#വിശകലനം

വിശുദ്ധനരകം ഓർമ്മിപ്പിക്കുന്ന ഇരുന്നൂറ്റിതൊണ്ണൂറ്റിയഞ്ച് നിയമസമസ്യകൾ

ഗെയിൽ ട്രെഡ്‌വെൽ അമൃതാനന്ദമയിയുമൊത്തുള്ള പതിനഞ്ച് വർഷം നീണ്ട തന്റെ ആത്മീയ അന്വേഷണങ്ങളെക്കുറിച്ചെഴുതിയ കുമ്പസാര സ്വഭാവമുള്ള 'വിശുദ്ധ നരകം' എന്ന പുസ്തകം സാംസ്കാരിക കേരളത്തിൽ പുതിയതായി ഒരു ഞെട്ടലും ഉളവാക്കിയിരിക്കാൻ ഇടയില്ല. അവർ ആശ്രമത്തിലെ ഒരു സ്വാമിയാൽ ബലാൽസംഗം ചെയ്യപ്പെട്ടു എന്നതൊഴിച്ചാൽ ആ പുസ്തകത്തിലുള്ള വെളിപ്പെടുത്തലുകളിൽ പെട്ട ബാക്കി പലതും ഇതിനോടകം തന്നെ മലയാളിക്ക് കേട്ടറിവോ വായിച്ചറിവോ ഉള്ളവയാണ്. അതുകൊണ്ട് തന്നെ ഇവിടെ ഉള്ളടക്കമല്ല അതിന്റെ ഉറവിടമാണ് കൂടുതൽ ശ്രദ്ധേയം. ആരംഭഘട്ടം മുതൽക്കേ ആശ്രമത്തിലെ അന്തേവാസിയും അമ്മയുടെ സെക്രട്ടറി തന്നെയും ആയിരുന്ന ഒരാൾ നടത്തിയ വെളിപ്പെടുത്തൽ എന്ന നിലയ്ക്കാണ് ഗെയിലിന്റെ പുസ്തകം പ്രസക്തമാവുന്നത്. എന്നാൽ അതിലെ വെളിപ്പെടുത്തലുകളോടുള്ള നമ്മുടെ സാംസ്കാരികവും രാഷ്ട്രീയവും നീതിന്യായബന്ധിയുമായ പ്രതികരണങ്ങളാവട്ടെ തീർച്ചയായും ഞെട്ടിപ്പിക്കുന്നവ തന്നെയാണ്.

വാർത്ത പുറത്ത് വന്ന അന്ന് മുതൽക്കേ സൈബർ ലോകത്ത് ഇതിനെക്കുറിച്ച് ചർച്ചകളും സംവാദങ്ങളും ഉണ്ടായെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ ആദ്യനാളുകളിൽ ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. ഒടുവിൽ ആ മൗനം ഭഞ്ജിച്ചത് തങ്ങളുടെ ന്യൂസ് അവർ പരിപാടിയിൽ പ്രസ്തുത വിഷയത്തെ ചർച്ചയ്ക്കെടുത്ത ഇന്ത്യാവിഷൻ ചാനലായിരുന്നു. പിന്നീട് പ്രശസ്തസാഹിത്യകാരനും പുരോഗമനവാദിയുമായ സഖറിയയുടെ പ്രതികരണം പുറത്ത് വന്നു. തുടർന്ന് രണ്ട് മൂന്നു ചാനലുകൾ ഈ വിഷയം ചർച്ച ചെയ്യാൻ മുന്നോട്ട് വന്നുവെങ്കിലും മറ്റുള്ള ചാനലുകൾ ഈ വാർത്തയെ ഏതാണ്ട് തമസ്കരിക്കുക തന്നെയായിരുന്നു.

അധികം വൈകാതെ തന്നെ കൈരളി ചാനൽ ഗയാനയിലേയ്ക്ക് ചെന്ന് ഗെയിൽ ട്രെഡ് വെലിന്റെ ഒരു അഭിമുഖം തരപ്പെടുത്തി അത് സംപ്രേഷണം ചെയ്തു. അതോടെ സംഗതികളുടെ കിടപ്പും ഗൌരവവും മാറി . അതുവരെ ആത്മീയപ്രൗഢമായ സംയമനം പാലിച്ച മഠം നിയമനടപടികളുമായി രംഗത്തുവന്നെന്ന വാർത്തകൾ പുറത്ത് വന്നു. ഒടുവിൽ കോടതിയും ഇടപെട്ടു. ഇടപെടൽ പക്ഷേ ട്രെഡ്‌വെൽനും, മൂന്നു ചാനലുകൾക്കും രണ്ട് പത്രങ്ങൾക്കും എതിരേ കേസെടുക്കാൻ പൊലീസിനു ശുപാർശ ചെയ്തുകൊണ്ടായിരുന്നു എന്ന് മാത്രം.