#വിശകലനം

ബലാൽസംഗവും സ്ത്രീദർപ്പഹാരികളായ നമ്മുടെ സദാചാര സ്വയം സേവകരും

കേരളത്തിൽ സ്ത്രീശാക്തീകരണം ഒരു സാമൂഹ്യപ്രസ്ഥാനമെന്ന നിലയിൽ പൂർണ്ണവളര്‍ച്ചയെത്തുന്നത് ഉത്തരാധുനിക കാലഘട്ടത്തിലാണെന്ന് പരക്കെ വിലയിരുത്തപ്പെടുന്നുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. എന്നാൽ അത്തരം ഒരു പരിപ്രേക്ഷ്യം പൂർണ്ണമായും ഉത്തരാധുനികമാണെന്ന് വിലയിരുത്താനാവില്ല. ഇന്ന് ആഗോളപ്രസക്തിയാർജ്ജിച്ച് കഴിഞ്ഞ സ്ത്രീശാക്തീകരണത്തിന്റെ സൈദ്ധാന്തികവേരുകൾ ലിംഗ, വർഗ്ഗ, വർണ്ണ ഭേദമില്ലാത്ത സമത്വം എന്ന ആശയത്തിന് സാംസ്കാരിക അപ്രമാദിത്വം നേടിക്കൊടുത്ത മാനവികതാപ്രസ്ഥാനത്തിലും ആധുനികതയിലുമൊക്കെയാണ്. കേരളത്തിൽ അതിന്റെ സാംസ്കാരികസാന്നിധ്യം വെളിപ്പെടുന്നത് നവോത്ഥാനം തൊട്ടാണ്.

മരുമക്കത്തായത്തെ മുൻനിർത്തി ഈ നിരീക്ഷണത്തെ റദ്ദ് ചെയ്യുക എന്നത് ഒരു പാഴ്‌വേലയേ ആകൂ. കാരണം ഈ പറയുന്ന മരുമക്കത്തായത്തിലും അധികാരം, കാരണവർ എന്ന അമ്മാവന്റെ പുരുഷസ്വരൂപത്തിൽ തന്നെ ആയിരുന്നു. അത് പിന്തുടർന്നിരുന്ന നായർസ്ത്രീയ്ക്ക് അന്നുണ്ടായിരുന്നു എന്ന് വ്യാഖ്യാനിക്കപ്പെടുന്ന ലൈംഗികനിർണ്ണയാവകാശമാകട്ടെ, തത്വത്തിൽ പിതൃകേന്ദ്രീകൃതം തന്നെയായ കീഴാചാരങ്ങളാൽ നിയന്ത്രിതവും.അവയ്ക്കെതിരെ ഒരു സാംസ്കാരിക ചെറുത്തുനിൽപ്പ്‌ യാഥാർഥ്യമായത് യൂറോപ്യനെന്ന് ഇന്ന് അപഹസിക്കപ്പെടുന്ന ആധുനികതയുടെ മൂല്യങ്ങളിലൂടെ, നാം ഇന്ന് കണ്ണടച്ച് എതിർക്കുന്ന മെക്കാളെയുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങളിലൂടെ ഒക്കെ തന്നെയാണ്.

മലയാളിയെ ഉദ്ധരിക്കാൻ വന്ന സന്നദ്ധസേവകരുടെ കൂട്ടമൊന്നും ആയിരുന്നില്ല ഈസ്റ്റിന്ത്യാ കമ്പനി എന്നത് ശരി. പക്ഷെ അവർക്ക് നമ്മുടെ പ്രാകൃത ഗോത്രാചാരങ്ങളെക്കാൾ താരതമ്യേനെ മെച്ചപ്പെട്ട സാംസ്കാരികയുക്തികളുണ്ടായിരുന്നു. അതിൽനിന്ന് പിന്നോട്ട് പോവുക അവരുടെ സാംസ്കാരികബോധ്യങ്ങളെ സംബന്ധിച്ചിടത്തോളം അപമാനകരമായിരുന്നു.

നാരായണഗുരു സമത്വം എന്ന ആശയത്തിലേക്ക് എത്തുന്നത് അദ്ദേഹത്തിന്റെ പല അനുയായികളെയും പോലെ ഇംഗ്ളിഷ് വിദ്യാഭ്യാസത്തിൽനിന്നല്ല, മറിച്ച് അദ്വൈതസിദ്ധാന്തത്തിന്റെ വ്യാഖ്യാനസാധ്യതകളിലൂടെ ആയിരുന്നു. പക്ഷെ നമുക്ക് ദീക്ഷ തന്നത് ബ്രിട്ടീഷുകാരാണെന്ന ഗുരുവചനം കുടി ഒപ്പം വ്യാഖ്യാനിക്കണം. സവർണനല്ലാത്ത ഒരാളിന്റെ ആത്മീയദർശനങ്ങൾ ഒരു ദേശിയ സാംസ്കാരികസംവാദത്തിന്റെ സാധ്യതകളിലേക്ക് വികസിക്കുന്നത് ചിരപുരാതന അദ്വൈതവാദം തെളിച്ചിട്ട സാമൂഹ്യ, രാഷ്ട്രിയ പരിസരങ്ങളിൽനിന്നല്ല, മറിച്ച് യൂറോപ്യൻ ആധുനികത ഉണ്ടാക്കിയ ജ്ഞാനോദയത്തിൽ നിന്നാണ്. അത് തന്നെയാവണം ഗുരുവിനെക്കൊണ്ട് മേൽപറഞ്ഞ വാചകം പറയിച്ചതും.