#മീഡിയ സ്കാൻ

അപ്രത്യക്ഷമാകുന്ന എഡിറ്റോറിയല്‍ ഡെസ്ക്

09 Aug, 2010

ജനാധിപത്യത്തിന്റെ നിലനിൽപ്പിനും മനുഷ്യാവകാശങ്ങളുടെ പരിരക്ഷയ്ക്കും സ്വതന്ത്രവും നിഷ്പക്ഷവുമായ മാദ്ധ്യമങ്ങളുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. "സ്വതന്ത്രവും നിഷ്പക്ഷവുമായ മാദ്ധ്യമങ്ങൾ" എന്നതിലെ സ്വാതന്ത്ര്യമെന്ന ഭാഗത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുകയും, നിഷ്പക്ഷത എന്നത് പലപ്പോഴും ഒരു ജലരേഖയാവുകയും ചെയ്യുന്നത് ഇന്നത്തെ മാദ്ധ്യമലോകത്ത് സാധാരണമാണ്. പ്രത്യക്ഷ അജണ്ടകളോടെയോ വ്യക്തമായ ചായ്‌വുകളോടെയോ രാഷ്ട്രീയ/മത/സാമൂഹ്യ സംഘടനകളുടെ ജിഹ്വകളായി ധാരാളം മാദ്ധ്യമങ്ങള്‍ പ്രവർത്തിക്കുന്നു. നിഷ്പക്ഷ പ്രവര്‍ത്തനമെന്നതിനേക്കാളും മുഖ്യധാരയില്‍ പിന്തള്ളപ്പെട്ടുപോകുന്ന കാഴ്ചപ്പാടുകളെ പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്കു വയ്ക്കുക എന്നതാണ് ഇവരുടെ പ്രധാന അജണ്ട.

വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ പൊതുജനാഭിപ്രായ രൂപീകരണത്തിന് മാദ്ധ്യമങ്ങള്‍ക്കുള്ള സ്വാധീനം അളക്കാനാവാത്തതാണ്. അതുമൂലം ഭരണത്തിന്റെ ചക്രം തിരിക്കുന്നവര്‍ക്ക് പലപ്പോഴും മാദ്ധ്യമങ്ങളെ പ്രീതിപ്പെടുത്തേണ്ടുന്നത് ഒരു ആവശ്യമാകുന്നു. ഇത്തരത്തില്‍ സ്വന്തം മാദ്ധ്യമങ്ങള്‍ ആരംഭിക്കാൻ പണമുള്ളവരുടേയും അധികാരമുള്ളവരുടേയും മാത്രം സ്വരങ്ങള്‍ വഴി പൊതുജനാഭിപ്രായരൂപീകരണം നടത്തപ്പെടുന്നത് തടയാനാണ് മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവര്‍ത്തകരും സ്വയം ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നു പറയുന്നത്.

വാര്‍ത്തകള്‍ വസ്തുതാടിസ്ഥാനത്തിലുള്ള വിവരണങ്ങള്‍ മാത്രമാവുകയും, മാദ്ധ്യമ അജണ്ടകള്‍ വാര്‍ത്തകളോടുനുബന്ധിച്ചുള്ള അവലോകനങ്ങളോ, വിശകലങ്ങളോ, നിരീക്ഷണങ്ങളോ, അഭിമുഖങ്ങളോ വഴി രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് സാമ്പ്രദായികമായി അംഗീകരിച്ചിട്ടുള്ള രീതി. സ്കൂപ്പുകളിലോ, വെളിപ്പെടുത്തലുകളിലോ മാദ്ധ്യമങ്ങളുടെ നിഗമനങ്ങള്‍ സ്ഥാനം പിടിക്കുന്നുണ്ടെങ്കില്‍ അതിനെ നിഗമനങ്ങളായിത്തന്നെ കാണിക്കുന്നതും പതിവാണ്. മാത്രമല്ല, പ്രസിദ്ധീകരിക്കുന്ന ഏതൊരു വാര്‍ത്തയ്ക്കും (എന്തിനും) നിയമപരമായും ധാര്‍മ്മികപരമായും മാദ്ധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദിയുമാണ് (അവനവന്‍ പ്രസാധകനാവുന്ന ബ്ലോഗുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും ഇവ ബാധകമാണ്).

ന്യൂസുകളിലൂടെ പ്രത്യേക അജണ്ടകള്‍ക്ക് പ്രചരണം കൊടുക്കാന്‍ മാദ്ധ്യമങ്ങള്‍ സ്വീകരിക്കുന്ന എളുപ്പവഴി ഈ അതിര്‍വരമ്പുകളെ ഒഴിവാക്കുകയാണ്. പലരും ഒരുപടികൂടി കടന്ന് വാര്‍ത്തകള്‍ തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് വേണമെന്നു വച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുന്നവരുടെ കഥകളാണ്.