#വീട്

ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

26 Feb, 2010

  അടുക്കളയിലെ ഏറ്റവും ആവശ്യമുള്ള ഉപകരണമേതാണെന്ന് ഏതെങ്കിലും വീട്ടമ്മയോട് ചോദിച്ചാൽ ഫ്രിഡ്ജ് എന്നായിരിക്കും ഉത്തരം. അത്രയും ആവശ്യമുള്ള ഒന്നാണ് ഫ്രിഡ്ജ് അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് ഫ്രിഡ്ജ്. അല്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലാതെ വരും.

    ഒട്ടേറെ പുതുമകളും സൌകര്യങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഇപ്പോള്‍ കമ്പനികള്‍ ഫ്രിഡ്ജുകള്‍ പുറത്തിറക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് വേണ്ട ഫ്രിഡ്ജ് ഏതാണെന്ന് തിരഞ്ഞെടുക്കണം. ഓരോ ഫ്രിഡ്ജിനും ഓരോ പ്രത്യേകതകള്‍ ഉണ്ട്. അതൊക്കെ തിരിച്ചറിഞ്ഞതിനു ശേഷം വേണം തിരഞ്ഞെടുക്കാൻ. നിങ്ങളുടെ ആവശ്യവും വീടിന്റെ സൌകര്യവും കൈയ്യിലുള്ള പണവുമെല്ലാം ഫ്രഡ്ജ് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമായിരിക്കണം.

ഡയറക്ട് കൂള്‍

    റഫ്രിജറേറ്ററുകളിലെ അടിസ്ഥാന മോഡലുകളായി അറിയപ്പെടുന്നതാണ് ഡയറക്ട് കൂള്‍ സംവിധാനത്തില്‍ പ്രവർത്തിക്കുന്ന ഫ്രഡ്ജുകള്‍. ഈ 60 ലിറ്റര്‍ മുതല്‍ 310 ലിറ്റര്‍ വരെയുള്ള മോഡലുകള്‍ വരെ ഈ ശ്രേണിയിലുണ്ട്. ഒരു മീറ്റര്‍ ഉയരമുള്ള 90 ലിറ്റര്‍ ഫ്രഡ്ജും ഈ മോഡലില്‍ ലഭിക്കും. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന 165 ലിറ്റര്‍ ശേഷിയുള്ള ഫ്രിഡ്ജ് ഉപയോഗിച്ചിരുന്ന അടുക്കളകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് 185 ലിറ്റര്‍ ശേഷിയുള്ള ഫ്രിഡ്ജാണ്. 6500 മുതല്‍ മുകളിലേക്കാണ് ഇതിന്റെ വില. ഫ്രഡ്ജിനകത്ത് അത്യാവശത്തിനുള്ള പാത്രങ്ങളും ഉപകരണങ്ങളും ലഭിക്കുന്നതാണ്.

ഫ്രോസ്റ്റ് ഫ്രീ

    ഫ്രിഡ്ജ് വിപണിയിലെ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള ബ്രാന്‍ഡാണ് ഫ്രോസ്റ്റ് ഫ്രീ ഫ്രിഡ്ജ്. ഫ്രീസറിന്റെ ഭാഗത്ത് പ്രത്യേകം ഡോറുള്ള ഇത് ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് എന്നും അറിയപ്പെടുന്നു. 220 ലിറ്റര്‍ മുതല്‍ മുകളിലേക്കാണ് ഇതിന്റെ ശേഷി. 10,999 മുതലാണ് ഇതിന്റെ വില. ഫ്രീസറിന് പ്രത്യേകം ഡോറായതുകൊണ്ട് ഇടയ്ക്കിടക്ക് ഫ്രിഡ്ജ് തുറക്കുന്ന സമയത്തെ താപനഷ്ടം ഫ്രീസറിനെ ബാധിക്കില്ല. മാത്രമല്ല മത്സ്യവും മാംസ്യവും ഫ്രീസറിലാണ് സൂക്ഷിക്കുന്നതെങ്കില്‍ അതിന്റെ ഗന്ധം താഴെ വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ ഉണ്ടാകില്ല.

    ഇത്തരം മോഡലുകളില്‍ ഫ്രീസര്‍ പ്രത്യേകം കമ്പാര്‍ട്ട്മെന്റ് ആയതുകൊണ്ട് താഴത്തെ ഭാഗത്തിന് കൂടുതല്‍ സൌകര്യം ലഭിക്കുന്നു. കൂടുതല്‍ റാക്കുകളും, ഷെല്‍ഫുകളും ഇതിലുണ്ട്. 

സൈഡ് - ബൈ - സൈഡ്

    ഫ്രിഡ്ജിന്റെ ലോകത്തെ വിപ്ലവമെന്ന് വിളിക്കപ്പെടാവുന്ന ഒന്നാണ് സൈഡ് - ബൈ - സൈഡ് ഫ്രിഡ്ജ്. ആവശ്യവും ആഡംബരവും ഒത്തു ചേര്‍ന്നതാണ് ഇതിന്റെ രൂപകല്‍പ്പന. ഒരുവശത്ത് ഫ്രീസറും മറുവശത്ത് റഫ്രിജറേറ്ററും ക്രമീകരിച്ചിരിക്കുന്നു. മൊത്തം സ്ഥലത്തിന്റെ നാല്‍പത് ശതമാനം ഫ്രീസറിനായി മാറ്റിവെച്ചിരിക്കുന്നു. 555 ലിറ്റര്‍ മുതല്‍ മുകളിലേക്കാണ് ഇതിന്റെ ശേഷി. ഏകദേശം 50,000 രൂപയില്‍ തുടങ്ങിയാണ് ഇതിന്റെ വില. ഇതിലെ ഫ്രിഡ്ജെന്ന് വിളിക്കുന്നത് അപമാനമായി തോന്നാം. ഒരു മിനി കോള്‍ഡ് സ്റ്റോറേജ് എന്ന് വിളിക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലത്.

ഫ്രഡ്ജിന്റെ പഴക്കം

    സാധാരണ ഫ്രിഡ്ജ് പത്തു കൊല്ലം വരെ കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കും. പഴക്കം കൂടുംന്തോറം ഫ്രഡ്ജ് ഉപയോഗിക്കുന്ന വൈദ്യൂതിയുടെ അളവ് കൂടും. അതുകൊണ്ട് അധികം പഴകാതെ തന്നെ മാറ്റിവാങ്ങുന്നതായിരിക്കും നല്ലത്.

ഫ്രിഡ്ജ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍

    ഡോറുകളുടെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഫ്രിഡ്ജുകള്‍ക്ക് വലതുവശത്തേക്ക് തുറക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിങ്ങളുടെ വീടിന് ഇടതുവശത്തേക്ക് തുറക്കാവുന്ന ഫ്രിഡ്ജാണ് യോജിക്കുന്നതെങ്കില്‍ കമ്പനിയുടെ ടെക്നീഷ്യനോട് സഹായം ആവശ്യപ്പെടാവുന്നതാണ്. (ഡോറ് മാറ്റിവെക്കാവുന്ന മോഡലുകള്‍ക്ക് മാത്രമേ ഇത്തരം സൌകര്യം ലഭ്യമാകുകയുള്ളു.) 

    ഡീഫ്രോസ്റ്റ് കൃത്യമായി ചെയ്യുന്നത് ഫ്രിഡ്ജിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. ഇത്തരം കാര്യങ്ങള്‍ കൃത്യമായി ചോദിച്ചു മനസ്സിലാക്കണം.

    സ്റ്റാന്‍ഡുകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വലിപ്പം കൂടിയ ഫ്രിഡ്ജുകളാണെങ്കില്‍ വീലുള്ള സ്റ്റാന്‍ഡുകള്‍ നോക്കി വാങ്ങണം. മിക്കവാറും ഫ്രിഡ്ജുകള്‍ക്ക് സ്റ്റാന്‍ഡ് സൌജന്യമായി ലഭിക്കാറുണ്ട്.

    വാറന്റിയുടെ കാര്യമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഫ്രിഡ്ജ് വാങ്ങുമ്പോള്‍ വാറന്റി കാര്‍ഡിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു വര്‍ഷമാണ് സാധാരണ വാറന്റി ലഭിക്കുന്നതെങ്കിലും ചില ഫ്രഡ്ജുകളുടെ കാര്യത്തില്‍ കംപ്രസറിന്​ 5 വര്‍ഷം വരെ വാറന്റി ലഭിക്കാറുണ്ട്.

    വോള്‍റ്റേജ് പ്രശ്നങ്ങളുള്ളവര്‍ സ്റ്റേബിലൈസര്‍ പ്രത്യേകം വാങ്ങിയിരിക്കണം. അല്ലെങ്കില്‍ ഫ്രിഡ്ജിന് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇറങ്ങുന്ന ചില മോഡലുകളില്‍ വോള്‍റ്റേജ് വ്യതിയാനത്തെ നിയന്ത്രിക്കുന്ന സംവിധാനം ഉള്ളവയാണ്. അവ നോക്കി വാങ്ങിയാല്‍ പിന്നെ സ്റ്റെബിലൈസര്‍ പ്രത്യേകം വാങ്ങേണ്ടതില്ല. അല്ലെങ്കില്‍ കൃത്യമായും സ്റ്റെബിലൈസര്‍ വാങ്ങിയിരിക്കണം.