#സിനിമ

തിരുവനന്തപുരം മേളയുടെ തിരുവെഴുത്തുകള്‍

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു കൊടിയിറങ്ങിയിട്ട് വാരം രണ്ടിലധികമാകുന്നു. മലയാളിയുടെ കാഴ്ചയുടെ മേളവും അർത്ഥവുമായി മാറിയ, ജനകീയങ്ങളിൽ ജനകീയം കൂടിയായ തിരുവനന്തപുരം മേള മലയാളിയെ ലോകചലച്ചിത്രച്ചതുരങ്ങളിലേക്ക്, ബഹുഭാഷാനിര്‍ഭരമായ ദൃശ്യസൗഭാഗ്യങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങിയിട്ടു പതിനെട്ടു വര്‍ഷമായി.

ഇരുന്നൂറില്‍പ്പരം സിനിമകളാണ് തിരുവനന്തപുരം മേളയില്‍ വിവിധതിരശ്ശീലകളിലായി തെളിഞ്ഞത്. തിരുവനന്തപുരം മേളയുടെ ഐശ്വര്യവും ഭരദേവനുമായി കഴിഞ്ഞ ഏതാനും ആണ്ടുകളായി വിലസുസ കിം കിഡുക്ക് നേരിട്ട് പ്രത്യക്ഷപ്പെട്ടു എന്നതാണ് മേളയുടെ ഇത്തവണത്തെ പ്രധാനസംഭവം. കിഡുക്കിന്റെ മൊബിയൂസ് എന്ന പുതിയ പടവും ഇടം പിടിച്ചിരുന്നൂ മേളയില്‍. മൊബിയൂസിലെ മാരകരംഗങ്ങളും അതുമിതും മുറിച്ച് അങ്ങോട്ടുമിങ്ങോട്ടും എറിയലും കണ്ട് വിരണ്ടവരില്‍ ചിലര്‍ മോഹാലസ്യം പ്രാപിച്ചുവെന്നാണ് വാര്‍ത്ത. മുന്‍പ് പാതാളക്കരണ്ടികൊണ്ട് പാടില്ലാത്തതൊക്കെ കാട്ടുന്ന പടങ്ങൾ കണ്ടു പരമപദം പൂകിയതിനാല്‍ ഇനിയൊരിക്കലും കിഡുക്കിന്റെ പടങ്ങള്‍ക്കു തലവെയ്ക്കില്ലെന്നു തീരുമാനമെടുത്തിരുന്നത് രക്ഷയായി.

സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലൂന്നിയ മൊബിയൂസ് അതേസമയം തന്നെ ഭ്രമാത്മകതയിലേക്കും വിചിത്രമായ മന്ദഹാസത്തിലേക്കും വഴുതുന്നു. രതിയെ പീഡാനുഭവമാക്കി മാറ്റി, ദേഹദാഹത്തിന്റെ കുരിശില്‍ സ്വയമേറുന്നവരുടെ കഥയോ അനുഭവപ്രകാശനമോ ആക്കിയാണ് തന്റെ മുന്‍ചിത്രങ്ങളില്‍ പലതുമെന്നപോലെ ഈ പുതുചിത്രത്തെയും കിംകിഡുക്ക് ഉണ്ടാക്കിയിരിക്കുന്നത്. കിം കിഡുക്ക് എന്ന് സംസ്കൃതത്തില്‍ പറഞ്ഞാല്‍ ഇത്ര കിടുക്കല്‍ എന്തിന് എന്നാകും. കിം ബഹുനാ...