#വർത്തമാനം

തിരിച്ചടിക്കുള്ള സമയം, ഇന്‍ഫോവാര്‍ തുടങ്ങി

നെറ്റ് ന്യൂട്രാലിറ്റിക്കും അഭിപ്രായസ്വാതന്ത്ര്യസംരക്ഷണത്തിനുമായി നടക്കുന്ന സൈബർപോരാട്ടത്തിൽ പക്ഷംചേരുവാൻ malayal.am സന്നദ്ധമാവുന്നു. വിക്കിലീക്ക്സിനായി ഒരു മിറര്‍ സൈറ്റും ഒരു റീഡയറക്ഷന്‍ യുആര്‍എല്ലും സൃഷ്ടിച്ചുകൊണ്ട് ഞങ്ങൾ രംഗത്തെത്തുകയാണ്. ഇന്നുമുതല്‍ http://wikileaks.malayalarajyam.com എന്ന വിലാസത്തില്‍ വിക്കിലീക്ക്സിന്റെ മിറര്‍ ലഭ്യമാണ്. ഞങ്ങള്‍ക്ക് ലഭ്യമായ വിവരം അനുസരിച്ച് ഒരു മലയാളം വെബ് പോര്‍ട്ടലിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വിക്കിലീക്ക്സ് മിറര്‍ ആണിത്. http://wikileaks.malayal.am എന്ന വിലാസത്തില്‍ നിന്നും മേല്‍ക്കുറിച്ച വിലാസത്തിലേക്ക് റീഡയറക്ഷനും സെറ്റ് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ http://malayalarajyam.com/wikileaks എന്ന വിലാസത്തിലും വിക്കിലീക്ക്സ് ഡേറ്റ ലഭ്യമാണ്.

നേരത്തെ http://malayal.am എന്ന ഡൊമെയ്ന്‍ ഹാക്ക് പരിചിതമാവുംവരെ, സന്ദര്‍ശകര്‍ക്ക് ഓര്‍മ്മയില്‍ കൊണ്ടുവരാവുന്ന ഡൊമെയ്ന്‍ നെയിം എന്ന നിലയില്‍ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വിലാസമാണ് http://malayalarajyam.com. സ്വന്തമായി ഡൊമെയ്ന്‍ നാമം കൈവശമുള്ള ഓരോരുത്തരോടും ഞങ്ങളോടൊപ്പം ഈ പോരാട്ടത്തില്‍ പങ്കുചേരുവാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.

വിവിധ ലോകരാഷ്ട്രങ്ങളിലെ യുഎസ് ഇടപെടലുകള്‍ വെളിവാക്കിയ വിക്കിലീക്ക്സിനുനേരെ തുടരെയുണ്ടായ ആക്രമണങ്ങളാണ് ഈ പോരാട്ടത്തില്‍ കണ്ണിചേരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ആദ്യം everyDNS എന്ന സേവനദാതാവ് wikileaks.org എന്ന ഡൊമെയ്ന്‍ ബ്ലോക്ക് ചെയ്യുകയും തുടര്‍ന്ന് ആമസോൺ ക്ലൌഡില്‍ നിന്ന് അതിന്റെ ഹോസ്റ്റിങ് എടുത്തുമാറ്റുകയും ചെയ്തു. തുടര്‍ന്ന് Paypal വിക്കിലീക്ക്സിനുള്ള സംഭാവന സ്വീകരിക്കുന്നതുനിര്‍ത്തി. അതേവരെ ലഭിച്ചതില്‍ കൈമാറാത്ത തുക ബ്ലോക്ക് ചെയ്യുകയുമുണ്ടായി. തൊട്ടുപിന്നാലെ വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ചെയുടെ സ്വകാര്യ അക്കൌണ്ടും ഡിഫന്‍സ് ഫണ്ടും സ്വിസ് പോസ്റ്റ് ഫിനാന്‍സ് ബാങ്ക് മരവിപ്പിച്ചു. പേപ്പാളിന്റെ പാത പിന്തുടര്‍ന്ന് ആദ്യം മാസ്റ്റര്‍കാര്‍ഡും പിന്നീട് വിസ കാര്‍ഡും വിക്കിലീക്ക്സിനുള്ള സംഭാവനകള്‍ കൈമാറുന്നത് നിര്‍ത്തിവച്ചു. വിക്കിലീക്ക്സിനു നേരെ DDOS ആക്രമണങ്ങളുണ്ടായി.