#സാഹിത്യം

ഹൈക്കുവിനെപ്പറ്റി ഒരു ടെലി കോണ്‍ഫറന്‍സ്

10 Nov, 2013

ഇന്നു രാവിലെ കൌതുകകരമായ ഒരു സംഭവമുണ്ടായി. അമേരിക്കയിൽ കവിതയെഴുതുന്ന കുറച്ചു മലയാളിസുഹൃത്തുക്കളുമായി ഒരു കാവ്യസംവാദം. അവിടെയുള്ള ജെയിൻ എന്ന സുഹൃത്ത് ഫോണില്‍ വിളിച്ചു. മലയാളത്തിലെ ആധുനികകവിതയുടെതന്നെ തുടക്കക്കാരിലൊരാളായ ചെറിയാന്‍ കെ. ചെറിയാനുമായി ഫോണില്‍ സംസാരിച്ചു. ആലപ്പുഴയില്‍നിന്ന് എന്റെ അധ്യാപകന്‍ കൂടിയായ ഐ. ഇസ്താക്ക് സർ കൂടെച്ചേര്‍ന്നു. തുടര്‍ന്ന് അമേരിക്കയുടെ പല ഭാഗങ്ങളിലുള്ള മലയാളിസുഹൃത്തുക്കളും ചേര്‍ന്നു. ജോസഫ് നമ്പിമഠം, മാത്യു മൂലേച്ചേരില്‍, ഡോണ മയൂര എന്നിവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. പിന്നീട് മാന്നാനം കെ. ഇ. കോളേജ് അധ്യാപകനായ മാത്യു ജെ. മുട്ടത്തും കൂടെക്കൂടി.

ഹൈക്കു കവിതയായിരുന്നു ചര്‍ച്ചാവിഷയം. ചെറിയാന്‍ കെ. ചെറിയാന്‍ അത് ഒരു പ്രബന്ധമായി അവതരിപ്പിച്ചു. ജാപ്പനീസ് ഹൈക്കുവില്‍ ആയിരുന്നില്ല അദ്ദേഹം പ്രധാനമായി ഊന്നിയത്. മേല്പറഞ്ഞ മലയാളിസുഹൃത്തുക്കൾ ഉള്‍പ്പെടെയുളവര്‍ എഴുതുന്ന ചെറുകവിതകള്‍ എന്ന വിശാലമായ അര്‍ത്ഥത്തിലാണ് അദ്ദേഹം ഹൈക്കുവിനെ അവതരിപ്പിച്ചത്. ഹൈക്കുവിന്റെ രൂപപരമായ ഘടകങ്ങളെക്കാള്‍ ‘ഹൈകൃതം’ എന്ന് അദ്ദേഹം തന്നെ പേര്‍ നല്‍കിയ കാവ്യാത്മകഘടകമാണു ഹൈക്കുവില്‍ പ്രധാനമെന്നും അനിര്‍വചനീയമായ ആഴവും കാവ്യാനുഭവവും പകര്‍ന്നു തരുന്ന ഹൈകൃതമാണു ഹൈക്കുവിന്റെ സത്ത എന്നും ചെറിയാന്‍ കെ. ചെറിയാന്‍ സമര്‍ത്ഥിച്ചു. നമ്പിമഠത്തിന്റെയും ഡോണ മയൂരയുടെയും മാത്യു മൂലച്ചേരിലിന്റെയും സോണി ഡിത്തിന്റെയും ഉള്‍പ്പെടെയുള്ള കവിതകള്‍ അദ്ദേഹം ചൊല്ലുകയും വിശദീകരിക്കുകയും ചെയ്തു.

തുടന്നു സംസാരിച്ചത് ഇസ്താക്ക് സര്‍ ആണ്. ഫോൺ കണക്ഷന്റെ തകരാറും എന്റെ നിര്‍ഭാഗ്യവും മൂലം അതു കേള്‍ക്കാന്‍ സാധിക്കാതെപോയി. തുടര്‍ന്നു ഫോണ്‍ കണക്ട് ചെയ്യപ്പെട്ടപ്പോള്‍ എന്നോടു സംസാരിക്കാനാവശ്യപ്പെട്ടു.

ഹൈക്കു പദ്യത്തിലുള്ള ഒരു കളി എന്ന മട്ടിലാണു രൂപം കൊണ്ടതെങ്കിലും പിന്നീട് അതിന്റെ അര്‍ത്ഥം കൂടുതല്‍ ആഴമുള്ളതായിത്തീരുന്നുണ്ട്. പ്രാഥമികമായ അര്‍ത്ഥത്തില്‍ അതൊരു കാവ്യരൂപമാണ്. അഞ്ച് അക്ഷരങ്ങള്‍ ആദ്യത്തെ വരി ഏഴ് അക്ഷരങ്ങള്‍ രണ്ടാം വരി അഞ്ച് അക്ഷരങ്ങള്‍ മൂന്നാം വരി എന്നിങ്ങനെയാണ് അതില്‍ അക്ഷരങ്ങളുടെ (ഓണ്‍ജി/സിലബിള്‍) ക്രമം. ശരിക്കും സിലബിള്‍ എന്നോ അക്ഷരം എന്നോ ഓണ്‍ജി(onji or morae)യെ പറയാനാവില്ല. ചുരുങ്ങിയ വര്‍ണങ്ങള്‍ കൊണ്ട് കൂടുതല്‍ വാക്കുകളുണ്ടാക്കാവുന്ന ജാപ്പനീസ് ഭാഷയുടെ ലയാത്മകമായ സവിശേഷതയുമായി ബന്ധപ്പെട്ട സങ്കേതമാണത്. പിന്നെയുമുണ്ട് ഹൈക്കു ആകുന്നതിനുള്ള രൂപപരമായ നിബന്ധനകള്‍. Kireji (cutting word) അതിലൊന്നാണ്. മൂന്നു വരികളില്‍ (ജാപ്പനീസ് ഭാഷയില്‍ പലപ്പോഴും വരി തിരിക്കാതെ ഒറ്റ വരിയായാണ് ഹൈക്കു എഴുതുന്നത്) ഈ മുറിക്കുന്ന വാക്ക് മറ്റു ഭാഷകളിലാകുമ്പോള്‍ ആശ്ചര്യചിഹ്നമോ അര്‍ത്ഥവിരാമമോ പോലുള്ള ചിഹ്നങ്ങളാവാം. ഈ വാക്ക് ഹൈക്കുവിനെ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. കവിതയുടെ സ്വരപരവും ഭാവപരവുമായ സവിശേഷതകള്‍, അതിലുപയോഗിക്കുന്ന ഇമേജുകള്‍ എന്നിങ്ങനെ രൂപത്തില്‍ ചെറുതെങ്കിലും ഓരോ സൂക്ഷ്മാംശത്തിലും ഹൈക്കുവിനു നിബന്ധനകളുണ്ട്. (എന്നാല്‍ ആധുനിക ഹൈക്കു രചയിതാക്കള്‍ ഈ നിയമങ്ങളെ അത്ര കാര്യമാക്കുന്നില്ല. ചുരുങ്ങിയ വാക്കുകളില്‍ ഒരു സന്ദര്‍ഭത്തിന്റെ വെളിപാട്‌ എന്ന വിശാലമായ അര്‍ത്ഥം സ്വീകരിച്ചാല്‍ മതിയാകും എന്നാണ് അവരുടെ പൊതുവായ നിലപാട് എന്നു തോന്നും.)