#വിശകലനം

കടത്തുന്നത് മനുഷ്യരെയോ, ചരക്കിനെയൊ, വഞ്ചിയെയോ, അതോ ചന്തയെ തന്നെയോ?

ചർച്ചയ്ക്കെടുക്കുന്ന ഏത് വിഷയത്തെയും അതുണ്ടാക്കാവുന്ന വിവാദങ്ങളുടെ സാധ്യതയിലേയ്ക്ക് മാത്രമായി ചുരുക്കുകയും അതിലൂടെ അതിന്റെ സാമൂഹ്യപ്രസക്തമായ ഉള്ളടക്കത്തിലേക്ക് അബദ്ധത്തിൽ പോലും സംവാദം വഴിമാറാതെ സൂക്ഷിക്കുകയും ചെയ്യുക എന്നതാണെന്ന് തോന്നുന്നു ഇന്നത്തെ മാധ്യമ ധർമ്മം. പലർക്കും മതിയായ തിരിച്ചറിയൽ രേഖകളോ, ടിക്കറ്റ് തന്നെയോ ഇല്ലാത്തതിനെ തുടർന്ന്, ഈ കഴിഞ്ഞ മേയ് 24ന് 589 ഓളം വരുന്ന അന്യസംസ്ഥാനക്കാരായ കുട്ടികളുടെ ഒരു സംഘം പാലക്കാട്ട് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കപ്പെടുകയും അവരോടൊപ്പമുള്ള മുതിർന്നവർ മനുഷ്യക്കടത്ത് സംശയിക്കപ്പെട്ട് അറസ്റ്റിലാവുകയും ചെയ്ത സംഭവം മാധ്യമങ്ങൾ ഏതാണ്ട് ഒരാഴ്ചയായി ആഘോഷിച്ച് വരുന്ന രീതി ആ തോന്നലിന് ഉറപ്പേകുന്ന ഒരു ആനുകാലിക സംഭവമാണ്.

മുസ്ലീം മാനേജ്മെന്റിൽ പ്രവർത്തിയ്ക്കുന്ന രണ്ട് അനാഥാലയങ്ങളിലേക്കാണ് ഈ കുട്ടികളിൽ ഭൂരിപക്ഷവും അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരപ്പെട്ടത് എന്ന വാർത്തയൊടെയാണ് മാധ്യമാഘോഷം തുടങ്ങുന്നത്. അച്ചടിമാധ്യമങ്ങൾ പതിവ് ഉത്തരവാദിത്തരാഹിത്യത്തോടെ വായിൽ തോന്നിയതെല്ലാം അച്ചടിച്ച് കച്ചവടം കൊഴുപ്പിച്ചപ്പോൾ ദൃശ്യമാധ്യമങ്ങൾ അതിനെ കുറച്ചുകൂടി ബുദ്ധിപൂർവ്വം ഉപയോഗിച്ചു. അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ കൊണ്ടുവരുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കേരളത്തിൽ ക്രിസ്ത്യൻ, മുസ്ലീം, ഹിന്ദു സമുദായങ്ങളുടെയൊക്കെ നേതൃത്വത്തിൽ നടക്കുന്ന അനാഥാലയങ്ങളിൽ ഇത് നടക്കാറുണ്ട്. എന്നാൽ ബന്ധപ്പെട്ട ചർച്ചയിൽ മുസ്ലീം മാനേജ്മെന്റിന്റെ കീഴിലുള്ള അനാഥാലയങ്ങളുടെ പ്രതിനിധികളെ മാത്രമാണ് കണ്ടത്. പിന്നെയുണ്ടായിരുന്നത് അനിവാര്യമായി മുസ്ലീംലീഗിന്റെയും ബി ജെ പിയുടെയും പ്രതിനിധികൾ. കോൺഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും പ്രതിനിധികൾ ഉണ്ടെങ്കിലായി, ഇല്ലെങ്കിലായി. ചർച്ചയുടെ ഗതി തന്നെ നിർണ്ണയിക്കുന്നത് മുസ്ലീംലീഗിന്റെയും ബി ജെ പിയുടെയും ആരോപണ പ്രത്യാരോപണങ്ങളും!

ചർച്ചയിൽ ഇടയ്ക്കിടെ അവതാരകർ ഇടപെട്ട് പ്രശ്നത്തെ സമുദായവൽക്കരിക്കരുതെന്നൊക്കെ പറയുമെങ്കിലും ഈ സംഭവത്തിന്റെ വാർത്താപരമായ യുണീക് സെല്ലിങ്ങ് പ്രൊപ്പൊസിഷനായി മാധ്യമങ്ങൾ കാണുന്നത് അതിന്റെ സാമുദായിക മാനങ്ങൾ തന്നെയാണെന്ന് വ്യക്തം. ബി ജെ പിയുടെയും മുസ്ലീംലീഗിന്റെയും പ്രതിനിധികൾക്ക് മുഖ്യപ്രാതിനിധ്യം നല്കി മുന്നോട്ട് പോകുന്ന ചർച്ച വിഷയത്തെ അനിവാര്യമായും സമുദായത്തിലേക്ക് കൊണ്ടുവരികയും അതിൽ കെട്ടിയിടുകയും ചെയ്യും എന്ന് മനസിലാക്കാൻ പ്രവാചകനൊന്നും ആവേണ്ട കാര്യമില്ലല്ലോ.

ഗൂഡാലോചനാ സിദ്ധാന്തങ്ങൾ