#വീട്

ബോണ്‍സായ് - കുഞ്ഞന്‍ (വന്‍) മരങ്ങള്‍

02 Nov, 2011

വൻമരങ്ങളെ ചെറുതാക്കി നിർത്തുന്നതാണ് ബോൺസായ്. നാടിനുമുഴുവന്‍ തണൽ പരത്തിനില്‍ക്കുന്ന ആല്‍മരങ്ങളും മറ്റ് മരങ്ങളും ബോണ്‍സായ് ആക്കി സ്വീകരണമുറിയിലും മറ്റും വെക്കുന്നത് ഇപ്പോൾ സര്‍വ്വസാധാരണമാണ്. അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ പറയുന്നു.

വന്‍മരത്തിന്റെ എല്ലാ പ്രൌഡിയോടുംകൂടി തന്നെയാണ് ഇത്തിരിപ്പോന്ന കുഞ്ഞന്മാരും ഇരിക്കുന്നത്. അവരുടെ ഏകപോരായ്മ പൊക്കം കുറവാണ് എന്നതാണ്. അത് തന്നെയാണ് അവരുടെ സൌന്ദര്യവും. ആല്‍മരം, ചെമ്പകം, അശോകം, കണിക്കൊന്ന തുടങ്ങി തൊടിയില്‍ പ്രതാപം കാണിച്ചുനില്‍ക്കുന്ന ഏത് മരത്തേയും ഇങ്ങനെയാക്കാം.

ബോണ്‍സായ് - പേര്, ചരിത്രം

ബോണ്‍സായ് എന്ന ആധുനിക നാമം ജാപ്പനീസ് ആണെങ്കിലും ഇതിന്റെ ആദിരൂപങ്ങള്‍ പുരാതന ഈജിപ്തിലുണ്ടായിരുന്നതായിട്ട് കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തുകാര്‍ ഒലിവുമരങ്ങളിലും, പനകളിലും ഇതിന്റെ പ്രാക് രൂപങ്ങള്‍ ആവിഷ്കരിച്ചിരുന്നു. പിന്നീട് ഇതിന്റെ ഏറ്റവും ശക്തമായ രൂപമാറ്റങ്ങള്‍ ഉണ്ടായത് ചൈനയിലും ജപ്പാനിലുമാണ്. ഇപ്പോഴുള്ളതില്‍ ഏറ്റവും പഴക്കമേറിയ ബോണ്‍സായ് മരമുള്ളത് ജപ്പാനിലെ ടോക്കിയോയിലെ ഇംപീരിയല്‍ കൊട്ടാരത്തിന്റെ ശേഖരത്തിലുള്ളതാണ്. ഈ മരത്തിന് ഏകദേശം 500 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.