#ഭാഷാശാസ്ത്രം

ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും

24 Apr, 2014

ന്ദ്രക്കലയില്ലാതെ മലയാളമെഴുതാനാവുമോ? അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. ഇന്നത്തെ രൂപത്തിൽ മലയാളത്തിലെ ഒരു പ്രധാന ചിഹ്നമായി ചന്ദ്രക്കല മാറിയതിന്റെ ചരിത്രം മലയാളഭാഷാവികാസത്തിന്റെയും ഇന്നുകാണുന്ന വിധത്തിലുള്ള ലിപിയുടെയും ചരിത്രമാണ്. മലയാളം വിക്കിപ്പീഡിയയിലെ ചന്ദ്രക്കലയെ കുറിച്ചുള്ള ലേഖനത്തിന് ആവശ്യമായ അവലംബം അന്വേഷിച്ചുള്ള യാത്ര ഒടുവിൽ ബെഞ്ചമിൻ ബെയ്‌ലി ഫൗണ്ടേഷന്റെ പിയർ റിവ്യൂവ്ഡ് ജേണലായ മലയാളം റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധമായി മാറുകയായിരുന്നു എന്ന് ലേഖനകർത്താക്കളായ ഷിജു അലക്സ്, സിബു സി.ജെ., സുനിൽ വി.എസ്, എന്നിവർ പറയുന്നു. പ്രബന്ധത്തിൽ ലാറ്റിനിലെ ബ്രീവ് ചിഹ്നം ചന്ദ്രക്കലയായി മാറുന്നതിന്റെ ലഘുചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കുഞ്ഞുവട്ടം, ഗ്രേവ് തുടങ്ങിയ ചിഹ്നങ്ങളെക്കുറിച്ചും പ്രബന്ധം വിശദമായി അന്വേഷിക്കുന്നു. ഏഴുമാസത്തെ പ്രയത്നഫലമാണ് ഈ ലേഖനം എന്നുകൂടി അറിയുക. രചന ഫോണ്ടുപയോഗിച്ച് ലാറ്റെക്കിൽ ടൈപ്പ് സെറ്റ് ചെയ്താണ് ലേഖനം ജേണലിൽ ഉൾപ്പെടുത്തിയത്. അത് വെബ്ബിലേക്ക് മാറ്റുമ്പോൾ പല പരാമർശങ്ങളും ആങ്കർടാഗ് ഉപയോഗിച്ച് ലേഖനത്തിനുള്ളിൽ തന്നെ ക്രോസ് റെഫർ ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചില വാക്കുകളോടു ചേർന്നു കാണുന്ന നക്ഷത്രചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ അതു സംബന്ധിച്ച വിശദീകരണം വായിക്കാനാവും. വായന കഴിഞ്ഞ് back എന്ന ലിങ്ക് അമർത്തി യഥാസ്ഥാനത്ത് തിരികെയെത്താം. ഈ സൈറ്റിൽ മലയാളം യൂണിക്കോഡ് ഫോണ്ടായ മീരയിൽ കാണാനായി ചിട്ടപ്പെടുത്തിയിരിക്കുന്നു. വായനക്കാരുടെ സിസ്റ്റത്തിൽ ഉള്ള മീരയുടെ വേർഷൻ പഴയതാണെങ്കിൽ ഇതിലുള്ള ചില ചിഹ്നങ്ങൾ കാണാനായെന്നു വരില്ല. സിസ്റ്റത്തിൽ ഫോണ്ടില്ലെങ്കിൽ മാത്രമേ വെബ് ഫോണ്ട് ലോഡാവൂ. മലയാളം ഭാഷയിലും ചരിത്രത്തിലും താത്പര്യമുള്ള ആരും വിട്ടുപോകാതെ വായിക്കേണ്ട ലേഖനം ഓൺലൈൻ വായനയ്ക്കായി സമർപ്പിക്കുന്നു. ലേഖനത്തിന്റെ പിഡിഎഫ് ഇവിടെ ലഭ്യമാണ്. - എഡിറ്റർ

________________________________________________________

ആമുഖം

വിവിധ ആവശ്യങ്ങൾക്ക് മലയാളഎഴുത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നത്തിന്റെ ചരിത്രം തേടിയുള്ള യാത്രയാണിത്. നിലവിൽ ചന്ദ്രക്കല എന്ന പേരാണ് ഈ ചിഹ്നത്തിനു വ്യാപകമായി ഉപയോഗിക്കുന്നത്. മീത്തൽ * എന്നും അപൂർവമായി ഉപയോഗിക്കുന്നുണ്ട്.