#രാഷ്ട്രീയം

അനോണിമസ് തന്ത്രം മാറ്റുന്നു, ഇനി ഓപ്പറേഷന്‍ ലീക്ക്സ്പിന്‍

വിക്കിലീക്ക്സുമായുള്ള ബന്ധം വിച്ഛേദിച്ച വിസ കാർഡ്, മാസ്റ്റര്‍കാര്‍ഡ്, പേപാൾ തുടങ്ങിയ സേവനദാതാക്കളുടെ വെബ് സര്‍വറുകള്‍ക്കെതിരെ ഡിഡിഒഎസ് ആക്രമണം അഴിച്ചുവിട്ട അനോണിമസ് തന്ത്രം മാറ്റുന്നു. ഓപ്പറേഷൻ പേബാക്ക് എന്നു് ഓമനപ്പേരിട്ട ഒളിയാക്രമണം അവര്‍ നിര്‍ത്തുകയാണു്. കളിമാറി, അതിനൊപ്പം തങ്ങളുടെ തന്ത്രങ്ങളും മാറണം എന്നു പ്രഖ്യാപിച്ചുകൊണ്ടാണു് ഇവരുടെ കളംമാറ്റം.

ഓപ്പറേഷന്‍ ലീക്ക്സ്പിന്‍ എന്നാണു് ഇവരുടെ പുതിയ നീക്കത്തിന്റെ വിളിപ്പേരു്. വിക്കിലീക്ക്സ് വെബ്സൈറ്റ് തിരഞ്ഞ് അധികം ശ്രദ്ധിക്കപ്പെടാതെ പോയ വന്‍അട്ടിമറികള്‍ കണ്ടെത്തി അവയുടെ സംക്ഷിപ്തം പൂര്‍ണ്ണസ്രോതസ്സിലേക്കുള്ള ലിങ്ക് സഹിതം കഴിയാവുന്നിടത്തെല്ലാം നൽകുക എന്നതാണ് ഓപ്പറേഷന്‍ ലീക്ക്സ്പിന്നിന്റെ രീതി.

ഇതുവഴി വെബ് ഉപയോക്താക്കളെ ഈ വെളിപ്പെടുത്തലുകള്‍ കൂടുതലായി വായിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ലീക്ക്സിലെ വിവരങ്ങള്‍ വായിക്കുന്ന ഒന്നോ രണ്ടോ മിനിറ്റുള്ള യൂട്യൂബ് വീഡിയോകള്‍ സൃഷ്ടിക്കാനും അനോണിമസ് അവരുടെ ബ്ലോഗിലൂടെ ആഹ്വാനം ചെയ്യുന്നു.