#സാഹിത്യം

ഗ്വാണ്ടനാമോയില്‍ നിന്നൊരു കവിത: കടലിനൊരുഗീതം

യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് അയോവ പ്രസിദ്ധീകരിച്ച ഗ്വാണ്ടനാമോയിൽ നിന്നുള്ള കവിതകൾ: തടവുപുള്ളികള്‍ സംസാരിക്കുന്നു എന്ന സമാഹാരത്തില്‍ നോർത്തേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് ലോയില്‍ പ്രൊഫസറായ മാര്‍ക് ഫാല്‍ക്കോഫ് എഡിറ്റ് ചെയ്തുചേര്‍ത്ത കവിതകളിലൊന്നാണു്, ഇബ്രാഹിം സുലൈമാൻ മുഹമ്മദ് അര്‍ബായിഷ് എന്ന ഷെയ്ക്ക് ഇബ്രാഹിം അല്‍ റുബായിഷ് രചിച്ച കടലിനൊരുഗീതം.  ഡിസംബര്‍ 2006ല്‍ ഗ്വാണ്ടനാമോ ബേയിലെ തടങ്കല്‍പ്പാളയത്തില്‍നിന്നു് നിരുപാധികം വിട്ടയക്കപ്പെട്ട തടവുപുള്ളിയായിരുന്നു അല്‍ റുബായിഷ്. പാക്കിസ്ഥാനില്‍ അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടിരിക്കെയാണു്, കൂലിപ്പട്ടാളക്കാര്‍ സൌദി പൌരനായ ഇബ്രാഹിം അല്‍-റുബായിഷിനെ പിടികൂടി സഖ്യസേനയ്ക്കു് വില്‍ക്കുന്നതു്. മുമ്പു് ന്യായാധിപപദവിയിലേക്കുവരെ പരിഗണിച്ചിരുന്ന വ്യക്തിയാണു്, ഇദ്ദേഹം. 2001 മുതല്‍ 2006 വരെ അഞ്ചുവര്‍ഷമാണു് റുബായിഷ് അന്യായത്തടവില്‍ കിടന്നതു്. യുഎസിന്റെ പിടിയിലകപ്പെടുമ്പോള്‍ ഇദ്ദേഹത്തിന്റെ മകള്‍ക്കു് മൂന്നുമാസം പ്രായമെത്തിയതേയുണ്ടായിരുന്നുള്ളൂ.

സൈനികക്കോടതിയിലെ വിചാരണയ്ക്കിടെ, 'അപകടകാരിയാണെന്നു് ഞങ്ങള്‍ തുടര്‍ന്നും കരുതുകയാണെങ്കില്‍, താങ്കള്‍ പിടിച്ചുവയ്ക്കപ്പെടും. അപകടകാരിയായി കരുതാതിരുന്നാല്‍ ഞങ്ങള്‍ വിട്ടയ്ക്കാന്‍ ശുപാര്‍ശ ചെയ്യും. നിങ്ങളെ വിട്ടയയ്ക്കുന്നതിനു് ഞങ്ങളെന്തുകൊണ്ടു് പരിഗണിക്കണം?' എന്ന ചോദ്യത്തോടു് റുബായിഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "അന്താരാഷ്ട്രക്കോടതികളില്‍, കുറ്റവാളിയാണെന്നു് സ്ഥിരീകരിക്കുംവരെ ഒരാള്‍ നിരപരാധിയാണു്. എന്തുകൊണ്ടാണു് ഇവിടെ ഒരു വ്യക്തി നിരപരാധിയാണെന്നു് തെളിയിക്കപ്പെടുംവരെ കുറ്റവാളിയെന്നു് കരുതപ്പെടുന്നതു്?' വിട്ടയ്ക്കപ്പെട്ട ശേഷം ഇദ്ദേഹം അല്‍ഖ്വയ്ദ എന്ന തീവ്രവാദപ്രസ്ഥാനവുമായി ബന്ധപ്പെട്ടു് പ്രവര്‍ത്തിക്കുന്നതായും മാതൃരാജ്യമായ സൌദി അറേബ്യ ഇദ്ദേഹത്തെ നാടുകടത്തിയതിനെ തുടര്‍ന്നു് യെമനില്‍ കേന്ദ്രീകരിച്ചു് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു് നേതൃത്വം നല്‍കുന്നതായും ആരോപണമുണ്ടു്.

കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ ഇംഗ്ലീഷിന്റെ സിലബസില്‍ സാഹിത്യവും സമകാലികപ്രശ്നങ്ങളും എന്ന പേപ്പറിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്ന ഈ കവിത, കവി തീവ്രവാദിയാണെന്ന വിവാദത്തെ തുടര്‍ന്നു് സിലബസില്‍ നിന്നു പിന്‍വലിക്കപ്പെട്ടു. കവിയുടെ രാഷ്ട്രീയത്തിനുപരിയായി എക്സ്ട്രാ ജുഡീഷ്യല്‍ തടവിനു വിധേയനായ ഒരാളുടെ മാനസികാവസ്ഥ വ്യക്തമാക്കുന്ന കവിത എന്ന നിലയില്‍ ഈ കവിത വായനയ്ക്കും മനനത്തിനുമായി സമര്‍പ്പിക്കുന്നു.

‌************