#ക്രിക്കറ്റ്

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ :നമ്മുടേയും അവരുടേയും

20 Jan, 2014

മുംബൈയിലെ വാംഘഡെ സ്‌റ്റേഡിയത്തിൽ, എൻ.എസ്.മാധവന്റെ ഭാഷയിൽപറഞ്ഞാല്‍ തുപ്പല്‍ വറ്റിയ മുപ്പത്തയ്യായിരത്തോളം തൊണ്ടകൾ ''സച്ചിന്‍... സച്ചിന്‍...'' എന്ന് ആർത്തുവിളിക്കുന്നതിനിടെ, ഇരുകൈകളും വീശി തന്റെ അവസാന ടെസ്റ്റ് മല്‍സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കണ്ടപ്പോൾ, പതിനഞ്ച് വര്‍ഷം മുമ്പ് 'ദി ഹിന്ദു' പത്രത്തില്‍ വായിച്ച അദ്ദേഹവുമായുള്ള ഒരു അഭിമുഖ സംഭാഷണം ഓര്‍ക്കുകയായിരുന്നു ഞാന്‍. കാല്‍ നൂറ്റാണ്ടോളം കാലം അന്താരാഷ്ട്ര ക്രിക്കറ്റിലെ നിറസാന്നിദ്ധ്യമാകാനും വലിയ കളിക്കാരന്‍ എന്നതില്‍നിന്ന് മഹാനായ കളിക്കാരന്‍ എന്ന നിലയിലേക്ക് വളരാനും ആവശ്യമായ വൈഭവങ്ങളെല്ലാം തന്നിലുണ്ടെന്ന് വ്യക്തമായി വെളിപ്പെടുത്തുന്നതായിരുന്നു, സുദീര്‍ഘമായ ആ അഭിമുഖം. അതില്‍ സാന്ദര്‍ഭികമായ വന്ന ഒരു ചോദ്യം ഇങ്ങനെയായിരുന്നു. 'സച്ചിന്‍, താങ്കള്‍ ബാറ്റ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നു. അപ്പുറത്ത് പന്തെറിയാനായി ഓടിയടുക്കുന്ന ബൗളര്‍. അപ്പോള്‍ എന്തായിരിക്കും താങ്കളുടെ മനസ്സില്‍ ഉണ്ടാവുക?' ആലോചിക്കാന്‍ ഒട്ടും സമയമെടുക്കാതെ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു- 'പിച്ചില്‍ ഏതു ഭാഗത്തായിരിക്കും അയാളുടെ പന്ത് കുത്തുക എന്നതായിരിക്കും ഞാനപ്പോള്‍ ആലോചിക്കുക.' ഉടന്‍വന്നു അടുത്തചോദ്യം. 'താങ്കള്‍ ഉദ്ദേശിച്ചതിന്റെ എതിര്‍ഭാഗത്താണ് അയാള്‍ പന്ത് കുത്തിക്കുക എങ്കിലോ?' ഈയോരു ചോദ്യം ഒരുപക്ഷേ ആദ്യമായാണ് തന്നോട് ചോദിക്കപ്പെടുന്നതെങ്കിലും ഗ്രൗണ്ടില്‍ ദിവസേന ഈ അനുഭവം പരിശീലിക്കുന്നതുകൊണ്ടാണോ എന്തോ നിമിഷാര്‍ദ്ധംകൊണ്ട് വന്നു അദ്ദേഹത്തിന്റെ മറുപടി. 'ഞാന്‍ എല്ലായ്‌പ്പോഴും വിചാരിക്കുക, ഞാന്‍ പ്രതീക്ഷിക്കുന്നതിന്റെ എതിര്‍ഭാഗത്തായിരിക്കും ബൗളര്‍ എല്ലായ്‌പ്പോഴും പന്തെറിയുക എന്നാണ്.'

വളരെ വ്യത്യസ്തമായ ഈ മനോഭാവം വെച്ചുപുലര്‍ത്തുന്നതുകൊണ്ടാകാം കളിക്കിടെ 'പക്ഷെ', 'എങ്കില്‍', 'അതുകൊണ്ടല്ലേ'' തുടങ്ങിയ ഒഴികിഴിവുകളൊന്നും ഇക്കാലമത്രയും ടെന്‍ഡുല്‍ക്കര്‍ക്ക് പറയേണ്ടിവന്നിട്ടുണ്ടാകില്ല. മഹാനായ കളിക്കാരനായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മാറ്റിയെടുത്തത് ഒരുപക്ഷെ സവിശേഷമായ ഈയൊരു മനോഭാവമായിരിക്കും.

ക്രിക്കറ്റിനോടുള്ള ടെന്‍ഡുല്‍ക്കറുടെ അഭിനിവേശമാണ് പരിഗണിക്കപ്പെടേണ്ട മറ്റൊരു വസ്തുത. അയാള്‍ എല്ലായ്‌പ്പോഴും ക്രിക്കറ്റ് ശ്വസിക്കുകയും അത് ഭക്ഷിക്കുകയും അതില്‍തന്നെ ജീവിക്കുകയും ചെയ്തു. 'യഥാര്‍ത്ഥ'സ്‌നേഹത്തോടുള്ള നിഷേധമാണ് കലയോടുള്ള സ്‌നേഹം' 'എന്ന് പണ്ട് ചിത്രകാരനായ വിന്‍സന്റ് വാന്‍ഖോഖ്, അനിയന്‍ തിയോക്കുള്ള ഒരു കത്തില്‍ എഴുതിയിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കയറിപ്പോയ വിജയത്തിന്റെ പടവുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍, ഈ പ്രസ്താവനയുടെ സാംഗത്യം ശരിക്കും പിടികിട്ടും.

ക്രിക്കറ്റില്‍നിന്ന് തന്റെ ശ്രദ്ധയെ മാറ്റിയെടുക്കാന്‍ അയാള്‍ ഒന്നിനേയും അനുവദിച്ചില്ല. 'സച്ചിനേക്കാള്‍ പ്രതിഭയുള്ളവന്‍' എന്ന് രമാകാന്ത് അച്‌രേക്കര്‍ ഒരിക്കല്‍ വിശേഷിപ്പിച്ച വിനോദ് കാംബ്ലിക്ക് പിണഞ്ഞ അബദ്ധങ്ങളെ ടെന്‍ഡുല്‍ക്കര്‍ നിഷ്പ്രയാസം അതിജീവിച്ചു. (അച്‌രേക്കര്‍ ഇന്നങ്ങനെ പറയുമായിരിക്കില്ല. അദ്ദേഹത്തിന് പ്രായമായി എന്നത് മാത്രമായിരിക്കില്ല അതിനുള്ള കാരണം.)