#ക്രിക്കറ്റ്

ഇന്ത്യ അര്‍ഹിച്ച ദൈവം, ദൈവത്തെ അര്‍ഹിച്ച സമൂഹം

കാംബ്ളിയുമായി ചേർന്ന് സ്കൂൾ തലത്തിൽ നടത്തിയ റെക്കോഡ് പ്രകടനം തൊട്ട് സച്ചിൻ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ആകാംക്ഷകളിലെ നിരന്തര സാന്നിദ്ധ്യമായിരുന്നു. പല ബാലപ്രതിഭകളെയും പോലെ താത്കാലികം മാത്രമായ ഒരു കൗതുകമായി സച്ചിനും ഒടുങ്ങിപ്പോകുമോ എന്നതായിരുന്നു ആദ്യആശങ്ക. പിന്നീട് രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയപ്പോൾ പ്രതീക്ഷകൾ ഇരട്ടിച്ചു. ഒപ്പം ആഭ്യന്തരക്രിക്കറ്റിൽ ഇന്ദ്രജാലങ്ങൾ കാട്ടി അതിൽ തന്നെ ചുരുങ്ങിപ്പോകുന്ന പ്രതിഭകളുടെ കൂട്ടത്തിലാവുമോ സച്ചിന്റെയും സ്ഥാനം എന്ന ആശങ്കയും.

പാകിസ്ഥാൻ പര്യടനത്തിനുള്ള ടീമിൽ സച്ചിൻ ഇടം നേടിയപ്പോൾ സമ്മിശ്ര പ്രതികരണങ്ങളുമായാണ് ക്രിക്കറ്റ് ലോകം അതിനെ വരവേറ്റത്. കളിബാല്യം വിടാത്ത കിളുന്ത് ചെക്കനെ ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന അതിവേഗ എറിപ്പടയ്ക്ക് മുന്നിലേയ്ക്ക് ഇറക്കിവിടുന്നത് ആ പ്രതിഭയെ മുളയിലേ നുള്ളുന്നതിനു തുല്യമാവുമെന്ന് പല വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നു. പാകിസ്ഥാന്റെ അനിഷേധ്യ നായകനും നേതൃത്വഗുണങ്ങളുടെ മൂർത്തിമത്ഭാവവുമായി അന്ന് എണ്ണപ്പെട്ടിരുന്ന ഇമ്രാന്റെ അഭിപ്രായം പോലും അക്രത്തെയും, വക്കാറിനെയും പോലെയുള്ള പ്രതിഭ തെളിയിച്ച ഏറുകാർക്ക് മുന്നിലേയ്ക്ക് ഒരു കൗമാരക്കാരനെ ഇട്ടുകൊടുക്കുന്നത്‌ ആ പ്രതിഭയുടെ വികാസസാധ്യതകളോട് ചെയ്യുന്ന അനീതിയാവും എന്നതായിരുന്നു.

ക്രിക്കറ്റ് ലോകം ഭയവും, ആത്മവിശ്വാസവും, ആശങ്കയും, സ്ഥൈര്യവും ഒക്കെ ഇടകലർന്ന കണ്ണുകളോടെ നോക്കിനിൽക്കെ സച്ചിൻ എന്ന പതിനാറുകാരൻ പാഡണിഞ്ഞു പടിയിറങ്ങി ക്രിക്കറ്റ് മൈതാനത്തിലേയ്ക്ക് വന്നു. തിരിച്ചു കയറിയത് ഇരുപത്തിനാലു വർഷങ്ങൾക്ക് ശേഷം ഈ ശനിയാഴ്ചയും. ജന്മനാടായ മുംബയിൽ വച്ച് നടന്ന വെസ്റ്റ്‌ ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ്‌ മൂന്നാം ദിവസമായ ഇന്നു് കളി അവസാനിച്ചതോടെ മൈതാനത്തിൽ ആ പ്രതിഭയുടെ സാന്നിദ്ധ്യമുള്ള അവസാന ദിവസം കഴിഞ്ഞിരിക്കുന്നു. അത് വെറും സ്ഥിതിവിവരസംബന്ധിയായ കൌതുകം മാത്രം. പരിഗണിക്കേണ്ട യാഥാർത്ഥ്യം രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് ജീവിതത്തിൽനിന്ന് സച്ചിൻ വിരമിക്കാൻ തീരുമാനിച്ചുകഴിഞ്ഞു എന്നതാണ്. അതുകൊണ്ടുതന്നെ ഇനി നമുക്ക് വിലയിരുത്താവുന്നത് റെക്കോഡ്‌ പുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്തിക്കഴിഞ്ഞ സച്ചിന്റെ കേളീവൈഭവത്തിന്റെ സ്ഥിതിവിവരകണക്കിനപ്പുറം ഇന്ത്യൻ സമൂഹത്തിലും അതിന്റെ കേളീസംസ്കാരത്തിലും ഈ പ്രതിഭ നടത്തിയ ഇടപെടലുകളും സാധ്യമാക്കിയ മാറ്റങ്ങളുമാവും.

ബാറ്റിങ്ങ് എന്ന കേളീകലയുടെ സൗന്ദര്യശാസ്ത്രവും സാങ്കേതികത്തികവും എങ്ങനെ സച്ചിനിൽ ഒത്തുചേരുന്നു എന്നത് ഇതിനോടകം തന്നെ പല വിദഗ്ദ്ധരാൽ വിശകലനം ചെയ്യപ്പെട്ട് കഴിഞ്ഞതാണ്. കളിയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ എന്ന വസ്തുനിഷ്ഠ സ്രോതസ്സ് അവലംബമാക്കിയും, സൗന്ദര്യശാസ്ത്രത്തിന്റെ ആത്മനിഷ്ഠമായ ആസ്വാദനത്തെ അവലംബമാക്കിയും സച്ചിൻ എന്ന ബാറ്റ്സ്മാൻ പലരാലും പരിശോധിക്കപ്പെട്ടിട്ടുണ്ട്. കളിയിലെ സൌന്ദര്യവും സാങ്കേതിക തികവും മുൻനിർത്തി അയാളെ ബ്രാഡ്മാൻ എന്ന ഇതിഹാസത്തിന്റെ ആധുനിക പതിപ്പായി എണ്ണുന്നുവെങ്കിൽ മറ്റുചിലർ ക്രിക്കറ്റ് എന്ന സംഘകേളിയുടെ അന്തിമ പരിണതിയെ ആധാരമാക്കി സ്ഥിതിവിവരക്കണക്കുകൾ തലനാരിഴകീറി സച്ചിൻ ലാറയും, സ്റ്റീവ് വോയും പോലെയുള്ള സമകാലികർക്ക് തെല്ല് താഴെ മാത്രമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നമ്മൾ ഭാരതീയർ അത്തരം വേറിട്ട വിലയിരുത്തലുകളെ വേണ്ടത്ര മുൻവിധികളൊടെ തള്ളിയിട്ടുമുണ്ട്.