#മുഖം

ശങ്കരന്‍ക്കുട്ടിയും മലയാള സിനിമയും

17 Dec, 2010

മലയാള സിനിമയിൽ രണ്ടു ശങ്കരൻകുട്ടിമാരുണ്ട്‌. ഒന്നാമത്തേത്‌ അടൂർ ഗോപാലകൃഷ്‌ണന്റെ കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി. ചെണ്ടപ്പുറത്ത്‌ കോലുവീഴുന്നിടത്തെല്ലാം വെളുക്കുവോളം കറങ്ങിനടന്ന്‌ പകല്‍ തഴപ്പായില്‍ ചുരുണ്ടുറങ്ങുന്ന ചെണ്ടക്കോലുപോലുള്ള ഒരാൾ. ഉത്സവമേളങ്ങളുടെ ഇടയിലെ ആലസ്യമാണ്‌ ശങ്കരന്‍കുട്ടിയുടെ ജീവിതതാളം. �എന്തൊരു സ്‌പീഡ്‌!� എന്നൊരാള്‍. രണ്ടാമത്തേത്‌ ഐഎഫ്‌എഫ്‌കെയുടെ ശങ്കരന്‍കുട്ടിയാണ്‌.

ശങ്കരന്‍കുട്ടിച്ചേട്ടന്‍. തോളില്‍ ഒരു കറുത്ത ലതര്‍ ബാഗുമായി ഫെസ്റ്റിവല്‍ ഓഫീസിലും പരിസരങ്ങളിലും തിരക്കിട്ട്‌ നടക്കുന്ന ഒരാള്‍. നല്ലതും ചീത്തയുമായ സിനിമകളുടെ ഇടവേളകളില്‍ ഇയാളെ നമ്മള്‍ കാണുന്നുണ്ട്‌. 1964ല്‍ പത്തൊമ്പതാമത്തെ വയസ്സില്‍ മദിരാശി നഗരത്തില്‍ എത്തിപ്പെട്ടു ശങ്കരന്‍കുട്ടി. ഫോട്ടോഗ്രാഫി അറിയാമായിരുന്നതുകൊണ്ട്‌ സുഹൃത്തും നാട്ടുകാരനുമായ ഇരിങ്ങാലക്കുടക്കാരന്‍ വേണു ജി. വിജയവാഹിനി സ്റ്റുഡിയോയിലെ സ്റ്റില്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ ചീഫ്‌ ഗോപന്‍ നായരെ പരിചയപ്പെടുത്തി.

പതിനെട്ട്‌ ഫ്‌ളോറുകളുണ്ടായിരുന്ന സൗത്ത്‌ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോയില്‍ അങ്ങനെ അപ്രന്റീസായി ജോലിയില്‍ പ്രവേശിച്ചു. ശമ്പളം എൺപതു രൂപ. അതില്‍നിന്ന്‌ ഇരുപതു രൂപ അമ്മയ്‌ക്ക്‌ അയച്ചുകൊടുക്കുമായിരുന്നു. ഫിലിം വൈന്‍ഡര്‍ ആയിട്ടായിരുന്നു തുടക്കം. അതുകഴിഞ്ഞ്‌ സൗണ്ട്‌ പ്രിന്റര്‍ ആയി. പിന്നെ പികചര്‍ പ്രിന്ററും. ഏഴുവര്‍ഷക്കാലം അവിടെ ജോലി ചെയ്‌തു. അവിടുത്തെ ചീഫ്‌ ആയിരുന്ന എന്‍. സി. സെന്‍ഗുപ്‌ത ന്യൂ ഈറ ഫിലിം ലബോറട്ടറി തുടങ്ങിയപ്പോള്‍ കൂടെക്കൂട്ടി. ടേപ്പ്‌ റേക്കോഡര്‍ ഇല്ലാതിരുന്ന അക്കാലത്ത്‌ സൗണ്ട്‌ പോസ്റ്റീവിലേക്ക്‌ പ്രിന്റ്‌ ചെയ്‌തിട്ട്‌ തീയറ്ററില്‍ ഇട്ടാണ്‌ മ്യൂസിക്‌ ഡയറക്‌ടറും ലിറിസിസ്റ്റുമൊക്കെ കേള്‍ക്കുന്നത്‌.

അങ്ങനെ ദേവരാജന്‍ മാസ്റ്റര്‍, അര്‍ജ്ജുനന്‍ മാസ്റ്റര്‍ തുടങ്ങിയവരുമായി അടുപ്പത്തിലായി. ഉദയായുടെയും മഞ്ഞിലാസിന്റെയുമൊക്കെ പടങ്ങള്‍ അവിടെയാണ്‌ പ്രോസസ്സ്‌ ചെയ്യുന്നത്‌. �ഒരിക്കല്‍ ഓളവും തീരവും സിനിമയുടെ പ്രിന്റ്‌ കാണുന്നില്ല. അപ്പോള്‍ പി. എന്‍. മേനോനും ബക്കറുമൊക്കെ എന്റെ അടുത്തു വന്നു. ഷിഫറ്റില്‍ ജോലി ചെയ്യുന്ന തമിഴന്‍മാര്‍ എടുത്തു കൊടുക്കാത്തതാണ്‌. ഞാന്‍ ചെന്ന്‌ എടുത്തുകൊടുത്തു. അപ്പോള്‍ നൂറു രൂപ എനിക്കുതന്നു. ഞാന്‍ പറഞ്ഞു, പത്തു പൈസ എനിക്ക്‌ വേണ്ട. നമ്മളൊക്കെ മലയാളികളാണ്‌�. അങ്ങനെ പ്രശസ്‌തരായ എല്ലാവരുമായിച്ചേര്‍ന്ന്‌ ഒരുപാട്‌ ഓര്‍മ്മകള്‍.

 �രാമു കാര്യാട്ടിന്റെ മായയില്‍ അസിസ്റ്റന്റായി വര്‍ക്ക്‌ ചെയ്യാന്‍ കെ. ജി. ജോര്‍ജ്ജ്‌ വരുന്നു. കാര്യാട്ട്‌ സാര്‍ എന്നോട്‌ പറഞ്ഞു, ശങ്കരന്‍കുട്ടി ഇയാളെ കെയര്‍ ചെയ്‌തോളണം എന്ന്‌. പിന്നെ കുറേനാള്‍ ഞങ്ങള്‍ ഒരുമിച്ചു താമസിച്ചു. കെ. പി. കുമാരന്‍, ഹരിഹരന്‍, പി. ജെ. ആന്റണി, ഐ. വി. ശശി എന്നിവരെയും പരിചയപ്പെട്ടു�.

1974ല്‍ യേശുദാസ്‌ മ്യൂസിക്‌ ഡയറക്ഷന്‍ ചെയ്‌ത താളപ്പിഴ എന്ന ചിത്രത്തിന്റെ വര്‍ക്ക്‌ കഴിഞ്ഞ്‌ അദ്ദേഹം ജറൂസലേമിലേക്ക്‌ പോയി. പക്ഷേ ആറുമാസം കഴിഞ്ഞിട്ടും പ്രിന്റ്‌ വാങ്ങാന്‍ പ്രൊഡ്യൂസര്‍മാര്‍ വന്നില്ല. അന്ന്‌ ശങ്കരന്‍കുട്ടി തന്റെ കൈയിലെ സ്വന്തം കാശെടുത്ത്‌ നാലുപാട്ടുകളുടെ സൗണ്ട്‌ നെഗറ്റീവ്‌ വാങ്ങി ഡെവലപ്പ്‌ ചെയ്‌തു വച്ചു. �പക്ഷേ അവര്‍ക്ക്‌ പടമെടുക്കാന്‍ നിവൃത്തിയില്ല. അമ്പതിനായിരം രൂപകൂടി വേണം. ഞാന്‍ പറഞ്ഞു എണ്‍പതിനായിരം രൂപ ഞാന്‍ വാങ്ങിത്തരാമെന്ന്‌. അന്ന്‌ ലാബില്‍ നിന്ന്‌ ഫൈനാന്‍സ്‌ ചെയ്യുന്ന രീതിയുണ്ട്‌. അങ്ങനെ എണ്‍പതിനായിരം രൂപ എന്റെ പേരില്‍ അവര്‍ക്കു കൊടുത്തു. അവരുടെ കൈയില്‍ കൊടുത്താല്‍ അവര്‍ മുങ്ങിയാല്‍ എന്തുചെയ്യും�.

�അതുകഴിഞ്ഞ്‌ തോന്നി എന്തിനാണിങ്ങനെ മറ്റുള്ളവര്‍ക്കുവേണ്ടി പണം വാങ്ങുന്നത്‌? സ്വന്തമായി പ്രൊഡ്യൂസ്‌ ചെയ്‌തുകൂടേ എന്ന്‌. അങ്ങനെയാണ്‌ കെ. പി. കുമാരനെ വച്ച്‌ 1978ല്‍ നിര്‍വൃതി എന്ന പടം ചെയ്യുന്നത്‌. ഒരു റോള്‍ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫിലിമിന്‌ ഇരുന്നൂറ്റമ്പത്‌ രൂപ മാത്രമുണ്ടായിരുന്ന അക്കാലത്ത്‌ എഴുപതിനായിരം രൂപയായിരുന്നു മുടക്കുമുതല്‍. പക്ഷേ ആ പടം 1978 ഡിസംബര്‍ 31ന്‌ സെന്‍സര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ പല ഡിസ്‌ട്രിബ്യൂട്ടേഴ്‌സിനേയും കാണിച്ചു. പക്ഷേ ആരും എടുത്തില്ല. അതിന്റെ നെഗറ്റീവ്‌ പോലും ഇന്നില്ല. ഈ പടത്തിലാണ്‌ ലിസി ആദ്യം അഭിനയിക്കുന്നത്‌, ഒരു നൃത്തരംഗത്തില്‍ നായിക ലിസിയെ ഡാന്‍സ്‌ പഠിപ്പിക്കുന്ന സീന്‍�.

�പിന്നെ കെ. ജി. ജോര്‍ജ്ജിനെക്കൊണ്ട്‌ ഇരകള്‍ എന്നൊരു പടം എടുക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ സഹനിര്‍മ്മാതാവായ ഭരതന്‍ പിഷാരടിയുടെ മരണം കാരണം അത്‌ നടന്നില്ല. പിന്നെയാണ്‌ 1984ല്‍ മറ്റൊരാള്‍ എന്ന ചിത്രം കെ. ജി. ജോര്‍ജ്ജിനെക്കൊണ്ട്‌ സംവിധാനം ചെയ്യിക്കുന്നത്‌. ഇതില്‍ മമ്മൂട്ടി അഭിനയിക്കണമെന്ന്‌ ഇങ്ങോട്ട്‌ ആവശ്യപ്പെടുകയായിരുന്നു.

ഈ ചിത്രത്തിലാണ്‌ ഇരുട്ടില്‍, സ്‌ക്രീനില്‍ ആദ്യമായി പ്രൊഡ്യൂസ്‌ഡ്‌ ബൈ ശങ്കരന്‍കുട്ടി എന്ന്‌ എഴുതിക്കാണിക്കുന്നത്‌. കൂടെ എ. വി. പുന്നൂസിന്റെ പേരും. സാമ്പത്തികമായി നഷ്‌ടം വരുന്ന രീതിയിലായിരുന്നെങ്കിലും ചാനലുകളൊക്കെ വന്നപ്പോള്‍ പടത്തിനു കുറച്ചു കാശു കിട്ടി. ഒന്‍പതു ലക്ഷമായിരുന്നു പ്രൊഡക്ഷന്‍ കോസ്റ്റ്‌. പിന്നെ കഥ കഥ കാരണം എന്ന പി. എന്‍. മേനോന്‍ സംവിധാനം ചെയ്‌ത സീരിയല്‍ ചെയ്‌തു. ആറു ലക്ഷത്തോളം ലാഭം കിട്ടി.

ശങ്കരന്‍കുട്ടി ഇപ്പോള്‍ വേറൊരു റോളിലാണ്‌. പാസഞ്ചര്‍ എന്ന രഞ്‌ജിത്ത്‌ ശങ്കറിന്റെ പടത്തില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌. അങ്ങാടിത്തെരുവിന്റെ സംവിധായകന്‍ ജയമോഹന്റെ തിരക്കഥയില്‍ ഒരു പടം ആലോചിക്കുന്നുണ്ട്‌. മധുപാലിനെ വച്ചും ഒരെണ്ണം ആലോചിക്കുന്നു.

ആദ്യത്തെ ഐ.എഫ്‌.എഫ്‌.കെ. മുതല്‍ പല കാര്യങ്ങളുമായി ഓടിനടക്കുന്ന ശങ്കരന്‍കുട്ടിച്ചേട്ടന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്‌. മരിക്കുന്നതിനു മുന്‍പ്‌ താന്‍ നിര്‍മ്മിച്ച ഒരു നല്ല ചിത്രവുമായി ഫെസ്റ്റിവലില്‍ എത്തണമെന്ന്‌. �താജിലും മസ്‌ക്കറ്റിലുമൊന്നും താമസിക്കാനല്ല, അപ്പോഴും ഞാന്‍ മണക്കാട്‌ താമസിച്ചോളാം, പക്ഷേ എനിക്ക്‌ ഒരു നല്ല പടം നിര്‍മ്മിക്കണം. അത്രമാത്രം�.

സജിന്‍ പി. ജെ