#വിശകലനം

മുഖമറയ്ക്കലും വ്യക്തിസ്വാതന്ത്ര്യവും

19 Jul, 2010

മുഖം അപ്പാടെ മൂടുന്ന പർദ്ദയ്ക്കെതിരെ ലോകത്ത് വിവിധ രാഷ്ട്രങ്ങളിൽ എതിര്‍പ്പുയരുന്നു. ഫ്രാൻസ് പൊതുവിടത്തില്‍ മുഖംമൂടുന്ന വസ്ത്രധാരണം നിരോധിച്ചതിനു പിന്നാലെ യുകെയിലും സമാനമായ ആവശ്യമുയരുന്നു. വോട്ട് ചെയ്യാന്‍ വരുമ്പോൾ മുഖം മറയ്ക്കാന്‍ പാടില്ലെന്ന് ഇന്ത്യ അഭിപ്രായപ്പെടുന്നു. മുസ്ലീം രാഷ്ട്രമായ സിറിയയില്‍ സര്‍വ്വകലാശാലകളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ മുഖംമറയ്ക്കലിന്റെ സാംസ്കാരിക അശ്ലീലതയെ കുറിച്ച് പ്രമുഖ മലയാളം ബ്ലോഗറായ നളന്‍ സംസാരിക്കുന്നു

മുഖം മറയ്ക്കല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമായി അവതരിക്കപ്പെടുന്നതില്‍ പന്തികേടുണ്ട്. വ്യക്തി സ്വാതന്ത്ര്യമെന്നത് ഒരു ഐസൊലേറ്റഡ് എന്റിറ്റി അല്ല. നിന്റെ മൂക്കിന്തുമ്പത്തവസാനിക്കുന്നു എന്റെ സ്വാതന്ത്ര്യം എന്നു പറയുന്നതുകൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്നു ഒന്നുകൂടി ചികയേണ്ടതുണ്ട്. വ്യക്തി സ്വാതന്ത്ര്യവും അതുപോലെതന്നെ വ്യക്തിക്ക് മതം ആചരിക്കാനുള്ള സ്വാതന്ത്ര്യവും സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തില്‍ നിന്നും വേറിട്ടു കാണേണ്ട ഒന്നല്ല.

സ്വാതന്ത്ര്യവും ജനാധിപത്യ ആശയങ്ങളുമൊക്കെ ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉരിത്തിരിഞ്ഞവയാണല്ലോ. ചരിത്രത്തിന്റെ ഈ പുരോഗതിയെ പിറകോട്ടു വലിക്കുന്ന ആശയങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണു. ഫ്യൂഡല്‍ അവശിഷ്ടങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്നത് അങ്ങിനെ ഈ ബോധത്തിന്റെ ഭാഗവുമാവുന്നു.

പൊതു നിരത്തുകളില്‍ മുഖം മറയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാന്‍ കഴിയില്ല. സ്വന്തം സ്വകാര്യതയില്‍ എന്തുമാവാമെന്നതുപോലല്ല പൊതുനിരത്തിലെ പ്രവര്‍ത്തികള്‍ വായിക്കപ്പെടുന്നത്. കാഴ്ച കമ്യൂണിക്കേഷന്റെ ഭാഗമാണു. മുഖം മറയ്ക്കുന്ന പ്രവര്‍ത്തി ഉളവാക്കുന്ന കമ്യൂണിക്കേഷന്‍ എന്താണു ? ഒന്നാമതായി മതാചാരത്തിന്റെ ഭാഗമായി (ഇതും മറ്റൊരു വിഷയം, പൊതു നിരത്തില്‍ എത്രത്തോളം മതാചാര പ്രദര്‍ശനങ്ങള്‍ അനുവദിക്കേണ്ടതുണ്ട് എന്നത്). ഇവര്‍ മുഖം മറയ്ക്കുന്നുവെന്നു. അപ്പോള്‍ അടുത്ത ചോദ്യം മതം എന്തുകൊണ്ട് അതു നിഷ്കര്‍ഷിക്കുന്നു എന്നുവരുന്നു. ഉത്തരം സ്ത്രീവിരുദ്ധമാണെന്നതില്‍ സംശയമില്ല.