#ചിത്രകല

ടാസ്കിവിളിയെടാ... ടാസ്കി

ഒറ്റപ്രദർശനത്തിനു് എന്തുമാറ്റം വരുത്താൻ കഴിയും? ഒരുപാടു്... അതാണു് കചടതപ എന്നു പേരിട്ട ഭട്ടതിരിയുടെ മലയാളം കാലിഗ്രാഫി പ്രദര്‍ശനം കൊണ്ടുവന്ന മാറ്റം. കേരളത്തിലെ വിവിധ പ്രസിദ്ധീകരണങ്ങളിലായി വര്‍ഷങ്ങൾകൊണ്ടു് ഭട്ടതിരി വരച്ച ഡിസൈനുകള്‍ / നോവലുകളുടെ, കഥകളുടെ, കവിതകളുടെ, ലേഖനങ്ങളുടെ ഒക്കെ തലക്കെട്ടെഴുത്തുകള്‍, പ്രസിദ്ധീകരണങ്ങളുടെ മാസ്റ്റ് ഹെഡ്, കടകളുടെ സൈന്‍ബോര്‍ഡ് ഇവയെല്ലാം തപ്പിപ്പെറുക്കി തിരുവനന്തപുരത്തെ ഒരു ചെറിയ ആര്‍ട്സ് കഫേയിൽ 2012 ഡിസംബര്‍ 9 മുതല്‍ 15 വരെ ഒരു കാലിഗ്രാഫി പ്രദര്‍ശനം നടന്നു. ചലച്ചിത്രോത്സവക്കാലത്തു് തിരുവനന്തപുരം വഴുതക്കാടുള്ള സൂര്യ ആര്‍ട് ഗ്യാലറിയില്‍ നടന്ന ആ പ്രദര്‍ശനം കാണാന്‍ മലയാളം വരയെഴുത്തില്‍ താത്പര്യമുള്ള ഒട്ടേറെപ്പേര്‍ കേരളത്തിലെമ്പാടുനിന്നും വന്നു. ആ പ്രദര്‍ശനം ഉണ്ടാക്കിയ ഉണര്‍വ്വ് ചില്ലറയല്ല.

തലക്കെട്ടടിക്കാന്‍ പത്രമാസികകള്‍ പ്രത്യേകം ബ്ലോക്ക് ഉണ്ടാക്കിക്കൊണ്ടിരുന്ന കാലത്താണു് ഭട്ടതിരിയുടെ തലക്കെട്ടെഴുത്തുകള്‍ കേരളത്തില്‍ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്നതു്. എന്നാല്‍ അച്ചുകൂടങ്ങള്‍ ഡെസ്ക് ടോപ് പബ്ലിഷിങ്ങിനു വഴിമാറിയപ്പോള്‍ ഗ്രാഫിൿ പ്രോഗ്രാമുകളുപയോഗിച്ചു ചെയ്യുന്ന റാസ്റ്റര്‍ ഡിസൈനുകളും വെക്ടര്‍ ഡിസൈനുകളും ആ സ്ഥാനത്തേക്കു് കടന്നുവരാന്‍ തുടങ്ങി. ചുവരെഴുത്തുകള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ക്കു് വഴിമാറുന്നതും ഇതിന്റെ തുടര്‍ച്ചയായാണു്. ചുവരെഴുത്തുകള്‍ അസ്തമിച്ചതോടെ മലയാളത്തിന്റെ തനതായ ഒട്ടേറെ എഴുത്തുരീതികള്‍ കൂടിയാണു് ഇല്ലാതായതു്. ചുവരെഴുതി ജീവിച്ചിരുന്ന ഒട്ടേറെ കലാകാരന്മാരുടെ വ്യതിരിക്തമായ കയ്യെഴുത്തുകള്‍ ചരിത്രത്തിന്റെ ശേഷിപ്പായി അവിടവിടെ കാണാം എന്നല്ലാതെ അവയില്‍ പലതും ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുപോലുമില്ല. സ്ഥലംലാഭിക്കാനായി, ഏറിയകൂറും തനതുലിപിയിലായിരുന്നു, ഈ ചുവരെഴുത്തുകളൊക്കെ വന്നിരുന്നതു്. എന്നാല്‍ ഫ്ളക്സ് വിപ്ലവത്തില്‍ അവയെല്ലാം ഒലിച്ചുപോയി. തിരഞ്ഞെടുത്ത എട്ടോപത്തോ പുതിയലിപി ആസ്കി ഫോണ്ടുകളിലൊതുങ്ങി, നമ്മുടെ ഫ്ലക്സ് വിപ്ലവം.

ഈ കാലത്തേക്കാണു് കചടതപയുമായി ഭട്ടതിരിയുടെ കടന്നുവരവു്. അതുകണ്ടിറങ്ങിയ മെഹറിന്‍ റോഷനാരാ എന്ന ലോകോളേജ് വിദ്യാര്‍ത്ഥിനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട കൊച്ചിക്കാരനായ ഓറിയോൺ സി ജോസ് എന്ന ഡിസൈനര്‍ എന്തുകൊണ്ടു മലയാളത്തില്‍ കുറേ പോസ്റ്ററുകള്‍ ചെയ്തുകൂടാ എന്ന ചിന്തയുമായി മല്‍പ്പിടുത്തം തുടങ്ങി. അങ്ങനെ വിരിഞ്ഞതാണു്, മഴ എന്ന കാലിഗ്രാഫി.