#നിരീക്ഷണം

സവര്‍ക്കര്‍ വീരനായകനോ?

02 Apr, 2013

വിനായക് ദാമോദർ സവർക്കർ - സ്വാതന്ത്ര്യ വീർ എന്ന് പുകൾ പെറ്റ സവർക്കർ നിർഭയനായ ഒരു സ്വാതന്ത്ര്യ പോരാളിയും സാമൂഹ്യ പരിഷ്‌കർത്താവും എഴുത്തുകാരനും കവിയും ചരിത്രകാരനും രാഷ്ട്രീയ നേതാവും തത്വചിന്തകനും ആയിരുന്നു. പക്ഷേ ദശകങ്ങളായി വീരസവർക്കറിനെതിരേ നടന്ന് വരുന്ന കുപ്രചരണങ്ങളും തെറ്റിദ്ധാരണാജനകമായ നീക്കങ്ങളും കാരണം വീരസവർക്കർ വലിയൊരു വിഭാഗം ജനതക്ക് അജ്ഞാതനായി തുടർന്നു എന്നത് സത്യമാണ്.

ആരാണ് വീര സവർക്കർ?

  • ഇന്ത്യയുടെ ലക്ഷ്യം പൂർണ്ണമായ രാഷ്ട്രീയ സ്വാതന്ത്ര്യമാണെന്ന് 1900ൽ ആദ്യമായി സധൈര്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് സവർക്കർ.

  • 1905 ൽ വിദേശവസ്ത്രങ്ങൾ സധൈര്യം തീയിട്ട് പ്രതിഷേധിച്ച ആദ്യ രാഷ്ട്രീയ നേതാവാണ് സവർക്കർ.

  • 1906 ൽ അന്താരാഷ്ട്രാ തലത്തിൽ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യ രാഷ്ട്രീയ നേതാവാണ് സവർക്കർ.

  • സ്വാതന്ത്ര്യ പോരാട്ടങ്ങൾ കാരണമായി ബാരിസ്റ്റർ പട്ടം തടയപ്പെട്ട അദ്യ ഇന്ത്യൻ നിയമ വിദ്യാർത്ഥിയാണ് സവർക്കർ.

  • ബ്രിട്ടീഷ് കോടതികൾക്ക് നിയമപരമായ ഒട്ടേറെ തലവേദനകൾ സൃഷ്ടിച്ച അറസ്റ്റിന് വിധേയമായ ഏക ഇന്ത്യൻ നേതാവാണ് വീര സവർക്കർ.

  • പ്രകാശനം ചെയ്യപ്പെടും മുമ്പ് നിരോധിക്കപ്പെട്ട, 1857 ലെ ഇന്ത്യൻ സാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള പുസ്തകമെഴുതിയ ആദ്യ ഇന്ത്യൻ ചരിത്രകാരനാണ് സവർക്കർ. (1909)

  • തടവ് ചാടാൻ ധൈര്യം കാണിക്കുകയും ഫ്രെഞ്ച് മണ്ണിൽ വെച്ച് അറസ്റ്റിലാവുകയും ചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രീയ തടവുകാരനാണ് സവർക്കർ. (1910)

  • സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയത് കാരണം ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റി ബിരുദം പിൻവലിച്ച ആദ്യ ബിരുദധാരിയാണ് സവർക്കർ. (1911)

  • തൊട്ടുകൂടായ്‌മക്ക് അന്ത്യം കുറിച്ച ആദ്യ ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവാൺ സവർക്കർ.

  • ജീവിതത്തിൽ രണ്ട് തവണ നാടു കടത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനാണ് സവർക്കർ.

വിനായക് ദാമോദർ സവർക്കർ എന്ന വീരസവർക്കർ എന്ന “സ്വാതന്ത്ര്യ വീർ സവർക്കറിനെ” വീരാഭിമാനത്തോടെ അനുയായികൾ വിശേഷിപ്പിക്കുന്നതിന്റെ ചില ഉദാഹരണങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അവർ തന്നെ വിശേഷിപ്പിക്കുന്നത് പോലെ “വലിയൊരു വിഭാഗം ജനതക്ക് അജ്ഞാതനായി തുടർന്ന” വിനായക് ദാമോദർ സവർക്കർ എന്നുമുതലാണ് തുല്യതകളില്ലാത്ത സ്വാതന്ത്ര്യ സമര പോരാളിയും ദേശീയ നായകനും ആയത് എന്നതും സവർക്കറിന്റെ പോരാട്ടങ്ങളും പ്രവൃത്തികളും മേലെ അവകാശവാദങ്ങളുടെ സാംഗത്യവും നമുക്കൊന്ന് പരിശോധിക്കാം.