#മുഖം

ഒരു ആര്‍.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍

12 Aug, 2010

ഒരു ജനാധിപത്യ സമൂഹത്തിൽ ആർക്കെങ്കിലുമെതിരെ വിധിപ്രസ്താവിക്കുംമുമ്പ് അവര്‍ എന്തൊക്കെയാണ് പറയുന്നത് എന്നെങ്കിലും വായിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ശിവദാസ് എന്ന മദ്ധ്യവയസ്കന്റെ കൊലപാതകത്തെ തുടര്‍ന്ന് വര്‍ക്കലയില്‍ വേട്ടയാടപ്പെട്ട ദളിത് സംഘടനയായ ഡിഎച്ച്ആര്‍എമ്മിന് നല്‍കാതിരുന്നത്, ഈ അവസരമാണ്. മുഖ്യധാരാ മാദ്ധ്യമങ്ങൾ പാടെ അവഗണിച്ച അവരുടെ ഭാഗം പറയാൻ അവര്‍ നാട്ടുവിശേഷം എന്ന പത്രം തുടങ്ങി. എന്നാല്‍ തീവ്രവാദമാരോപിച്ച് മൂന്നാം ലക്കത്തോടെ നാട്ടുവിശേഷത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്പ്പിക്കാന്‍ പൊലീസിനായി. നാട്ടുവിശേഷം പ്രസിദ്ധീകരിച്ച ഏതാനും ലേഖനങ്ങള്‍ പൊതുവിടത്തിലെ ചര്‍ച്ചകള്‍ക്കായി malayal.am പുനഃപ്രസിദ്ധീകരിക്കുകയാണ്. ദിനേശന്‍ എന്ന മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അനുഭവമാണ് ആദ്യം. തയ്യാറാക്കിയത് രമ്യ കെ.ആര്‍.

ജീവിതം കാവി കാക്കില്ല

"ഒരു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു...ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും... ഭാരതം ഒരു ഹിന്ദുരാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍മാനേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മതവികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം. അവര്‍ നമ്മുടെ ശത്രുക്കളാണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍ നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം."

ഞരമ്പ് വലിഞ്ഞ് മുറുകുന്ന സുദീര്‍ഘമായ മുഖ്യ ശിക്ഷകന്റെ പ്രസംഗം എന്റെ തലക്കു പിടിച്ചു. ഓരോ ജില്ലയില്‍ നിന്നുമുള്ള 15 പേരടങ്ങുന്ന പ്രതിനിധികള്‍ ഉണ്ടവിടെ.