#വീട്

ഔഷധത്തോട്ടം ഒരുക്കാം

03 Apr, 2010

വീട്ടിൽ പച്ചക്കറി തോട്ടം ഉണ്ടാക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. അതിനായി കഷ്ടപ്പെടാനും എല്ലാവരും തയ്യാറാണ്. പച്ചക്കറിത്തോട്ടത്തിന് ഉപയോഗിക്കുന്ന സ്ഥലത്തിന്റെ അത്രയും സ്ഥലം ഔഷധത്തോട്ടം ഉണ്ടാക്കാന്‍ ആവശ്യമില്ല. വീട്ടില്‍ അത്യാവശ്യം ആവശ്യമുള്ള ഔഷധങ്ങൾ മാത്രം നട്ടുവളര്‍ത്താവുന്നതാണ്. പനിക്കൂര്‍ക്ക, തഴുതാമ, തുളസി, ആടലോടകം, കച്ചോലം, കീഴാര്‍നെല്ലി, കസ്തൂരിമഞ്ഞള്‍ എന്നിവ ഒരു വീട്ടില്‍ അത്യാവശ്യം വേണ്ട ചില ഔഷധങ്ങളാണ്. തഴുതാമ, വയമ്പ്, തിപ്പലി, നീലയമരി, തുമ്പ, കറ്റാര്‍വാഴ, പാണല്‍, വേപ്പ് ഇവ ഗൃഹചികിത്സയ്ക്ക് ഉപയോഗിക്കുന്നവാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തോട്ടം ഉണ്ടാക്കേണ്ടത് ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തായിരിക്കണം. നല്ല ഇളക്കവും പുഷ്ടിയുമുള്ള മണ്ണില്‍ വേണം ഔഷധകൃഷിത്തോട്ടം ഒരുക്കാന്‍. വെള്ളം കെട്ടിനില്‍ക്കാതെ ഒഴുകിപോകാനുള്ള സ്ഥലമുണ്ടായിരിക്കണം. വള്ളിച്ചെടികളാണെങ്കില്‍ പടര്‍ന്ന് കയറാനുള്ള സ്ഥലമുണ്ടായിരിക്കണം.

നമ്മുടെ മണ്ണിനും കാലവസ്ഥയ്ക്കും അനുയോജ്യമായ ചെടികള്‍ വേണം തിരഞ്ഞെടുക്കാന്‍. തോട്ടത്തിന്റെ ഒരു ഭാഗത്തായി കമ്പോസ്റ്റുകുഴി തയ്യാറാക്കണം. തോട്ടം വൃത്തിയായി കിടക്കാനും ആവശ്യമുള്ള വളം തയ്യാറാക്കാനും ഇതു സഹായിക്കും.

തോട്ടം തയ്യാറാക്കുന്ന സമയത്ത് നല്ല ആഴത്തില്‍ കിളച്ചു കല്ലും വേരും മാറ്റി കട്ടയുടച്ച് മണ്ണ് ശരിയാക്കണം. ഒരു സെന്റിന് അന്‍പതോ അറുപതോ കിലോഗ്രാം എന്ന അളവില്‍ കമ്പോസ്റ്റോ കാലിവളമോ മണ്ണില്‍ ചേര്‍ക്കുക. ജൈവവളം ചേര്‍ക്കുമ്പോള്‍ നന്നായി അഴുകിപ്പൊടിഞ്ഞ വളങ്ങളാണു നല്ലത്. അരിച്ചെടുത്ത കമ്പോസ്റ്റും ചാണകപ്പൊടിയും നന്നാണ്. രാസവളങ്ങള്‍ കഴിവതും ഒഴിവാക്കുക.