#വീട്

ഹാങ്ങറുകള്‍

01 Nov, 2011

വീട്ടിൽ തുണിയൊക്കെ തൂക്കിയിടുന്നതെവിടെയാണ്‌? ഉത്തരം എളുപ്പം. ഹാങ്ങറില്‍; അല്ലേ? ഇന്ന്‌ പല നിറത്തില്‍, വലുപ്പത്തില്‍ ഡിസൈനുകളില്‍ ഹാങ്ങറുകൾ ഉണ്ട്‌. ഇവയൊക്കെ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും അതിനു പിന്നിലുള്ള കഥ നമ്മളറിയുന്നുണ്ടോ? ആല്‍ബർട്ട്‌ ജെ. പാര്‍ക്ക്‌ ഹൗസ്‌ എന്നൊരാളാണ്‌ ഈ ലളിത കണ്ടുപിടിത്തം നടത്തിയത്‌.

ആല്‍ബര്‍ട്ട്‌ ജെ. പാര്‍ക്ക്‌ഹൗസ്‌ ഒരു ഫാക്‌ടറി ജീവനക്കാരനായിരുന്നു. തങ്ങളുടെ കോട്ട്‌ ഫാക്‌ടറിയുടെ പ്രവേശനമുറിയിലെ തറയില്‍ ചുരുട്ടിവെച്ചിട്ടാണ്‌ അവിടത്തെ ജീവനക്കാരെല്ലാം ജോലിക്ക്‌ പ്രവേശിച്ചിരുന്നത്‌. ഒരു ദിനം ഫാക്‌ടറിയിലെത്തിയ പാര്‍ക്ക്‌ഹൗസിന്‌ തന്റെ കോട്ടു ചുരുട്ടി വെയ്‌ക്കാൻ തറയില്‍ ലവലേശം ഇടം ലഭിച്ചില്ല. ഇനിയെന്തു ചെയ്യും? അയാള്‍ ആലോചിച്ചു.

അപ്പോഴാണ്‌ അവിടെ ധാരാളമായി കിടന്നിരുന്ന കമ്പിക്കഷണങ്ങള്‍ പാര്‍ക്ക്‌ഹൗസിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. പിന്നീടൊട്ടും അമാന്തിച്ചില്ല. ആ കമ്പിക്കഷണങ്ങള്‍ അയാളുടെ കരവിരുതില്‍ ആദ്യത്തെ ഹാങ്ങറായി. തന്റെ കോട്ട്‌ അയാളതില്‍ തൂക്കിയിട്ടു.

കമ്പി വളച്ചുണ്ടാക്കിയ ഹാങ്ങറില്‍ കോട്ട്‌ തൂക്കിയിട്ടിരിക്കുന്നത്‌ കമ്പനിയുടമയുടെ ശ്രദ്ധയില്‍പ്പെട്ടു. വ്യാവസായികാടിസ്ഥാനത്തില്‍ ഹാങ്ങറുകള്‍ നിര്‍മ്മിച്ചു വില്‍ക്കാന്‍ അയാള്‍ തീരുമാനിച്ചു. അങ്ങനെ ഹാങ്ങറുകളുടെ ലോകം വരവായി.