#കേരളീയം

കരുണാകരന്‍ നേതൃത്വം കൊടുത്ത ഉരുട്ടല്‍ വിദ്യ

ഞാനൊന്നും അറിയില്ല എന്ന കരുണാകരന്റെ ഭാവം യഥാർഥത്തിൽ പച്ചക്കള്ളമാണ്‌. കാരണം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റുകാരെ ടോര്‍ച്ചര്‍ ചെയ്‌ത്‌ ശീലമുള്ളവരെ തെരഞ്ഞെടുത്ത്‌ ഇവിടേയ്‌ക്ക്‌ അയച്ചത്‌ എങ്ങിനെ നിഷ്‌കളങ്കമാകും? അടിയന്തരാവസ്ഥാ തടവുകാരനായിരുന്ന ശംഭുദാസ്‌. കെ എഴുതുന്നു . കേരളീയം കരുണാകരൻ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം :

കെ. കരുണാകരനെക്കുറിച്ച്‌ പെട്ടെന്ന്‌ ഓര്‍മ്മ വരുക അതിവേഗതയിലുള്ള അദ്ദേഹത്തിന്റെ ബെന്‍സ്‌ കാര്‍ യാത്ര വികലാംഗരാക്കിയവരെക്കുറിച്ചാണ്‌. ആയിരത്തിലധികം വരും ആ വേഗതയുടെ തിക്താനുഭങ്ങൾ അനുഭവിക്കുന്നവര്‍. അവരെ സംഘടിപ്പിക്കാനുള്ള ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ കരുണാകരന്‍ മരിച്ച ദിവസം ഇവരേയും കൂട്ടി ആ മൃതശരീരം കാണാന്‍ ഒരു ജാഥയായി പോകാന്‍ ആഗ്രഹിച്ചിരുന്നു. തേരാളിയായ കൃഷ്‌ണനെ ഭജിക്കുന്നതുകൊണ്ടായിരിക്കണം അയാള്‍ക്ക്‌ ഇത്ര സ്‌പീഡ്‌.

അടിയന്തരാവസ്ഥയിലെ പീഡനങ്ങള്‍ക്ക്‌ കരുണാകരന്‍ ഉത്തരാവാദിയായിരുന്നോ എന്നാണ്‌ മറ്റൊരു ചോദ്യം. ഞാനൊന്നും അറിയില്ല എന്ന കരുണാകരന്റെ ഭാവം യഥാര്‍ഥത്തില്‍ പച്ച കള്ളമാണ്‌. കാരണം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റുകാരെ ടോര്‍ച്ചര്‍ ചെയ്‌ത്‌ ശീലമുള്ളവരെ തെരഞ്ഞെടുത്ത്‌ ഇവിടേയ്‌ക്ക്‌ അയച്ചത്‌ എങ്ങിനെ നിഷ്‌കളങ്കമാകും?

ടോര്‍ച്ചര്‍ വിദഗ്‌ധരെ ഇവിടേയ്‌ക്ക്‌ കൊണ്ടുവരാന്‍ തീരുമാനിച്ചത്‌ ഒന്നും അറിയാതെയാവില്ല എന്ന്‌ ഉറപ്പാണ്‌. ഉദ്യോഗസ്ഥരല്ലല്ലോ അത്‌ തീരുമാനിക്കുന്നത്‌. അന്തിമ തീരുമാനം തലപ്പത്ത്‌ നിന്നാണല്ലോ ഉണ്ടാകുക.