#രാഷ്ട്രീയം

ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!

കേന്ദ്രസർക്കാരിനുകീഴിലുള്ള ഡൽഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാറിന്റെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപത്തിലുള്ള മലയാളപരിഭാഷ. (ബോധി കോമൺസിൽ പ്രസിദ്ധീകരിച്ചതു്)

ഹരിയാനയിലെ ഖട്ടർ സർക്കാർ, രക്തസാക്ഷി ഭഗത്‌സിംഗിന്റെ പേരിലുള്ള എയർപോർട്ടിന്റെ പേരുമാറ്റി ഒരു സംഘിയുടെ പേരു നൽകി. ഞങ്ങൾ പറയുന്നതിന്റെ അർത്ഥം ഇതാണു, ഞങ്ങൾക്ക് ദേശഭക്തിയുടെ സർട്ടിഫിക്കറ്റ് ആർ.എസ്.എസിൽ നിന്നും വേണ്ട. ഞങ്ങൾ ഈ രാജ്യത്തിന്റെ മക്കളാണ്, ഞങ്ങൾ ഈ മണ്ണിനെ സ്നേഹിക്കുന്നവരാണ്. ഈ രാജ്യത്തെ 80 ശതമാനം ദരിദ്രർ, അവരാണു ഞങ്ങൾ.

80 ശതമാനം വരുന്ന ഈ ദരിദ്ര ഇന്ത്യക്കാർക്കുവേണ്ടിയാണു ഞങ്ങൾ പോരാടുന്നത്. ഇതാണ് ഞങ്ങൾക്ക് ദേശഭക്തി. നമ്മുടെ രാജ്യത്തെ (ജനാധിപത്യ, നീതിന്യായ) വ്യവസ്ഥിതികളിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ധൈര്യത്തോടുകൂടെ തന്നെ ഞങ്ങൾ പറയുകയാണ്, ഈ രാജ്യത്തിന്റെ ഭരണഘടനക്കുനേരെ നേരെ വിരൽ ചൂണ്ടുന്നവരെ, അത് സംഘപരിവാറുകാരന്റെ കൈവിരലുകൾ ആയാലും മറ്റ് ആരുടേത് ആയാലും അതിനോടു പൊറുക്കുവാൻ ഞങ്ങൾ തയ്യാറല്ല. എന്നാൽ കാവിക്കൊടിയും നാഗ്പൂരിലെ പഠിപ്പിക്കലുമാണ് രാജ്യത്തിന്റെ ഭരണഘടന എന്നു പഠിപ്പിക്കുവാൻ വന്നാൽ ആ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് ഒരു വിശ്വാസവുമില്ല. ഞങ്ങൾക്കു മനുവാദത്തിൽ വിശ്വാസമില്ല. ഈ രാജ്യത്തിനകത്തുയരുന്ന ജാതിവാദത്തിൽ ഞങ്ങൾക്കു ഒരു വിശ്വാസവുമില്ല.

ആ ഭരണഘടന ബാബാ സാഹിബ് ഭീം റാവു അംബേദ്കർ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ ഭരണഘടന; മരണശിക്ഷ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്ന നീതിന്യായവ്യവസ്ഥ-സംസാര സ്വാതന്ത്രത്തെപ്പറ്റി പറയുന്ന ആ ഭരണഘടനയെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. നമ്മുടെ മൗലികാവകാശങ്ങളെ, ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെ ഞങ്ങൾ ഉയർത്തിപിടിക്കുന്നു.