കുത്തകകളുടെ കയ്യില്‍ മാത്രമായി ഒതുങ്ങുന്നതിലെ അപകടവും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ടു്.