#സിനിമ

പാളിനോട്ടങ്ങള്‍ക്കു ഷട്ടറിട്ട് ജോയ് മാത്യു

ജോൺ ഏബ്രഹാമിന്റെ അമ്മ അറിയാനിൽ അഭിനയിക്കുമ്പോൾ ജോയ് മാത്യുവിനും ലോകത്തിനും ഇന്നത്തേക്കാള്‍ കാല്‍നൂറ്റാണ്ടിലധികം പ്രായക്കുറവുണ്ടായിരുന്നു. ആ ചിത്രവും മറ്റേതൊരു ഗൗരവപ്പെട്ട കലാസൃഷ്ടിയെയും പോലെ രണ്ടു തലമുറകളുടെ ആശയങ്ങളിലെ വൈഭിന്ന്യത്തെയും അവയുടെ ലയനത്തെയും പ്രതിനിധീകരിച്ചു. ഇപ്പോള്‍, ആ കാലവും ഈ കാലവും തമ്മില്‍, ഒരു വ്യക്തിയുടെ യുവത്വപ്രാപ്തിയോളം ആണ്ടുകളുടെ വിടവുണ്ടായിക്കഴിഞ്ഞ ശേഷം ജോയ് മാത്യൂ തന്റെ ആദ്യചലച്ചിത്രസംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ്.

ഷട്ടർ എന്ന ചിത്രം ചിത്രീകരണമാരംഭിച്ച് ഒരുവര്‍ഷത്തിലധികമായിരിക്കുന്നു. കഴിഞ്ഞ തിരുവനന്തപുരം മേളയില്‍ പ്രദര്‍ശിപ്പിക്കുകയും പ്രേക്ഷകരുടെ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു ഇതിനിടെ. ഇപ്പോള്‍, ചിത്രം കേരളത്തിലെ പ്രേക്ഷകരുടെ മുന്നിലുണ്ട്. അവാര്‍ഡ് സിനിമയെന്നോ ന്യൂ ജനറേഷൻ സിനിമയെന്നോ ഒക്കെയുള്ള വിരക്തികളോ ആസക്തികളോ ബാധിക്കാതെ, മറ്റൊരു തരം അഭിരുചിയെയും ആസ്വാദകശേഷിയെയും ഉന്നംവയ്ക്കുന്ന ഷട്ടര്‍ കൃത്യമായും രണ്ടു തലമുറകളുടെ - സിനിമയിലെയും സമൂഹത്തിലെയും പ്രേക്ഷകവൃന്ദത്തിലെയും - ഇടയിലൊരു ഷട്ടറാകുകയാണ്. അതു നിങ്ങള്‍ക്ക് തുറക്കുകയോ തുറക്കാതിരിക്കുകയോ ചെയ്യാം. തുറക്കാന്‍ നിങ്ങള്‍ ആദ്യം അതില്‍ പെട്ടെന്നു തിരിച്ചറിയേണ്ടതുണ്ട്. പിന്നെ, ശ്രമപ്പെടേണ്ടതുണ്ട്, ഒരുപക്ഷേ, നിങ്ങള്‍ക്കതു തുറക്കാന്‍ കഴിഞ്ഞില്ലെന്നുവരാം. അല്ലെങ്കിലൊരുപക്ഷേ, മറ്റൊരാള്‍, നിങ്ങള്‍ പ്രതീക്ഷിക്കുകയേ ചെയ്യാത്ത ഒരാളായിരിക്കാം നിങ്ങള്‍ക്കതു തുറന്നുതരിക. ഷട്ടറുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജോയ് മാത്യൂ സംസാരിക്കുന്നു -

? സംസ്ഥാനചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുവല്ലോ. ഷട്ടര്‍ ഏറെക്കുറേ പൂര്‍ണമായും തന്നെ തഴയപ്പെട്ടിരിക്കുകയാണ്. ഒരു ചാനല്‍ച്ചര്‍ച്ചയില്‍ പങ്കെടുത്ത്, താങ്കള്‍ ജ്യൂറി നിലവാരമില്ലാത്തതാണെന്നു പറഞ്ഞിരുന്നു. ഇവിടെ വളരെക്കാലമായി ഇക്കാര്യം പലരാല്‍ ഉന്നയിക്കപ്പെട്ടതാണ്. നിലവാരത്തെക്കുറിച്ചുള്ള ആശങ്കയുള്ളപ്പോള്‍ അയയ്ക്കാതിരിക്കുകയാണുചിതം എന്ന മറുവാദവും പ്രബലം. എന്താണ് സമഗ്രമായി പറയാനുള്ളത്.

= ജ്യൂറിയുടെ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക നേരത്തേ തന്നെയുള്ളതാണ്. പക്ഷേ, എന്റെ ചിത്രം എന്നത് എന്റെ മാത്രം ചിത്രമല്ലെന്നു കരുതുന്നതുകൊണ്ടാണ് അത് ആശങ്കയോടെയെങ്കിലും അവാര്‍ഡിനയച്ചത്. ഷട്ടറില്‍ അഭിനയിച്ചിരിക്കുന്ന നടീനടന്മാര്‍, അതിനു പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതികപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രകടനങ്ങളും വളരെ പ്രധാനമാണ്. എന്റെ മുന്‍ധാരണപ്രകാരമുള്ള നടപടി കാരണം, അവരുടെ വലിയൊരു സാദ്ധ്യത ഇല്ലാതാകരുത് എന്നു കരുതി. ഇപ്പോള്‍ത്തന്നെ, ഒരു ഒതുക്കല്‍നടപടിയായിട്ടാണെങ്കിലും സജിത മഠത്തിലിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് കിട്ടി. അത് സജിത എന്ന നടിയെ മലയാളം ഭാവിയില്‍ നോട്ടുചെയ്യാന്‍ സഹായകരമാകും.