#ഫിലിം റിവ്യൂ

കിളി പോയി: ന്യൂവേവും കഞ്ചാവും

19 Mar, 2013

വി. കെ പ്രകാശിന്റെ ശിഷ്യനായ വിനയ് ഗോവിന്ദ്  ആദ്യമായി സംവിധാനം ചെയ്ത 'കിളി പോയി' ധാരാളം കൂവലുകളും കുറച്ചുമാത്രം കയ്യടികളും നേടി പ്രദർശനം തുടരുകയാണ്. ഈ ചിത്രം ഇന്നത്തെ മലയാള സിനിമയിലെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന നവതുരങ്കത്തിന്റെ പശ്ചാത്തലത്തിൽ തീർച്ചയായും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

ചിത്രം തുടങ്ങുന്നത് 'ബോയിംഗ് ബോയിംഗ്' എന്ന പ്രിയദർശൻ ചിത്രത്തിലെ, അഥവാ ഒറിനജിനലിന്റെ  പേര് പോലും മാറ്റാതെ  പ്രിയൻ  കോപ്പിയടിച്ചുണ്ടാക്കിയ സിനിമയിലെ, ഈ പ്രശസ്തമായ രംഗത്തോടെയാണ്. ഈ രംഗം യാദൃശ്ചികമായ ഒരു തമാശയ്ക്ക് വേണ്ടി ഉൾപ്പെടുത്തിയത് മാത്രമാണ് എന്ന് കരുതാൻ നിർവ്വാഹമില്ല, 'ന്യൂവേവി'ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

ഇന്ന് മാർക്കറ്റ്‌ നവതലമുറ സിനിമയ്ക്ക് ആണ്, അഥവാ പുതിയൊരു സിനിമയുടെ ആശയവുമായി ചെല്ലുന്ന സംവിധായകരും കഥാകൃത്തുകളും തലമുറഭേദമന്യേ നേരിടുന്ന ചോദ്യം പടം ന്യൂവേവ്‌ ആണോ എന്നത്രേ. മണിയൻ പിള്ള രാജു ഒരു അഭിമുഖത്തിൽ പറഞ്ഞത് നവതലമുറ സിനിമ ആയതുകൊണ്ടാണ്‌ 'ബ്ലാക്ക് ബട്ടർഫ്ലൈ' നിർമ്മിക്കാൻ താൻ തുനിഞ്ഞിറങ്ങിയത്‌ എന്നും ഓർക്കുക. രാജുവിന്റെ മകൻ നായകനായി നടിച്ച ഈ ചിത്രം മറ്റു പല നവതുരങ്കങ്ങളെയും പോലെ ഒരു ദുരന്തമായി മാറി എന്നത് വേറെ കാര്യം.