#ഫിലിം റിവ്യൂ

ഇടുക്കി ഗോള്‍ഡ്‌ എന്ന പുത്രകാമേഷ്ഠിയാഗം

ഇടുക്കി ഗോൾഡ്‌ വായിച്ചിട്ടില്ല / വലിച്ചിട്ടില്ല. അത് കൊണ്ട് എളുപ്പത്തിൽ കൈയ്യില്‍ കിട്ടാവുന്ന സംഭവത്തിന്റെ ദൃശ്യാവതാരത്തെ തന്നെ പിടിച്ചു നിരീക്ഷിച്ചുകളയാം.

'ഇടുക്കി ഗോൾഡ്‌' അങ്ങനെ പ്രത്യേകപരാമർശം  അർഹിക്കേണ്ടുന്ന ഒരു  കഥാതന്തുവോ ദൃശ്യപരിചരണരീതിയോ സ്വീകരിക്കുന്നില്ലെന് കാണാം. അത് കൊണ്ട് തന്നെ അതിൽ സഹകരിച്ചവരുടെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള വിലയിരുത്തലുകൾക്ക്  വലിയ പ്രസക്തി ഇല്ലെന്നു വരുന്നു. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ടുന്ന വിഷയം സംവിധായകൻ അറിഞ്ഞോ അറിയാതെയോ കഥയിലൂടെ എറിഞ്ഞു തരുന്ന ചില സൂചനകളേയാണ്. ആ സൂചനകളെ പിന്തുടരുന്ന നിരീക്ഷണ രീതി പിൻപറ്റുക  വഴി മറ്റൊരു കഥ തന്നെ സൃഷ്ടിക്കപ്പെടുന്നുണ്ട് ഇതിൽ.

സാള്‍ട്ട് ആൻഡ്‌ പെപ്പറിലെ 'ജോവാന്‍സ് റെയിന്‍ബോ കേക്ക്' പോലെ നിർമിതിയുടെ വിശിദീകരണം കൊണ്ട് തന്നെ പ്രേക്ഷകരെ അതിശയിക്കാവുന്ന ഒരു വൈല്‍ഡ്‌കാര്‍ഡ്‌ ആണ് 'ഇടുക്കി ഗോള്‍ഡും'. എന്നാല്‍, കാഴ്ചയില്‍ നിര്‍ദോഷമായ ജോവാന്‍സ് കേക്കിന്റെ നിര്‍മിതി പോലെയല്ല ഇടുക്കി ഗോള്‍ഡിനെ കുറിച്ചുള്ള ഭാവഗീതങ്ങള്‍. അതിന്റെ കൂടെ തന്നെ ചില്ലറ സദാചാര ബോധങ്ങളും കൂടി ഉദിച്ചുണര്‍ന്നു വരും. അതിനെ സംവിധായകന്‍ defend ചെയ്യുന്നത് "ലഹരിയുടെ ഉപയോഗം കൊണ്ട് വന്ധ്യതയും തുടര്‍ന്ന് മരണവും ഉണ്ടാവും!" എന്ന് പടത്തിനു മുൻ-കുറിപ്പ് എഴുതി വെച്ചും പിന്നെ അത് തന്നെ ചിത്രത്തിലൂടെ ഒരു സാരോപദേശ കഥയായി 'തെളിയിച്ചു' തന്നും ആണ്.

ചെറുപ്പത്തില്‍ ഇടുക്കി ഗോള്‍ഡ്‌ വലിച്ച് അതുവഴി തത്വത്തില്‍ ഷണ്‌ഡന്മാരായ അഞ്ചു സഹപാഠികളുടെ കഥയാണ്‌ 'ഇടുക്കി ഗോള്‍ഡ്‌'. ഈ ഷണ്‌ഡത്തം ഇവരില്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതികളില്‍ ആണ്. മ്ലേച്ചൻ രവി (രവീന്ദ്രന്‍) യുടെ കുസൃതിത്തരങ്ങൾക്കിടയിൽ  ഓരൊന്നാന്തരം pervertനെ നമുക്ക് കാണാൻ കഴിയും. ആന്റണിയുടെ (ബാബു ആന്റണി) വിവാഹ ബന്ധം ഒരു അടിമ/ഉടമ ഇടപാടാണ്. നിയമപരമായി അവര്‍ക്കുണ്ടാകുന്ന കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി സ്വന്തം ഭാര്യയുമായി നടത്തുന്ന വിലപേശലില്‍ ആണ് ആന്റണി ഇടുക്കി ഗോള്‍ഡ്‌ തേടിയുള്ള യാത്രയ്ക്ക് സീറ്റ്‌ ഒപ്പിക്കുന്നത്.