#കാർട്ടൂൺ

റ്റോംസിന്റെ ബോബനും മോളിയും അവതരിപ്പിക്കുന്ന സമൂഹം

04 Jan, 2011

നർമ്മത്തിന്റെ ചുവടുപിടിച്ച്‌ സൂക്ഷ്‌മചിന്തയിലേക്ക്‌ നയിക്കുന്നതാണ്‌ കാര്‍ട്ടൂണുകൾ. പരിഹസിക്കപ്പെടുന്നത്‌ ഒരു സമൂഹമായിരിക്കാം അല്ലെങ്കിൽ ആശയങ്ങളായിരിക്കാം. ഇത്തരത്തിലുള്ള ഒരു സാമൂഹ്യ പരിഹാസവും നര്‍മ്മവുമാണ്‌ റ്റോംസ്‌ (വി.ടി തോമസ്‌) ബോബനും മോളിയും എന്ന കോമിൿ സ്റ്റ്രിപ്പില്‍ ചെയ്യുന്നത്‌. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട്‌ ബോബനും മോളിയും അവതരിപ്പിക്കുന്ന സമൂഹം, ഹാസ്യം എന്നിവയെ കണ്ടെത്തുന്നതിനുള്ള ശ്രമമാണ്‌ ഈ പഠനം.

കോമിക്‍ സ്‌ട്രിപ്പുകള്‍

തുടര്‍ച്ചിത്രങ്ങളിലൂടെ വിവിധ കഥാസന്ദര്‍ഭങ്ങളില്‍ സ്ഥിരം കഥാപാത്രങ്ങളെ രൂപപ്പെടുത്തിയവയാണ്‌ കോമിക്‍സ്‌ട്രിപ്പുകള്‍. കുട്ടികളുടെ മാസികകളില്‍ ഫാന്റം, മാൻഡ്രേക്ക്‌, മായാവി പോലുള്ള അസാധാരണ കഥാപാത്രങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ ഒരു രൂപം കൈവന്നു. ബാലരമ, ബാലമംഗളം, പൂമ്പാറ്റ, കുട്ടികളുടെ ദീപിക തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍, തനതായ കോമിക്‍ കഥാപാത്രങ്ങളെ സൃഷ്‌ടിച്ചിരുന്നു. മായാവി, ഡിങ്കന്‍, നമ്പോലന്‍, കപീഷ്‌, കിഷ്‌കു തുടങ്ങിയ കഥാപാത്രങ്ങള്‍ അവയില്‍ ജനപ്രിയങ്ങളാണ്‌. പ്രസ്‌തുത കഥാപാത്രങ്ങള്‍ എല്ലാംതന്നെ അമാനുഷിക ശക്തിയുള്ളവരായിരുന്നു. എന്നാല്‍ അവയില്‍ നിന്നൊക്കെ വ്യത്യസ്‌തത പുലര്‍ത്തിയിരുന്ന കാര്‍ട്ടൂൺ സ്‌ട്രിപ്പായിരുന്നു റ്റോംസിന്റെ ബോബനും മോളിയും. കോമിക്കിലുപരി സാമൂഹ്യ വിമര്‍ശനത്തിനും നര്‍മ്മത്തിനും പ്രാധാന്യം കൊടുക്കുന്നതായിരുന്നു അതിന്റെ ആവിഷ്‌കാരരീതി.

ബോബനും മോളിയും