#മുഖം

മാഫിയയുടെ സ്വന്തം ലോട്ടറി: തോമസ് ഐസക്കുമായി അഭിമുഖം

ലോട്ടറിയിൽ തൊട്ടാല്‍ പൊള്ളും എന്ന അവസ്ഥയാണിന്ന് കേരളത്തില്‍. ലോട്ടറി വിവാദത്തില്‍ ഉന്നയിക്കപ്പെടുന്ന പല വിമർശനങ്ങളും വിരല്‍ ചൂണ്ടുന്നത് കേന്ദ്ര സര്‍ക്കാരിനെതിരെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെതിരെയും കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെയും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെയുമാണ്. എന്നാല്‍ എല്ലാ മാദ്ധ്യമങ്ങളും ലക്ഷ്യമാക്കുന്നതാവട്ടെ സംസ്ഥാന ധനകാര്യമന്ത്രിയേയും. കായുള്ള മാവിലേ, കൊഴിയെറിയൂ എന്ന നാട്ടുന്യായമല്ല ഇതിന്റെ പിന്നില്‍ എന്നറിയാൻ സാമാന്യ രാഷ്ട്രീയ നിരീക്ഷണം മതി. കരാറൊപ്പിട്ട കാര്‍ത്തികേയനെ പോലും ഒഴിവാക്കി ലാവലിന്‍ കേസ് പിണറായി വിജയനെതിരായ കുറ്റപത്രമായി മാറിയതുപോലെ എല്ലാ ദുരൂഹതകളേയും തോമസ് ഐസൿ എന്ന വ്യക്തിയിലേക്കു മാത്രം ആരോപിച്ച് മാദ്ധ്യമങ്ങൾ വമ്പന്‍ രാഷ്ട്രീയ അട്ടിമറിക്കു കളമൊരുക്കുന്നു. ഈ സാഹചര്യത്തിലാണ് കലാകൌമുദി ആഴ്ചപ്പതിപ്പിനും http://malayal.am വെബ് പോര്‍ട്ടലിനും വേണ്ടി ഡോ. തോമസ് ഐസക്കുമായി അഭിമുഖം നടത്താന്‍ തയ്യാറായത്.

ലോട്ടറി മാഫിയയ്ക്കെതിരെ നടപടിയെടുക്കേണ്ട കേന്ദ്രസര്‍ക്കാര്‍ ആറുവര്‍ഷമായി നിസംഗത തുടരുന്നു. ആ നിസംഗതയ്ക്കാകട്ടെ, രാഷ്ട്രീയഭേദമില്ല. യുഡിഎഫ് ഭരണകാലത്ത് കേന്ദ്രം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവഗണിച്ചു, ഇപ്പോള്‍ വിഎസിനെയും. ഇതിനെതിരെ നമ്മുടെ ഒരു മാദ്ധ്യമത്തിനും ധാര്‍മ്മിക രോഷമില്ല.

യഥാര്‍ത്ഥത്തില്‍ കൈരളിയിലെ ലൈവ് നറുക്കെടുപ്പും സാന്റിയാഗോ മാര്‍ട്ടിന്‍ ദേശാഭിമാനിയ്ക്ക് നല്‍കിയ മുന്‍കൂര്‍ പരസ്യത്തുകയും സംബന്ധിച്ച് നിഗൂഢത ഉയര്‍ത്തുമ്പോള്‍, കേന്ദ്രത്തിന്റെ നിസംഗത, ഓൺലൈന്‍ ലോട്ടറിക്കേസില്‍ ചിദംബരം ലോട്ടറിക്കാര്‍ക്കുവേണ്ടി വാദിക്കാനെത്തിയത്, കോടതിയില്‍ തോറ്റ വാദങ്ങള്‍ ചട്ടങ്ങളായി രൂപപ്പെട്ടത്, സോളിസിറ്റര്‍ ജനറല്‍ ലോട്ടറി മാഫിയയ്ക്കു നല്‍കിയ നിയമോപദേശവും ഡിവിഷന്‍ ബഞ്ചില്‍ അവര്‍ക്കനുകൂലമായി സ്വീകരിച്ച നിലപാടും, നളിനി ചിദംബരം തുടര്‍ച്ചയായി ലോട്ടറി മാഫിയയ്ക്കു വേണ്ടി ഹാജരാകുന്നത് ഇതൊക്കെ നമ്മുടെ മാദ്ധ്യമങ്ങള്‍ സമര്‍ത്ഥമായി മറച്ചുവയ്ക്കുകയാണ്, ഡോ. തോമസ് ഐസക്‍ രോഷാകുലനാവുന്നു.

പ്രമാദമായ ലോട്ടറി വിവാദത്തെ കുറിച്ച് ഡോ. തോമസ് ഐസക്കുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപമാണിത്. സ്ഥലപരിമിതി മൂലം കലാകൌമുദിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയ ചോദ്യോത്തരങ്ങള്‍ സഹിതം തുടര്‍ന്നു വായിക്കുക.