#കേരളം

ഗൗരിയമ്മയ്ക്കെതിരെ കോണ്‍ഗ്രസ്

07 Dec, 2010

തിരു: ഇടഞ്ഞുനിൽക്കുന്ന ഗൗരിയമ്മയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രതികരിച്ചുതുടങ്ങുന്നു. ഇന്നലെ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെല്ലാം ഗൗരിയമ്മയുടെ നിലപാടുകളെ വിമർശിച്ചുവെന്നാണ് അറിയുന്നത്. രമേശ് ചെന്നിത്തല, സിപി മുഹമ്മദ്, അജയ് തറയില്‍ തുടങ്ങിയ നേതാക്കമാരെല്ലാം ഗൗരിയമ്മയ്ക്കെതിരെ ആഞ്ഞടിച്ചു.

യുഡിഎഫിനു പുറത്തുനിന്ന് കളിക്കുന്നവരെ കൂടെക്കൂട്ടേണ്ട കാര്യമില്ലെന്നാണ് പൊതുവേ ഉയര്‍ന്നുവന്ന അഭിപ്രായം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഗൗരിയമ്മ നേരിട്ട് വന്ന് പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഉഭയകക്ഷി ചര്‍ച്ച നടത്തണമെങ്കില്‍ അതുമാകാമെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം നടക്കണമെങ്കില്‍ ഗൗരിയമ്മ മുന്നണി യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നേതാക്കള്‍ പൊതുവായി ഉയര്‍ത്തിയ ആവശ്യം.

ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഗൗരിയമ്മ വന്നില്ലെങ്കില്‍ ജെഎസ്എസിലെ ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്ന് പറയണമെന്ന് ഒരു വിഭാഗം നേതാക്കന്മാര്‍ വ്യക്തമാക്കി.