#വിശകലനം

ഇത് തോറ്റതാണെങ്കില്‍ പിന്നെ ജയിച്ചത് ഏതാണ്?

13 Sep, 2013

“യഥാർത്ഥ ചരിത്രജ്ഞാനം, ആപത്തിന്റെ നിമിഷത്തിൽ മനസ്സിലൂടെ മിന്നിമറയുന്ന ഒരോര്‍മ്മയെ കൈയെത്തിപ്പിടിക്കലാണ്” -വാൾട്ടര്‍ ബെഞ്ചമിൻ

ഇടതുപക്ഷ ജനാധിപത്യമുന്നണി ഈയിടെ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരം, അതിന്റെ സമാപനത്തിനു ശേഷം ഒട്ടേറെ ചര്‍ച്ചകള്‍ക്ക് കാരണമാവുകയുണ്ടായി. കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലം മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ രൂപപ്പെട്ടതും ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു ശേഷം അത്ഭുതകരമാംവിധം കൂട്ടിയോജിപ്പിക്കപ്പെട്ടതുമായ ഇടതുപക്ഷവിരുദ്ധമഹാസഖ്യം സമരം ‘തോറ്റു’ പോയതിന്റെ ആഹ്ളാദം ഒട്ടും തന്നെ മറച്ചുവെക്കുകയുണ്ടായില്ല. യു.ഡി.എഫിന്റെ കടുത്ത അനുയായികളേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത സുഹൃത്തുക്കളേയും മാറ്റി നിര്‍ത്തിയാല്‍, സ്വയം അഴിമതി വിരുദ്ധരും ഇടതുപക്ഷക്കാരുമായി കരുതുന്ന പലരും സമരം തോറ്റുപോയതിലുള്ള തങ്ങളുടെ നിരാശ ഉച്ചത്തില്‍തന്നെ പറയുകയുണ്ടായി. അത്തരമൊരു വിളിച്ചു പറയലിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെ.പി.സേതുനാഥിന്റെ ‘വ്യവസ്ഥാപിത ഇടതിന്റെ കൂട്ടത്തോല്‍വികള്‍’ എന്ന ലേഖനം (മാതൃഭൂമി ആഴ്ചപതിപ്പ് ലക്കം 25).

അതിവേഗത്തില്‍ കാഴ്ചക്കാരായി മാറിക്കൊണ്ടിരിക്കുന്ന ഒരു പുത്തന്‍ സമൂഹത്തിന്റെ ആഴം കുറഞ്ഞ ധാരണകള്‍, സൈദ്ധാന്തിക നാട്യങ്ങളില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് സേതുനാഥ് ലേഖനത്തിലുടീളം ശ്രമിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട നിരീക്ഷണമല്ലാത്തതിനാലും അമിതമായ ലളിതവല്‍ക്കരണത്തിന്റേയും യുക്തിരഹിതമായ സാമാന്യവല്‍ക്കരണത്തിന്റെയും കിന്നരിവെച്ച കുതിരപ്പുറത്താണ് ഗഹനമായ വിഷയങ്ങള്‍പോലും ഇന്ന് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത് എന്നതിനാലും തീര്‍ച്ചയായും അവയിലെ പ്രതിപാദ്യവിഷയങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്.

ജനാധിപത്യം, പൌരാവകാശം, ജനം, സിവില്‍സമൂഹം, ഇടതുപക്ഷം, മാര്‍ക്സിസം, ഭരണകൂടം, നൈതികത, ആഗോളവല്‍ക്കരണം തുടങ്ങി കനപ്പെട്ട പലതും കടന്നുവരുന്ന ഇത്തരം ചര്‍ച്ചകള്‍ അവസാനമെത്തുന്ന നിഗമനം, സ്വാഭാവികമായും വ്യവസ്ഥാപിത ഇടതുപക്ഷത്തിനു തോല്‍വി പിണഞ്ഞു എന്നുതന്നെയാണ്. അതിന്റെ കാരണമാകട്ടെ ഇടതുപക്ഷത്തിന്, വിശേഷിച്ച് സി.പി.ഐ(എം)ന് സംഭവിച്ചിട്ടുള്ള ഗുരുതരമായ സൈദ്ധാന്തിക പ്രതിസന്ധികളുമാണത്രെ.