#വിശകലനം

സഹിഷ്ണുത എന്ന മിത്ത്

10 Jul, 2010

അസഹിഷ്ണുതയുടെ വിവിധ അദ്ധ്യായങ്ങൾ കൺമുന്നിൽ വിരിയുമ്പോള്‍ പലപ്പോഴും ജനമനസ്സുകളിലും ചായക്കട സംവാദങ്ങളിലും സാമാന്യവത്കരണങ്ങളായി പരിണമിക്കുന്ന സംഭാഷണങ്ങളില്‍ ഒരുപാടു വിലയിരുത്തലുകള്‍ നടക്കാറുണ്ട്. അമിത സാമാന്യവത്കരണത്തിനുള്ള വ്യഗ്രതയില്‍ 'മതവിശ്വാസങ്ങള്‍'ക്കനുസരിച്ചു മനുഷ്യന്റെ സഹിഷ്ണുതയില്‍ വ്യക്തമായ മാറ്റങ്ങള്‍ വരാറുണ്ടെന്നൊരു വിധിയും കല്‍പ്പിക്കാറുണ്ട്. ചായക്കടസംവാദങ്ങളിലും സുഹൃദ്‌വേദികളിലും വ്യക്തിപരമായ അഭിപ്രായം എന്നു പേരിട്ടുകേള്‍പ്പിക്കുന്ന കെട്ടുകഥകള്‍ക്കും കേട്ടുകേള്‍വികള്‍ക്കും തുല്യമായ ഇത്തരം സാമാന്യവത്കരണങ്ങള്‍ പിന്നീട് ഈ വിധികളെത്തന്നെ തെളിവുകളായെടുത്ത് സാമൂഹ്യസത്യങ്ങളുടെ മേലങ്കിയണിയുമ്പോള്‍ സാമൂഹ്യവിപത്തായിമാറുകയാണു ചെയ്യുന്നത്.

വിവധ മതവിശ്വാസങ്ങള്‍ പുലർത്തുന്നവര്‍ എത്രമാത്രം സഹിഷ്ണുക്കളും, മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നവരുമാണെന്നറിയണമെങ്കില്‍, ആസൂത്രിതമായും അല്ലാതെയും ഈ രാജ്യത്തും ലോകത്തും നടക്കുന്ന കൂട്ടക്കൊലകളുടെ കണക്കുകളെടുത്തുനോക്കിയാല്‍ മതിയാകും. രാഷ്ട്രീയാധികാരം കയ്യേറിയവര്‍ക്കു നേരെ ഭീഷണിയുയര്‍ത്തുന്നുവെന്നുമുതല്‍, ഭൂരിപക്ഷത്തിന്റെ വിനോദത്തിനു വേണ്ടിവരെ അന്യവിശ്വാസക്കാര്‍ പലകാലത്തായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഒരു വിശ്വാസക്കാര്‍ അമിതമായി സഹിഷ്ണുക്കളായി മുദ്രകുത്തപ്പെടുന്നത് സാധാരണമാണുതാനും. പക്ഷേ ഇതും മതവിശ്വാസങ്ങളുമായി വലിയ ബന്ധമൊന്നുമുണ്ടാകണമെന്നില്ല. അവിശ്വാസിയെ അന്യവത്കരിക്കുന്നതിന്, അതുപോലെ വിവിധ സംഭവങ്ങളെ സ്വന്തം വിശ്വാസത്തോടുള്ള കടന്നു കയറ്റമായിക്കാണുന്നതിന്, സാമൂഹ്യവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് കൂടുതലും.

സമാധാനം ലോകസന്ദേശമാക്കുന്ന, ഹിംസ എന്നത് കൊടുപാപമായ, ജൈനമതക്കാര്‍ക്കും പല ബുദ്ധവിശ്വാസികള്‍ക്കും ഇതരവിശ്വാസങ്ങളെ ബഹുമാനിക്കാനുള്ള കെല്‍പ്പും കുറവാണ്. അതുപോലെ ഹിന്ദുക്കളുടെ സഹിഷ്ണുതയുടെ ആധാരം പലപ്പോഴും വിചിത്രമാണ്. ഒരു ഹിന്ദു യുവാവ് അന്യമതക്കാരിയെ വിവാഹം കഴിച്ചാലോ അല്ലെങ്കില്‍ ഹിന്ദുയുവതി അന്യമതസ്ഥനെ വിവാഹം കഴിച്ചാലോ ഉയരാൻ സാധ്യതയുള്ള മുറുമുറുപ്പുകളെക്കാള്‍ ശക്തമായ എതിര്‍പ്പുകള്‍ താഴ്‌ന്ന ജാതിക്കാരനെ/കാരിയെ വിവാഹം കഴിക്കുമ്പോള്‍ ഉയര്‍ന്നേക്കാം. കാരണം, ഹിന്ദു എന്ന സ്വത്വത്തേക്കാള്‍ കൂടുതല്‍ ജാതീയമായ സ്വത്വം അവിടെ ശക്തമായതിനാലാണത്. ഇനിയിപ്പോള്‍ സ്വന്തം ജാതിയിലെത്തന്നെ ഒരാളെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും അതു സ്വന്തം കുടുംബത്തിനപമാനമായിത്തോന്നിയാല്‍ മരണശിക്ഷവിധിക്കുന്നവരും ഹിന്ദുക്കളുടെയിടയിലുണ്ട്.

കുടുംബത്തിനപമാനമാകാനുള്ള കാരണങ്ങളന്വേഷിച്ചാല്‍, സര്‍വ്വംസഹിഷ്ണുക്കളായ സനാതന ഹിന്ദുക്കളെ ലോകത്തിലെത്തന്നെ ഏറ്റവും വലിയ അസഹിഷ്ണുക്കളായിക്കാണേണ്ടിവരും. താന്‍ മുറുകെ പിടിക്കുന്ന വിശ്വാസങ്ങളെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുള്ളതിലും കവിഞ്ഞ്, താന്‍ അംഗീകരിക്കാത്ത വിശ്വാസങ്ങള്‍ സ്വീകരിക്കുന്ന വേണ്ടപ്പെട്ടവര്‍ മരണശിക്ഷ അര്‍ഹിക്കുന്നവരാണെന്നുള്ള ചിന്തകളിലെത്തിനില്‍ക്കുന്ന സഹിഷ്ണുത.