#വിശകലനം

ജനഹിതാധിഷ്ഠിത ജനാധിപത്യവാദം : സാധ്യതകളും അപകടങ്ങളും

എന്താണ് ജനാധിപത്യവും ജനഹിതവും തമ്മിലുള്ള ബന്ധം? എബ്രഹാം ലിങ്കൺ നൽകിയ ജനപ്രിയനിർവചനപ്രകാരം ജനാധിപത്യം എന്നത് ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണമാണ്. അതായത് ഒരു ആദർശ ജനാധിപത്യവ്യവസ്ഥയിൽ ഭരണകൂടം പ്രതിഫലിപ്പിക്കുന്നത് ജനങ്ങളുടെ ഹിതത്തെ ആണ്, അഥവാ ആയിരിക്കണം.

ആറ് പതിറ്റാണ്ടുകൾ വൈകിയാണെങ്കിലും നമുക്ക് ഇപ്പോൾ അത്തരം ഒരു ഭരണകൂടത്തെ ലഭിച്ചിരിക്കുന്നു. അതും നമ്മുടെ തലസ്ഥാനത്തു തന്നെ. അവർ സ്ഥാനാർത്ഥിയെ നിർത്തിയത് തൊട്ട് സർക്കാർ രൂപീകരിച്ചതുവരെ ജനഹിതം ആരാഞ്ഞ് അതിനനുസരിച്ചാണ് എന്നത് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഒരു വസ്തുതയാണല്ലൊ. ജനഹിതം അനുസരിച്ചാണെങ്കിൽ പോലും, അവർ അട്ടിമറിച്ച കോണ്‍ഗ്രസ്സ് ഭരണത്തിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭയിൽ ശേഷിച്ച നീക്കിയിരിപ്പായ എട്ട് എം എൽ എമാരുടെ പുറത്തുനിന്നുള്ള പിന്തുണ സ്വീകരിച്ചാണ് അവർക്ക് സർക്കാർ രൂപീകരിക്കേണ്ടിവന്നതെന്നതിനാലും, മുഖ്യമന്ത്രിതൊട്ട് എല്ലാ മന്ത്രിമാർക്കും പൊതുവായുള്ള ഭരണപരിചയക്കുറവിനാലും, ഇതിനോടകം ദുഷിച്ചു കഴിഞ്ഞ ഒരു ഉദ്യോഗസ്ഥഘടനയെ ഒട്ടൊക്കെ നിലനിർത്തിക്കൊണ്ടാണ് ഭരിക്കേണ്ടത് എന്നതിനാലും അവരുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നടപ്പിലാക്കൽ തീർത്തും ദുഷ്കരമാവും എന്ന പരമ്പരാഗത രാഷ്ട്രീയവിശകലനം അവിടെ നില്ക്കട്ടെ. 700 ലിറ്റർ വെള്ളം സൗജന്യമായി ലഭ്യമാക്കിക്കൊണ്ട്, വൈദ്യുതി നിരക്ക് പകുതിയാക്കി കുറച്ചുകൊണ്ട് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ ആ ദിശയിൽ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

പുത്തൻ ജനാധിപത്യ വിപ്ലവം

അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ദില്ലിയിലെ ആം ആദ്മി സർക്കാർ പ്രസക്തമാവുന്നത് മേല്പറഞ്ഞ തരം പ്രവചനങ്ങൾക്ക് അപ്പുറം അടിമുടി ജനഹിതത്തിൽ ഊന്നി നില്ക്കുന്ന ഒരു ജനകീയ ഭരണം നടപ്പിലാക്കാൻ അവർ നടത്തുന്ന ശ്രമം ഉണർത്തുന്ന പ്രതീക്ഷകളുടെ സാധ്യതയിലാണ്. ആ സാധ്യതകളുടെ വിദഗ്ദ്ധമായ ഉപയോഗമാണ് വളരെ ചുരുങ്ങിയ ഒരു കാലയളവിനുള്ളിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയപരിചയമുള്ള വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളെയും അവരുടെ രാഷ്ട്രീയരീതിശാസ്ത്രത്തെയും അടുമുടി മറിച്ചിട്ട് ദില്ലിയിൽ തേരോട്ടം തുടങ്ങാൻ ആം ആദ്മി പാർട്ടിയെ പ്രാപ്തരാക്കിയ പൊളിറ്റിക്കൽ സ്ട്രാറ്റജി.