#വിശകലനം

കേജരിവാളും അധികാരസംബന്ധിയായ ചില ഫൂക്കോവിയന്‍ ചിന്തകളും

20 Feb, 2014

അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിന്റെ പരിസമാപ്തിയിൽ അധികാരത്തിലെത്തുകയും അതിശീഘ്രം അധികാരം വലിച്ചെറിഞ്ഞു കൂടുതല്‍ ശക്തരാകുകയും ചെയ്ത കേജരിവാളിന്റെയും സംഘത്തിന്റെയും രാഷ്ട്രീയ, സാമൂഹ്യഇടപെടലുകളെക്കുറിച്ച് ഏറെ പഠനങ്ങളും വിമർശനങ്ങളും നടക്കുന്നുണ്ട്. ഈ കുറിപ്പ്‌ എഴുതുമ്പോൾ കേജരിവാള്‍ അധികാരത്തിലിരിക്കുകയും പ്രസിദ്ധീകരണഘട്ടമായപ്പോഴേക്കും അദ്ദേഹം രാജിവക്കുകയും ചെയ്തു. രാജിവച്ചതോടുകൂടി കേജരിവാള്‍ കൂടുതല്‍ ശക്തനാകുകയും താമസംവിനാ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്യും എന്നാണു ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ തന്നെ താഴെപ്പറയുന്ന നിരീക്ഷണങ്ങള്‍ക്കു ഇനിയും പ്രസക്തിയുണ്ട് എന്നു തോന്നുന്നു.

കേജരിവാളിനു സമ്പൂര്‍ണ്ണ പിന്തുണയുമായി ഒരു ഉപരിവര്‍ഗ്ഗ psyche രൂപപ്പെടുകയും അതിന്റെ ഭാഗമായി ഇതാണ് രണ്ടാം സ്വാതന്ത്ര്യസമരമെന്നും കേജരിവാളാണ് ഇന്ത്യയുടെ രക്ഷയ്ക്കുള്ള അവസാനത്തെ മിശിഹായെന്നുമുള്ള മുറവിളികള്‍ ഉയരുന്നുമുണ്ട്. നമ്മുടെ വ്യവസ്ഥയുടെ സാമൂഹ്യ-സാമ്പത്തിക ഘടനകളെ ആഴത്തില്‍ മനസ്സിലാക്കാതെ കേജരിവാളിനെപ്പോലെ നല്ല ഉദ്ദേശ്യശുദ്ധിയും ഉന്നത വിദ്യാഭ്യാസവുമുള്ള മിശിഹാമാരെ ജയിപ്പിച്ചു വിട്ടാല്‍ എല്ലാ പ്രശ്നങ്ങളും തീരും എന്ന ചിന്താഗതിയെ പ്രഭാത്‌ പട്നായിക് ചോദ്യംചെയ്യുന്നു.

ആം ആദ്മി പാര്‍ടി അധികാരത്തിലെത്തിയപ്പോള്‍ ഞങ്ങളല്ല ജനങ്ങളാണ് അധികാരം നേടിയത് എന്നായിരുന്നു കേജരിവാളിന്റെ പ്രഖ്യാപനം. അധികാരം എന്ന സങ്കല്‍പത്തെ തലകീഴായി മറിച്ചിടുന്നു എന്ന നിലപാടാണ് ഈ വിഷയത്തില്‍ ഫൂക്കോവിയന്‍ ചിന്ത അനിവാര്യമാക്കുന്നത്. വ്യക്തികളും അധികാരവും ഫൂക്കോയുടെ ഇഷ്ട വിഷയങ്ങളായിരുന്നല്ലോ. ഓരോ നയങ്ങളിലും നിലപാടുകളിലും സാമ്പ്രദായിക ജനാധിപത്യരീതികളെ തകിടംമറിക്കുന്നു എന്ന തോന്നലുളവാക്കാന്‍ കേജരിവാള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ കുടുക്കാനുള്ള കേജരിവാളിന്റെ പദ്ധതിയെ ഫൂക്കൊയുടെ പാനോപ്ടിസിസം (panopticism) എന്ന ആശയവുമായി ബന്ധിപ്പിക്കാവുന്നതാണ്. ഈ വിഷയത്തില്‍ പൌരന്മാരെ സൈബോര്‍ഗുകളാക്കുന്നതിനെപ്പറ്റി മാധ്യമത്തില്‍ ഡോ. ടി. ടി. ശ്രീകുമാര്‍ എഴുതിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌ ചിന്തകനായിരുന്ന ജെറെമി ബെന്തം മുന്നോട്ടു വച്ച പാനോപ്ടികോൺ (panopticon) എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഫൂക്കോ വ്യക്തികള്‍ തമ്മിലുള്ള അധികാരബന്ധങ്ങളുടെ ഘടന വിശദീകരിക്കുന്നത്.