#വിശകലനം

വരിയില്‍ നടക്കാത്ത സ്ത്രീകള്‍

19 Jun, 2013

നമ്മുടെ സമൂഹത്തിൽ, ഭാരതത്തില്‍, വിശേഷിച്ചും കേരളത്തില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസം ഉണ്ട്; അടക്കവും ഒതുക്കവും ഉള്ള പെങ്ങൾ, ഭാര്യ, അമ്മ എന്നീ വരയില്‍ നിന്ന് എന്തെങ്കിലും കാരണത്താല്‍ വ്യതിചലിക്കുന്ന സ്ത്രീകളെ വിമർശിക്കുന്നതിലെ ആശയ ഐക്യം. ഈ പറഞ്ഞ വരി തെറ്റിക്കുന്ന സ്ത്രീയുടെ അടിസ്ഥാനപ്രശ്നം ലൈംഗിക അരാജകത്വം ആണെന്നാണ് ആൺ പെണ്‍ ഭേദമന്യേ നമ്മുടെ സമൂഹം പറഞ്ഞുവയ്ക്കുന്നത്. സ്ത്രീ അവളുടെ അവകാശങ്ങളെപ്പറ്റി പറഞ്ഞാല്‍, രാഷ്ട്രീയം പറഞ്ഞാല്‍, അനീതിയെ എതിര്‍ത്താല്‍, മോഷ്ടിച്ചാല്‍, കൊന്നാല്‍, അഴിമതി നടത്തിയാല്‍, അടിച്ചമര്‍ത്തി ഭരണം നടത്തിയാല്‍ നമ്മുടെ സമൂഹത്തിന്റെ കണ്ണില്‍ അതിനൊക്കെ കാരണം ഒന്നേ ഒന്നാണ്; “അവള്‍ക്ക് കഴപ്പാണ്". കുറ്റം എന്ത് തന്നെയാവട്ടെ, പ്രതിസ്ഥാനത്ത്‌ സ്ത്രീയാണ് എങ്കില്‍ ഈ ഒരൊറ്റക്കളത്തില്‍ ചവിട്ടിനിന്നുള്ള ആരോപണങ്ങളാണ് കേള്‍ക്കുക. സ്ത്രീയുടെ ഏറ്റവും വലിയ ആവശ്യം ലൈംഗികസംതൃപ്തിയാണെന്ന് പുരുഷന്മാര്‍ ധരിച്ചുവച്ചിട്ടുണ്ട് എന്നുകരുതണം, ഇത്തരത്തിലുള്ള ജല്‍പ്പനങ്ങള്‍ കേള്‍ക്കുമ്പോള്‍ ! അല്ലെങ്കില്‍ അവള്‍ എന്ത് കുറ്റം ചെയ്താലും അതിനെയെല്ലാം ആ ഒരൊറ്റ പദപ്രയോഗത്തില്‍ കൊണ്ട് തളയ്ക്കുന്നത് എന്തിനാവും?

മോഷ്ടിക്കുന്ന സ്ത്രീ, കൊലയാളിയായ സ്ത്രീ, അഴിമതി നടത്തുന്ന സ്ത്രീ, ഗൂഢാലോചനകള്‍ നടത്തുന്ന സ്ത്രീ, എന്തിന് ഒരു പുരുഷന്റെ അഭിപ്രായത്തോട് എതിരഭിപ്രായം ഉള്ള സ്ത്രീയായാലും മതി, അവരുടെ എല്ലാ കുറ്റകൃത്യങ്ങളും പരാമര്‍ശിക്കപ്പെടുക അവള് പെഴയാണ് എന്ന നിര്‍ണ്ണയത്തില്‍ ആണ്.

കേരള സമൂഹത്തിന്റെ സദാ ഇരമ്പുന്ന മനസ്സാക്ഷിയായ facebook മുതല്‍ പൊതുനിരത്തുകളില്‍ വരെ നമ്മള്‍ ഇതിന്റെ സ്ഫുരണങ്ങള്‍ അറിയുന്നു.