#ലൈഫ് സ്റ്റൈൽ

ബഞ്ചാറ എംബ്രോയിഡറിയുടെ സൌന്ദര്യം

22 Mar, 2010

ബഞ്ചാറ എന്ന നാടോടി വർഗ്ഗക്കാര്‍ രൂപപ്പെടുത്തിയ ഒരു പ്രത്യേക രീതിയിലുള്ള എംബ്രോയിഡറിയെ ആണ് ബഞ്ചാറ എംബ്രോയിഡറി എന്ന് പറയുന്നത്. ആദ്യ കാലത്ത് ഇവര്‍ മാത്രമായിരുന്നു ഈ തുണിത്തരങ്ങൾ ഉപയോഗിച്ചിരുന്നതെങ്കിൽ പിന്നീട് ലോകം മുഴുവനും അവരുടെ സവിശേഷമായ തുന്നല്‍ രീതികള്‍ സ്വീകരിച്ചു. മുത്തുകളും കണ്ണാടികളും പതിച്ചതാണ് ബഞ്ചാറ എംബ്രോയിഡറി. നിറമുള്ള നൂലുകളിലാണ്  അവര്‍ വസ്ത്രങ്ങളില്‍ കണ്ണാടികളും മുത്തുകളും തുന്നിപ്പിടിപ്പിക്കുന്നത്.

ഉത്തരേന്ത്യക്കാരായ ബഞ്ചാറകള്‍ പരമ്പരാഗതമായി പാവാടകളിലും ബ്ലൌസ്സുകളിലും ആണുങ്ങളുടെ വേഷങ്ങളിലുമാണ് അത് തുന്നിപിടിപ്പിച്ചിരുന്നത്. കാലക്രമേണ ബാഗുകളിലും ബെല്‍റ്റുകളിലും വോള്‍ ഹാംഗിംഗുകളിലും മുറി അലംങ്കാരങ്ങളിലുമൊക്കെ അത് സ്ഥാനം പിടിച്ചു. നാടോടി വര്‍ഗ്ഗത്തിലെ സ്ത്രീകളാണ് ബഞ്ചാറ എംബ്രോയിഡറിയുടെ തുടക്കക്കാര്‍. സൂചിയും നൂലും ഉപയോഗിച്ച് കൈകൊണ്ട് തുന്നുകയാണ് അവര്‍ ചെയ്തിരുന്നത്.

വസ്ത്രങ്ങളില്‍ മാത്രമല്ല നിത്യോപയോഗ സാധനങ്ങളിലും അവര്‍ ഇത്തരം അലങ്കാരപ്പണികള്‍ ചെയ്യാറുണ്ട്. വസ്ത്രങ്ങളില്‍ ഇവര്‍ ചെയ്യുന്ന ചിത്രപ്പണികളില്‍നിന്ന് ഇവരുടെ ജാതിയും വര്‍ഗ്ഗവും സമ്പത്തും തിരിച്ചറിയാൻ പറ്റും. ഇവര്‍ ചെല്ലുന്ന സ്ഥലത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. മാത്രമല്ല ചെടികളുടെ സത്തുപയോഗിച്ചും മറ്റ് ധാതുക്കള്‍ ഉപയോഗിച്ചും നിറം ഉണ്ടാക്കാന്‍ വിദഗ്ദരാണിവര്‍. ഇവര്‍ തുണികളില്‍ കൊടുക്കുന്ന നിറങ്ങള്‍ ഒരിക്കലും മായില്ല. അത്ര സൂക്ഷ്മമായാണ് ഇവര്‍ നിറം കൊടുക്കുന്നത്.